അസം ബിജെപിക്ക് അഗ്നി പരീക്ഷ; 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു: മന്ത്രി സും റംഗെയ് കോണ്‍ഗ്രസില്‍

അസം ബിജെപിക്ക് അഗ്നി പരീക്ഷ;   12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു:  മന്ത്രി സും റംഗെയ് കോണ്‍ഗ്രസില്‍

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നു രാജിവച്ചു. ഇതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പൗരത്വ ഭേദഗതി നിയമം അസമില്‍ പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നിയമം നടപ്പാക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 365 രൂപ അടിസ്ഥാന കൂലി, എല്ലാ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രൂപംകൊണ്ടഅസം ജാതീയ പരിഷത്തും റെയ്‌ജോര്‍ ധളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ അസമിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി.

ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും രണ്ട് തട്ടിലാണ്. ആര്‍എസ്എസിനും പ്രധാനമന്ത്രിയും സൊനോവാളിനെതുണയ്ക്കുമ്പോള്‍ അമിത് ഷായുടെ പിന്തുണ ഹിമന്തയ്ക്കാണ്.

ബിജെപിക്ക് 2016 ല്‍ 60 സീറ്റ് ലഭിച്ചു. ഇത്തവണ അത് 50ല്‍ ഒതുക്കാന്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ ഹിമന്ത ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം. ഇതിനിടെ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നു രാജിവച്ചവരില്‍ മന്ത്രി സും റംഗെയ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ് വിവാദ നായകനായ എംഎല്‍എ ശിലാദിത്യ ദേവിന്റെ പ്രസ്താവന. സീറ്റ് 30 ല്‍ നിന്ന് 26 ആയി കുറഞ്ഞതില്‍ സഖ്യകക്ഷി അസം ഗണ പരിഷത്തിനും ബിജെപിയോട് അമര്‍ഷമുണ്ട്.

എഐയുഡിഎഫിനെതിരെയാണ് ബിജെപി അമ്പുകളേറെയും തൊടുക്കുന്നത്. എന്നാല്‍, ബദ്‌റുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടി അതിനെ തടുക്കുന്നത് മര്യാദയുള്ള സഖ്യകക്ഷിയെന്ന മെയ്വഴക്കം കാട്ടിയാണ്. കഴിഞ്ഞ തവണ 74 സീറ്റില്‍ മല്‍സരിച്ച് 13 ല്‍ ജയിച്ച എഐയുഡിഎഫ് ഇത്തവണ മഹാസഖ്യത്തില്‍ 21 സീറ്റില്‍ തൃപ്തരാണ്. കഴിഞ്ഞ തവണ 13.05% വോട്ട് നേടിയ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് മൊത്തത്തില്‍ ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.