കാല്‍പന്ത് മാന്ത്രികരുടെ പോരാട്ടങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വിജയികളെ കാത്തിരിക്കുന്നത് റെക്കൊഡ് സമ്മാനത്തുക: 655 മില്യണ്‍ യുഎസ് ഡോളര്‍

കാല്‍പന്ത് മാന്ത്രികരുടെ പോരാട്ടങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വിജയികളെ കാത്തിരിക്കുന്നത് റെക്കൊഡ് സമ്മാനത്തുക: 655 മില്യണ്‍ യുഎസ് ഡോളര്‍

കാല്‍പന്തുകളിയുടെ മാമാങ്കമായ ലോകകപ്പ് ഫുട്‌ബോളിന്റെ 23-ാം പതിപ്പിന് തുടക്കം കുറിയ്ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ന് പന്ത് ഉരുണ്ടു തുടങ്ങും. ജൂലൈ 19 നാണ് ഫൈനല്‍. ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.

ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്സിക്കോയും കാനഡയും ഇത്തവണ ആതിഥ്യമരുളുന്നത്. കൂടുതല്‍ ടീമുകളും മത്സരങ്ങളുമാണ് പ്രധാന പ്രത്യേകത. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ മാറ്റുരച്ചത് 32 ടീമുകള്‍ ആയിരുന്നു.

1998 ന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഇത്തവണ സമ്മാനത്തുകയുടെ കാര്യത്തിലും ഫിഫ പുതിയ റെക്കോര്‍ഡിട്ടിട്ടുണ്ട്. ഇത്തവണ മത്സരത്തില്‍ തോറ്റ് പുറത്തു പോകുന്ന ടീമിലും പണം കിട്ടും.

ഫിഫ ലോകകപ്പിലെ ആകെ സമ്മാനത്തുക മുന്‍പത്തെ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവോടെ 655 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് ഏകദേശം 5,469 കോടി രൂപ. 2026 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി മൊത്തം 727 മില്യണ്‍ യുഎസ് ഡോളറാണ് ഫിഫ കൗണ്‍സില്‍ മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 655 മില്യണ്‍ യുഎസ് ഡോളര്‍ പങ്കെടുക്കുന്ന 48 ടീമുകള്‍ക്ക് മാത്രമായി നല്‍കും.

ഫിഫ ലോകകപ്പില്‍ വിജയം നേടുന്ന ടീമിന് 50 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 417 കോടി രൂപ). രണ്ടാം സ്ഥാനക്കാര്‍ക്ക് 33 മില്യണ്‍ യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 29 മില്യണ്‍ യുഎസ് ഡോളറുമാണ്. കൂടാതെ യോഗ്യത നേടിയ ഓരോ ടീമിനും ചെലവിനായി 1.5 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും.

നാലാം സ്ഥാനക്കാര്‍ക്ക് - 27 മില്യണ്‍ യുഎസ് ഡോളറും അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 19 മില്യണ്‍ യുഎസ് ഡോളറും ലഭിക്കും. ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനക്കാര്‍ക്ക് 15 മില്യണ്‍ യുഎസ് ഡോളര്‍, 17 മുതല്‍ 32 വരെയുള്ള സ്ഥാനക്കാര്‍ക്ക് 11 മില്യണ്‍ യുഎസ് ഡോളര്‍, 33 മുതല്‍ 48 വരെയുള്ള സ്ഥാനക്കാര്‍ക്ക് ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ എന്നിങ്ങനെ നല്‍കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.