വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനാരോഹണം ചെയ്തിട്ട് ഒരാണ്ട് തികയുന്നു. 2025 മെയ് എട്ടിന് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് 'ഡാർക്ക് ഹോഴ്സ്' ആയി കടന്നു വന്ന ചിക്കാഗോ മുൻ ആർച്ച് ബിഷപ്പ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കരുണയുടെയും സമാധാനത്തിന്റെയും കരുത്തുറ്റ ശബ്ദമായി മാറി.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ തന്റെ ഭരണത്തിന്റെ ഒന്നാം വാർഷികം പൂർത്തിയാക്കുമ്പോൾ ആഗോള സഭയിലും ലോക രാഷ്ട്രീയത്തിലും അദേഹം വരുത്തിയ മാറ്റങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മണ്ണിൽ നിന്ന് പത്രോസിന്റെ സിംഹാസനത്തിൽ എത്തുന്ന ആദ്യത്തെ പാപ്പയായ അദേഹം ചിക്കാഗോയുടെ കരുത്തും തെക്കേ അമേരിക്കൻ മിഷനറി അനുഭവങ്ങളും സമന്വയിപ്പിച്ചാണ് സഭയെ നയിക്കുന്നത്.
തന്റെ ഭരണത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ലോകത്തിലെ വിവിധ സംഘർഷ മേഖലകളിൽ വ്യക്തവും ശക്തവുമായ നിലപാടുകൾ എടുക്കാൻ പാപ്പ തയ്യാറായി. കേവലം മതപരമായ ചടങ്ങുകളിൽ ഒതുങ്ങാതെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെയും ശബ്ദമായി അദേഹം മാറി.
യുക്രെയ്ൻ നേരിടുന്ന അധിനിവേശ അക്രമങ്ങളെ ശക്തമായി അപലപിച്ച പാപ്പ അത് ലോകമനസാക്ഷിക്കേറ്റ മുറിവാണെന്ന് ആവർത്തിച്ചു. പാലസ്തീനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങളിൽ യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും എല്ലാ വിഭാഗങ്ങളുടെയും അന്തസിനെ മാനിക്കുന്ന സമാധാനമാണ് ഉണ്ടാകേണ്ടതെന്നും അദേഹം ഓർമ്മിപ്പിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ മുറുകിയപ്പോൾ യുദ്ധം ന്യായീകരിക്കാൻ മതപരമായ ഭാഷ ഉപയോഗിക്കുന്നതിനെ എതിർത്തു. "യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ല" എന്ന പാപ്പായുടെ പ്രസ്താവന ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ഒരു അമേരിക്കക്കാരനായിരുന്നിട്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പല നിർണായക വിഷയങ്ങളിലും പാപ്പയ്ക്ക് തുറന്ന അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ടി വന്നു. കുടിയേറ്റക്കാരോടുള്ള കർശന നിലപാടുകളും ഇറാനെതിരായ സൈനിക ഭീഷണികളും സഭയുടെ മാനവിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സുവിശേഷ തത്വങ്ങളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പാപ്പ ആവർത്തിച്ചു.
ചിക്കാഗോയിൽ ജനിച്ച അദേഹം അഗസ്റ്റീനിയൻ സന്യാസ സഭാംഗമാണ്. പെറുവിലെ മിഷനറി പ്രവർത്തനങ്ങളാണ് പാപ്പായുടെ വീക്ഷണങ്ങളെ രൂപപ്പെടുത്തിയത്. ഫ്രാൻസിസ് പാപ്പയുടെ അടുത്ത അനുയായിയായിരുന്ന ലിയോ പാപ്പ സഭയിൽ കൂടുതൽ ജനാധിപത്യപരമായ രീതികൾ കൊണ്ടുവരാനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്നു.
ആധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ആഗോള സമാധാനം വരെയുള്ള വിഷയങ്ങളിൽ ലിയോ പതിനാലാമൻ പുലർത്തുന്ന ധാർമ്മിക ജാഗ്രത അദേഹം ഒരു "ഗ്ലോബൽ ലീഡർ" എന്ന നിലയിലേക്ക് ഉയർന്നുവന്നതിന്റെ തെളിവാണ്. പാവപ്പെട്ടവന്റെയും അശരണന്റെയും വക്താവായി നിന്നുകൊണ്ട് ലോകത്തിന് സമാധാനത്തിന്റെ പുതിയൊരു ദിശാബോധം നൽകാനാണ് ഈ ഒന്നാം വാർഷിക വേളയിൽ ആഹ്വാനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.