തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും എതിരെ പുതിയ ചേരി ശക്തിപ്പെടുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ അനുഗ്രഹാശിസുകള്‍ ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നാണ് അറിയുന്നത്.
പിണറായിയുടെയും ഗോവിന്ദന്റെയും പ്രവര്‍ത്തന രീതികളെയും നിലപാടുകളെയും അതിശക്തമായി വിമര്‍ശിച്ചും ചോദ്യം ചെയ്തുമാണ് പുതുചേരി രൂപപ്പെടുന്നത്. നിയമസഭയ്ക്കുള്ളില്‍പ്പോലും പിണറായിയെ തിരുത്തുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ സൂചനയും വന്നു തുടങ്ങി.
പാര്‍ട്ടിക്കുള്ളില്‍ കടുത്ത ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഇതുവരെ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇടത് മുന്നണി ചേരാത്തതിന് കാരണവും സിപിഎമ്മിലെ ഈ ചേരിതിരിവാണെന്ന് ഘടകക്ഷികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്.
പി. രാജീവ്, എം. സ്വരാജ്, കെ.എന്‍ ബാലഗോപാല്‍ തുടങ്ങിയ നേതാക്കളാണ് പുതുചേരിയുടെ മുന്നിലുള്ളതെന്നാണ് അറിയുന്നത്. കണ്ണൂരിലെയും മറ്റും ഒരുപറ്റം മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദവും ഇവര്‍ക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കണ്ണൂരിലും മറ്റും ചില നേതാക്കള്‍ അനാവശ്യ പിടിവാശി കാണിച്ചുവെന്ന് അണികള്‍ക്കിടയില്‍ തന്നെ പരാതിയുണ്ട്.
അതിന് തെളിവാണ് പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ തോല്‍വികളും ഭൂരിപക്ഷത്തിലെ കുറവും എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിക്ക് തങ്ങള്‍ എതിരല്ലെന്നും പാര്‍ട്ടിയെ ചിലരുടെ തൊഴുത്തില്‍മാത്രം കെട്ടാനുള്ള നീക്കത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്ന അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍പ്പോലും, താന്‍ എല്ലാത്തിനും അതീതതാണെന്ന പിണറായിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും തോല്‍വിക്ക് കാരണമായെന്നും വ്യക്തമാക്കുന്നു.
തോല്‍വിക്ക് തൊട്ടു പിന്നാലെ താഴെ തട്ടുമുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അതിന് പരിഹാരം കാണുമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞുവെങ്കിലും അത് നടപ്പായില്ല. തങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം തുറന്നുപറഞ്ഞു. പക്ഷേ, കേള്‍ക്കേണ്ടവരും തിരുത്തേണ്ടവരും അതു രണ്ടും ചെയ്തില്ല എന്നാണ് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.
വ്യക്തിപരമായ വീഴ്ചകളല്ല പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് പിണറായിയുടെയും എം.വി ഗോവിന്ദന്റെയും വിശദീകരണം തന്നെ ഇതിന് തെളിവാണെന്നും അവര്‍ പറയുന്നു. ഇരുവരുടെയും നിലപാടുകളെ അംഗീകരിച്ച് മുന്നോട്ടു പോയാല്‍ അത് പാര്‍ട്ടിയുടെ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്നും അണികള്‍ക്ക് ആശങ്കയുണ്ട്.
പാര്‍ട്ടിയിലെ ഒറ്റുപറ്റം നേതാക്കളുടെ ആശീര്‍വാദവും അണികളുടെ വ്യക്തമായ പിന്തുണയും പുതുചേരിക്കുണ്ട്. അതിനാല്‍ത്തന്നെ അധികം വൈകാതെതന്നെ പാര്‍ട്ടിയുടെ അധികാര കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. വി.എസിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ശക്തനായ ഒരാള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ അപചയത്തിന് കാരണമായി ഒട്ടുമിക്കവരും ചൂണ്ടിക്കാണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.