അയർലണ്ടിന്റെ മണ്ണിൽ വിശ്വാസക്കടലായി 'നോക്ക്' തീർത്ഥാടനം; ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്തു

അയർലണ്ടിന്റെ മണ്ണിൽ വിശ്വാസക്കടലായി 'നോക്ക്' തീർത്ഥാടനം; ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്തു

നോക്ക്: അയർലണ്ടിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലേക്ക് മാലാഖമാരുടെ നാടിനെ സാക്ഷിയാക്കി സീറോ മലബാർ വിശ്വാസികളുടെ മഹാപ്രവാഹം. വിശ്വാസ പാരമ്പര്യങ്ങളും കേരളീയ തനിമയും ഒത്തുചേർന്ന നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിനിർഭരമായി. "നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്" എന്ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പ്രസ്താവിച്ചു.



വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റായ കർദിനാൾ മാർ ജോർജ് കൂവക്കാട് തന്റെ സന്ദേശത്തിൽ അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളെ പ്രശംസിച്ചു. പിതൃഭൂമിയിൽ നിന്ന് അകലെയാണെങ്കിലും വിശ്വാസവും പാരമ്പര്യവും അചഞ്ചലമായി കാത്തുസൂക്ഷിക്കുന്നതിൽ അവർ മാതൃകയാണെന്ന് അദേഹം പറഞ്ഞു. നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രപരമായ പ്രസക്തിയും വിശദീകരിച്ചു.



യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ തുടങ്ങി മുപ്പതോളം വൈദികർ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി. സീറോ മലബാർ സമൂഹം ഐറിഷ് സമൂഹത്തിനും ആരോഗ്യ മേഖലയ്ക്കും നൽകുന്ന സേവനങ്ങൾക്ക് നോക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. റിച്ചാർഡ് ഗിബൺസ് നന്ദി രേഖപ്പെടുത്തി.

തീർത്ഥാടനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മാതൃകാപരമായ ജീവിതം നയിക്കുന്നവരെയും ആദരിച്ചു.
ആറും അഞ്ചും മക്കളുള്ള ജോബിൻ ജോസഫ്-അനു ആന്റണി, ആനീഷ് ജെയിംസ്-ലൂതിൻ മാത്യു, ലിന്റോ ജോസഫ്-ലിജി ജോസ്, ജിൻസൺ ജോസഫ്-സ്നോബിയ മരിയ മാത്യു എന്നീ കുടുംബങ്ങളെ വേദിയിൽ ആദരിച്ചു.



ലീവിങ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐറിൻ തെരേസ സോണി, ക്രിസ് തോമസ്, മെൽവിൻ ദേവസ്യ സാവിയോ എന്നിവർക്കും എ-ലെവൽ വിജയി സ്വീറ്റി സിന്നിക്കും അവാർഡുകൾ വിതരണം ചെയ്തു. നാഷണൽ ബൈബിൾ ക്വിസ് വിജയികളായ ജോഷ് വർഗീസ്, ഇവ എൽസ സുമോദ്, ജോയൽ വർഗീസ്, ആരൻ ജോബിൻ, സ്മിത ഷാന്റോ എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി.


അൾത്താര ബാലന്മാർക്കായുള്ള പുസ്തക പ്രകാശനവും 'എസ്.എം.വൈ.എം അവേക്ക് 2026' പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് കർദ്ദിനാൾ നേരിട്ട് വിശുദ്ധ കുർബാന നൽകിയത് ശ്രദ്ധേയമായി.



വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന വർണ്ണാഭമായ വിശ്വാസ പ്രദക്ഷിണം മാർത്തോമാ നസ്രാണികളുടെ വിശ്വാസക്കരുത്ത് വിളിച്ചോതുന്നതായിരുന്നു. നൂറുകണക്കിന് മുത്തുകുടകളും പൊൻ-വെള്ളി കുരിശുകളുമായി ആയിരങ്ങൾ അണിനിരന്നു. മിഷൻ ലീഗ്, എസ്.എം.വൈ.എം, മാതൃവേദി, പിതൃവേദി പ്രതിനിധികൾ പതാകകളേന്തി.

മാലാഖമാരുടെയും വിശുദ്ധരുടെയും വേഷമണിഞ്ഞ കുട്ടികളും കേരളീയ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിന് മാറ്റ് കൂട്ടി. ജപമാല പ്രാർത്ഥനകളോടെ നീങ്ങിയ പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.

അടുത്ത വർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം 2027 മെയ് എട്ടിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നോക്കിലെ മലയാളം കുർബാനയും തിരുക്കർമ്മങ്ങളും തുടരുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.