ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 'മാഗ്നിഫിക്ക ഹുമാനിത്താസ്' പ്രസിദ്ധീകരിച്ചു; നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണമെന്ന് ആഹ്വാനം

ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 'മാഗ്നിഫിക്ക ഹുമാനിത്താസ്' പ്രസിദ്ധീകരിച്ചു; നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണമെന്ന് ആഹ്വാനം

വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി മാത്രം വിനിയോഗിക്കണമെന്ന ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. 'മാഗ്നിഫിക്ക ഹുമാനിത്താസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര രേഖ മെയ് 25 നാണ് വത്തിക്കാൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തിലൂന്നി അഞ്ച് അധ്യായങ്ങളായാണ് ചാക്രിക ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ സാങ്കേതികവിദ്യ മനുഷ്യന് വിരുദ്ധമായ ഒരു ശക്തിയല്ലെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പ എന്നാൽ അത് മാനവിക മൂല്യങ്ങളെ തകർക്കാൻ അനുവദിക്കരുതെന്ന് അടിവരയിടുന്നു.

നിർമ്മിത ബുദ്ധിയുടെ വികസനത്തെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് ചാക്രിക ലേഖനത്തിന്റെ മൂന്നാം അധ്യായത്തിൽ പാപ്പ വ്യക്തമാക്കുന്നു. എ.ഐ വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കണം. സ്വതന്ത്ര മേൽനോട്ടം, ശക്തമായ നിയമ ചട്ടക്കൂടുകൾ, കൃത്യമായ നയരൂപീകരണം എന്നിവയിലൂടെ മാത്രമേ ഇതിന്റെ ദുരുപയോഗം തടയാനാകൂ. ഡിജിറ്റൽ ലോകത്തെ വിദ്വേഷ പ്രചാരണങ്ങളെയും വ്യാജ വിവരങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. വ്യക്തിഗത ഡാറ്റാ സുരക്ഷയും സുതാര്യമായ പത്രപ്രവർത്തനവും ഉറപ്പാക്കുന്ന ആശയവിനിമയ പരിസ്ഥിതി കാത്തുസൂക്ഷിക്കണമെന്നും നാലാം അധ്യായം ഓർമ്മിപ്പിക്കുന്നു.

ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുക എന്നിവയും പ്രധാനമാണ്. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു പദ്ധതിയും കടുത്ത അധാർമ്മികവും അസ്വീകാര്യവുമാണെന്ന് പാപ്പ വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ വർധിച്ചു വരുന്ന ആയുധ വ്യവസായത്തെയും ആണവായുധ മത്സരങ്ങളെയും പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവത്തെയും പാപ്പ ശക്തമായി അപലപിച്ചു. അധികാരത്തിന്റെയോ ബലത്തിന്റെയോ യുക്തിക്ക് പിന്നാലെ പോകാതെ സമാധാനം നിലനിർത്താൻ നിലകൊള്ളാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ചാക്രിക ലേഖനം അവസാനിക്കുന്നത്.

കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ സുപ്രധാന സാമൂഹിക രേഖയായ ലിയോ പതിമൂന്നാമൻ പാപ്പയുടെ 'റേരും നൊവാരും' ചാക്രിക ലേഖനത്തിന്റെ 135-ാം വാർഷികദിനമായ മെയ് 15 നായിരുന്നു ലിയോ പതിനാലാമൻ പാപ്പ ഈ പുതിയ രേഖയിൽ ഒപ്പുവെച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.