ഗാസ സിറ്റി: ഇസ്രയേലുമായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം ഹമാസിന് മനംമാറ്റം. തങ്ങളുടെ പക്കലുള്ള ചില ആയുധങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു.
തങ്ങളുടെ ആഭ്യന്തര സുരക്ഷാ സേനയുടെയും പൊലീസിന്റെയും പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളും വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' എന്ന അന്താരാഷ്ട്ര സംഘടനയുടെ കീഴില്‍ ഗാസയുടെ ഭരണം നടത്താന്‍ രൂപീകരിച്ച പാലസ്തീന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും ഈ ആയുധങ്ങള്‍ കൈമാറുക. ആയുധങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസ് തയ്യാറാകുന്നത് തീവ്രവാദ സംഘടനയുടെ നിലപാടിലുണ്ടായ വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.
എങ്കിലും ഹമാസിന്റെ ഈ നീക്കം ഗാസയുടെ പൂര്‍ണമായ നിരായുധീകരണം എന്ന ഇസ്രയേലിന്റെയും ട്രംപിന്റെയും പദ്ധതികളോട് പൂര്‍ണമായും യോജിക്കുന്നതല്ല. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പക്കലുള്ള ആന്റി-ടാങ്ക് റോക്കറ്റുകള്‍ ഉള്‍പ്പെടെ വലിയ ആയുധശേഖരം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റത്തിനും പുനര്‍നിര്‍മാണത്തിനുമായി ഹമാസ് എല്ലാ ആയുധങ്ങളും ഉപേക്ഷിക്കണമെന്ന് ബോര്‍ഡ് ഓഫ് പീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗാസയുടെ നിയന്ത്രണം പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ഹമാസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൊതുസേവനങ്ങളുടെ ഉത്തരവാദിത്വം കൈമാറാന്‍ തയ്യാറാണെങ്കിലും പലസ്തീന്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരാനും ഇസ്രയേലിനെതിരായ പ്രതിരോധം തുടരാനും ഹമാസ് പദ്ധതിയിടുന്നു. നിലവിലുള്ള ഹമാസ് ഭരണകൂടത്തിലെ പല ജീവനക്കാരെയും, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥരെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് ഓഫ് പീസ് തയ്യാറായേക്കും.
ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കെയ്‌റോയില്‍ നടക്കുകയാണ്. സാധാരണയായി വിദേശത്തുള്ള ഹമാസ് നേതാക്കളാണ് ഇത്തരം കാര്യങ്ങളില്‍ സംസാരിക്കാറുള്ളതെങ്കിലും, ഇത്തവണ ഗാസയ്ക്കുള്ളിലുള്ള നേതാക്കളും തീരുമാനങ്ങളില്‍ നിണായക പങ്ക് വഹിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.