ഇറ്റലിയിൽ വി. പാദ്രെ പിയോയുടെ രൂപത്തിൽ നിന്ന് രക്തക്കണ്ണീർ ഒഴുകിയെന്ന് റിപ്പോർട്ട്; സഭാനിയമങ്ങൾ പാലിച്ച് അന്വേഷണം ആരംഭിച്ചു

ഇറ്റലിയിൽ വി. പാദ്രെ പിയോയുടെ രൂപത്തിൽ നിന്ന് രക്തക്കണ്ണീർ ഒഴുകിയെന്ന് റിപ്പോർട്ട്; സഭാനിയമങ്ങൾ പാലിച്ച് അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ കാസാൽബയിലുള്ള ‘സാന്താ മരിയ ദെല്ലെ ഗ്രാസി’ ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോയുടെ തിരുരൂപത്തിൽ നിന്ന് രക്തക്കണ്ണീർ ഒഴുകിയതായി റിപ്പോർട്ട്. സംഭവത്തിൽ തിരുസഭയുടെ പുതിയ മാർ​ഗ നിർദേശങ്ങൾ അനുസരിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇടവകയിലെ ഒരു വിശ്വാസി വിശുദ്ധന്റെ രൂപത്തിന്റെ ഇടതു കണ്ണിൽ നിന്ന് രക്തത്തോട് സാദൃശ്യമുള്ള ചുവന്ന ദ്രാവകം ഒഴുകുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം ഉടൻ തന്നെ ഇടവക വികാരിയായ ഫാദർ ജിറോളമാ കപുവാനോയെ അറിയിച്ചു. അദേഹം പള്ളിയിലെത്തി പരിശോധനകൾ നടത്തിയെങ്കിലും കറ നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വിശദമായ പരിശോധനകൾക്കായി തിരുരൂപം ദേവാലയ കവാടത്തിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മീഡിയസെറ്റ് ഇറ്റാലിയയുടെ ‘മാറ്റിനോ ചിൻക്വെ’ എന്ന പരിപാടിയിൽ സംസാരിക്കവെ വിഷയത്തിൽ അതീവ ജാഗ്രതയും വിവേകവും വേണമെന്ന് ഫാദർ കപുവാനോ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ പ്രശസ്തിക്കായി ഉപയോഗിക്കാനുള്ളതല്ലെന്നും മറിച്ച് വലിയൊരു അടയാളമായി കണ്ട് വിവേചന ബുദ്ധിയോടെയും സ്നേഹത്തോടെയും സമീപിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും അദേഹം ഓർമ്മിപ്പിച്ചു.

അമാനുഷികമെന്ന് സംശയിക്കപ്പെടുന്ന ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 2024-ൽ വത്തിക്കാൻ പുറത്തിറക്കിയ കർശനമായ മാർ​ഗ നിർദേശങ്ങൾ പ്രകാരമായിരിക്കും ഈ സംഭവത്തിലും അന്വേഷണം നടക്കുക.

അതത് രൂപതകളിലെ ബിഷപ്പുമാർ മെത്രാൻ സമിതിയുമായി ആലോചിച്ചാണ് പ്രാരംഭ അന്വേഷണം നടത്തേണ്ടത്. ലഭിക്കുന്ന വിവരങ്ങൾ ബിഷപ്പ് പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള വിശ്വാസ തിരുസംഘത്തിന് കൈമാറണം.

വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗികമായ അന്തിമ തീരുമാനം വരുന്നത് വരെ, ഇത്തരം പ്രതിഭാസങ്ങളുടെ ആധികാരികതയെക്കുറിച്ചോ അമാനുഷികതയെക്കുറിച്ചോ ബിഷപ്പുമാർ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും കർശനമായി വിട്ടുനിൽക്കണം.

സഭയുടെ ഔദ്യോഗികമായ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ വിശ്വാസികൾ പ്രാർത്ഥനയോടെയും വിവേകത്തോടെയും കാത്തിരിക്കണമെന്ന് സഭ അധികൃതർ നിർദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.