ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍; ഇറാനുമായി ചേര്‍ന്ന് സംയുക്ത പദ്ധതിക്കൊരുങ്ങി ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍; ഇറാനുമായി ചേര്‍ന്ന് സംയുക്ത പദ്ധതിക്കൊരുങ്ങി ട്രംപ്

അമേരിക്കയ്ക്ക് പ്രതിദിനം 240 ദശലക്ഷം ഡോളര്‍ വരെ വരുമാനം.

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് അമേരിക്കയും ഇറാനും ചേര്‍ന്ന് സംയുക്തമായി ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള രണ്ടാഴ്ചത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്ത്രപ്രധാന ജലപാതയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ട്രംപിന്റെ പുതിയ നീക്കം.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റ് ശക്തികളില്‍ നിന്ന് ഈ പാതയെ സംരക്ഷിക്കുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതിനെ ട്രംപ് വിശേഷിപ്പിച്ചത്. ദിവസം ശരാശരി 120 കപ്പലുകള്‍ കടന്ന് പോകുന്ന ഈ പാതയില്‍ ഓരോ കപ്പലിനും 20 ലക്ഷം ഡോളര്‍ വീതം ടോള്‍ ഈടാക്കിയാല്‍ അമേരിക്കയ്ക്ക് പ്രതിദിനം 240 ദശലക്ഷം ഡോളര്‍ വരെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ സൈനികമായി പരാജയപ്പെട്ടുവെന്നും യു.എസ് ആണ് യുദ്ധത്തില്‍ വിജയിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അതിനാല്‍ ടോള്‍ പിരിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസ് സൈന്യം നേരിട്ട് ഏറ്റെടുത്തേക്കുമെന്നാണ് അദേഹം നല്‍കുന്ന സൂചന.

ആഗോള എണ്ണ നീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ആഗോള ചരക്ക് നീക്കത്തെയും ഇന്ധനവിലയെയും സാരമായി ബാധിക്കും. ഇറാന്‍ നിലവില്‍ ചില കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ തന്ത്രം പുറത്ത് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.