വത്തിക്കാന്‍ സിറ്റി: ദൈവ കൃപയുടെ സമൃദ്ധിയെയും ക്രിസ്തുവിന്റെ ക്ഷമ എല്ലാവരുമായി പങ്കുവയ്ക്കാനുള്ള വിശ്വാസികളുടെ ദൗത്യത്തെയും ഓര്‍മ്മപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ച ത്രികാലജപ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചു കൂടിയ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
നിസഹായരും ക്ലേശിതരുമായ ജനക്കൂട്ടത്തെ കണ്ട് അവരുടെമേല്‍ അനുകമ്പ തോന്നിയ യേശുവിന്റെ ചിത്രം വരച്ചുകാട്ടുന്ന സുവിശേഷ ഭാഗമാണ് (മത്തായി 9:36 - 10:8) പാപ്പാ ഇയാഴ്ച ധ്യാനവിഷയമാക്കിയത്. ദൈവപുത്രന്‍ ജനക്കൂട്ടത്തില്‍ കണ്ടത് അവരുടെ മനുഷ്യത്വത്തെയാണ്. അവരെ ഭാരപ്പെടുത്തുന്ന അടിച്ചമര്‍ത്തലുകളും അവരുടെ ശക്തി ചോര്‍ത്തുന്ന അക്രമങ്ങളുമാണ് അവിടന്ന് കണ്ടത്.
യുദ്ധങ്ങള്‍ ഏല്‍പ്പിക്കുന്ന മുറിവുകളും ഉപഭോഗ സംസ്‌ക്കാരത്തിന്റെ ശൂന്യതയും കേവലം മുഖംമൂടികളായി ചുരുങ്ങുന്ന മുഖങ്ങളും തിന്മയാല്‍ കീറിമുറിക്കപ്പെട്ട കുടുംബങ്ങളും യേശു കാണുന്നു. തെറ്റായ ആദര്‍ശങ്ങളാല്‍ വഴിതെറ്റിക്കപ്പെട്ട യുവജനങ്ങളെയും അവിടന്ന് കാണുന്നു. യേശു നമ്മെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. കരുണയോടും സാഹോദര്യ മനോഭാവത്തോടും കൂടെയുള്ള യേശുവിന്റെ നോട്ടത്തില്‍, നമ്മെ വീണ്ടെടുക്കണമെന്നുള്ള അവിടത്തെ തീവ്രമായ ആഗ്രഹമാണ് അടങ്ങിയിരിക്കുന്നതെന്നും മാര്‍പാപ്പാ വ്യക്തമാക്കി.
വളരെയധികം ആളുകള്‍ 'ഇടയനില്ലാത്ത ആടുകള്‍' പോലെയാണെന്ന് യേശു കണ്ടു. കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ദൈവത്തിന്റെ സമാശ്വാസം പകര്‍ന്ന് നല്‍കാനാണ് അവിടുന്ന് തന്റെ ശിഷ്യന്മാരെ ലോകത്തിലേക്ക് അയച്ചത്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ദൗത്യം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹാനുഭൂതിയും കഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യാശയും അവിശ്വാസമുള്ളിടത്ത് വിശ്വാസവും കൊണ്ടുവരിക എന്നതാണ്.
യേശുവിന്റെ അടുത്ത അനുയായികള്‍ക്ക് പോലും അവിടത്തെ ഒറ്റിക്കൊടുക്കാന്‍ ഇട വന്നേക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് പത്രോസ്, യൂദാസ്‌കറിയോത്താ എന്നിവരിലൂടെ സുവിശേഷം ചൂണ്ടിക്കാട്ടുന്നതെന്ന് പാപ്പാ പറഞ്ഞു. എന്നിരുന്നാലും ജീവനുള്ള സത്യവചനമായ സുവിശേഷം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. അത് എല്ലായ്‌പ്പോഴും ചെറുപ്പവും പുതുമയുള്ളതും മുക്തിദായകവുമാണ്. സുവിശേഷം പ്രഖ്യാപിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുമ്പോള്‍, കടന്നുപോകുന്ന ഒരു രോഗം പോലെ, പ്രഭാതത്തിന് വഴിമാറുന്ന രാത്രി പോലെ, ഉത്ഥാനം ചെയ്തവന്‍ കീഴടക്കിയ മരണം പോലെ തിന്മ തകര്‍ന്നടിയുന്നു.
യേശുവിന്റെ നോട്ടം അവിടത്തെ സ്‌നേഹത്താല്‍ നമ്മെ നിറയ്ക്കുകയും തന്റെ സൗജന്യ ദാനങ്ങള്‍ പങ്കുവയ്ക്കാനുള്ള അപ്പസ്‌തോലന്മാരുടെ ശുശ്രൂഷയുടെ തുടര്‍ച്ചക്കാരായി നമ്മെ മാറ്റുകയും ചെയ്യുന്നു. യേശുവിന്റെ ദാനം എല്ലാ അളവുകള്‍ക്കും അതീതമാണെങ്കിലും അത് തികച്ചും സൗജന്യമാണ്. വിലയ്ക്ക് വാങ്ങാനോ നേടിയെടുക്കാനോ കഴിയുന്ന ഒന്നല്ല അത്. നാം എവിടെയായിരുന്നാലും നമ്മെ തേടിയെത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവ കരുണയുടെ മനോഹരമായ നാമമാണ് കൃപ.
അവസാനമായി ദൈവത്തിന്റെ ക്ഷമ പങ്കുവെച്ചുകൊണ്ട് ലോകത്തെ സുവിശേഷവല്‍ക്കരിക്കാന്‍ ലിയോ പപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പാവപ്പെട്ടവരെ സേവിച്ചും നീതിയോട് പ്രതിബദ്ധത കാട്ടിയുമാണ് നാം ഇത് ചെയ്യേണ്ടത്. യേശുവിന്റെ ഈ വിളിയോട് സന്തോഷത്തോടും ധൈര്യത്തോടും കൂടെ പ്രത്യുത്തരിക്കാന്‍ കൃപ നിറഞ്ഞ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം നമുക്ക് അപേക്ഷിക്കാം എന്ന് പറഞ്ഞുകൊണ്ട് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.
മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.