വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തിൽ, ലിയോ പതിനാലമൻ പാപ്പയുടെ നേതൃത്വത്തിൽ മെയ് 30 ന് വത്തിക്കാനിൽ സമാധാനത്തിനായുള്ള ആഗോള ജപമാല പ്രാർത്ഥന നടക്കും. റോം സമയം വൈകിട്ട് ഏഴ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 10.30) ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ വത്തിക്കാൻ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഈ ആഗോള പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കുചേർന്ന് സമാധാനത്തിനായി അപേക്ഷിക്കാൻ ലോകമെമ്പടുമുള്ള മുഴുവൻ വിശ്വാസികളെയും പരിശുദ്ധ പിതാവ് ക്ഷണിച്ചു.
വത്തിക്കാൻ പൂന്തോട്ടത്തിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ വെച്ചാണ് മാർപാപ്പ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. വത്തിക്കാന്റെ ‘ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ’ ആണ് ഈ ആഗോള പ്രാർത്ഥനാ യജ്ഞം ഏകോപിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ വത്തിക്കാനിലെ പ്രാർത്ഥനയോടൊപ്പം തത്സമയം അണിചേരും എന്നത് ഈ ശുശ്രൂഷയുടെ സവിശേഷതയാണ്.
യുദ്ധം തകർത്ത ഉക്രെയ്‌നിലെ 'മദർ ഓഫ് ഗോഡ്' തീർത്ഥാടന കേന്ദ്രം, പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, ബോസ്‌നിയയിലെ മെഡ്ജുഗോറിയ, ഫിലിപ്പീൻസിലെ 'ഔർ ലേഡി ഓഫ് പീസ്', ലബനനിലെ സെന്റ് ചാർബെൽ അനായ, ഇറ്റലിയിലെ ലൊറേറ്റോയിലുള്ള പൊന്തിഫിക്കൽ തീർത്ഥാടന കേന്ദ്രം എന്നിവടങ്ങളിൽ നിന്നുള്ള വിശ്വാസികൾ വത്തിക്കാനിലെ പ്രാർത്ഥനയ്ക്കൊപ്പം ഒരേസമയം പങ്കുചേരും.
മാനവരാശി നേരിടുന്ന പ്രതിസന്ധികളിൽ ജപമാലയെന്ന ശക്തമായ ആയുധത്തിലൂടെ ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടാനും യുദ്ധക്കെടുതികളിൽ വലയുന്ന ജനതകൾക്ക് ആശ്വാസമേകാനും ഈ ആഗോള പ്രാർത്ഥനാ സംഗമം ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളിലെ പ്രാദേശിക സഭകളും ഈ സമയം ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.