'അള്ളാഹു'വിനെ ഒഴിവാക്കി ലീഗ് മന്ത്രിമാര്‍; അഞ്ച് പേരും സത്യപ്രതിജ്ഞ ചെയ്തത് 'ദൈവ നാമത്തില്‍': നയം മാറ്റത്തിന്റെ കാരണമെന്ത്?

'അള്ളാഹു'വിനെ ഒഴിവാക്കി ലീഗ് മന്ത്രിമാര്‍; അഞ്ച് പേരും  സത്യപ്രതിജ്ഞ ചെയ്തത് 'ദൈവ നാമത്തില്‍': നയം മാറ്റത്തിന്റെ കാരണമെന്ത്?

കൊച്ചി: വി.ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് പതിവ് തെറ്റിച്ച്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വരെ മുസ്ലിം ലീഗ് മന്ത്രിമാര്‍ 'സര്‍വശക്തനായ അള്ളാഹുവിന്റെ' നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ അഞ്ച് ലീഗ് മന്ത്രിമാരും 'ദൈവ നാമത്തിലാണ്' സത്യപ്രതിജ്ഞ ചെയ്തത്.

പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. സംഘപരിവാര്‍ ആക്രമണം ഒഴിവാക്കാനാണ് ലീഗ് മന്ത്രിമാര്‍ 'അള്ളാഹുവിന്റെ നാമത്തില്‍' എന്ന പ്രയോഗം ഒഴിവാക്കിയതെന്നാണ് കരുതുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലും ലീഗിനെതിരെ ബിജെപി, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ വര്‍ഗീയ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടൊപ്പം സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ലീഗിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയായതെന്നായിരുന്നു പ്രധാന ആരോപണം.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ 'ഹൈക്കമാന്‍ഡ്' ആയി ചിത്രീകരിച്ചുള്ള പോസ്റ്ററുകളും ബിജെപി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിച്ചിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'യോഗനാദ'ത്തില്‍ മാറാട് കലാപത്തിനും മലബാര്‍ കലാപത്തിനും പിന്നില്‍ മുസ്ലിം ലീഗാണെന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു.

ഇത്തരത്തിലുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുമെന്ന ഭയം മൂലമാണ് ലീഗ് മന്ത്രിമാര്‍ ഇത്തവണ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

2011 ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.കെ മുനീര്‍, പി. അബ്ദുല്‍ റബ്ബ് എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എം.കെ മുനീര്‍ ഒഴികെ ഉള്ള മന്ത്രിമാര്‍ വെള്ള തൊപ്പിയും ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യ്തത്.

'ദൈവനാമത്തില്‍' അല്ലെങ്കില്‍ 'ഈശ്വര നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് 'അള്ളാഹുവിന്റെ നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്തതെന്നാരോപിച്ച് പ്രതിപക്ഷം അന്ന് രംഗത്തെത്തിയിരുന്നു. ഇത് മതേതരത്വത്തിന് വിരുദ്ധമാണെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

എന്നാല്‍ കേരളത്തില്‍ അന്ന് ആദ്യമായി ആയിരുന്നില്ല അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. 2006 മെയ് 24 ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഇന്ത്യന്‍ നാഷണല്‍ ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാര്‍ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനെതിരെ ബിജെപി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, 'അള്ളാഹു' ദൈവത്തിന്റെ അറബി പദമാണെന്നും അതിനാല്‍ ഇത് ചട്ട വിരുദ്ധമല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീട് 2006 ജൂലൈ 21 ലെ ഹൈക്കോടതി ഉത്തരവിനെതിരെ ഭാരതീയ ജനത യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മധു പരുമല അപ്പീല്‍ നല്‍കിയിരുന്നു.

അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 188 നും മൂന്നാം ഷെഡ്യൂളിനും വിരുദ്ധമാണെന്നും അംഗങ്ങള്‍ 'ദൈവത്തിന്റെ നാമത്തില്‍' മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്നുമായിരുന്നു മധുവിന്റെ വാദം.

എന്നാല്‍ ഭരണഘടനാ പദവിയിലുള്ളവര്‍ 'അള്ളാഹുവിന്റെ നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ ലംഘനമല്ലെന്ന് സുപ്രീം കോടതി 2007 ല്‍ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കി. 'ദൈവം' എന്നത് കൊണ്ട് വിവക്ഷിക്കുന്നത് സര്‍വശക്തനെയാണെന്നും അതിനെ ഒരു പേരില്‍ മാത്രം ഒതുക്കാനാവില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂള്‍ പ്രകാരം, ദൈവനാമത്തിലോ, അല്ലെങ്കില്‍ ദൃഢ പ്രതിജ്ഞയായോ സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. 'അള്ളാഹു' ദൈവത്തിന്റെ അറബി പദമാണെന്നതിനാല്‍ ഇത് ചട്ടവിരുദ്ധമല്ലെന്ന നിയമോപദേശവും അന്ന് സര്‍ക്കാരിന് ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.