വിരമിക്കലില്‍ ഉടന്‍ തീരുമാനമില്ല; യൂറോ കപ്പ് നേട്ടം ലോകകപ്പിന് തുല്യം: കിസ്റ്റ്യാനോ റൊണാള്‍ഡോ

വിരമിക്കലില്‍ ഉടന്‍ തീരുമാനമില്ല; യൂറോ കപ്പ് നേട്ടം ലോകകപ്പിന് തുല്യം: കിസ്റ്റ്യാനോ റൊണാള്‍ഡോ

ഡാളസ്: ലോകകപ്പ് സ്വപ്നം അസ്തമിച്ചെങ്കിലും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പെട്ടെന്നൊരു തീരുമാനമെടുത്ത് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നാല്‍പത്തൊന്നുകാരനായ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
വ്യക്തമാക്കി.

പ്രീക്വാട്ടറില്‍ സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

'ഇങ്ങനെയൊരു തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ മനസാക്ഷി ശുദ്ധമാണ്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' - റൊണാള്‍ഡോ പറഞ്ഞു.

തന്റെ അന്താരാഷ്ട്ര കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെന്ന് റൊണാള്‍ഡോ ഓര്‍മ്മിപ്പിച്ചു. താന്‍ വരുന്നതിന് മുമ്പ് ഒരു കിരീടം പോലും ഇല്ലാതിരുന്ന പോര്‍ച്ചുഗലിനെ മൂന്ന് തവണ ജേതാക്കളാക്കാന്‍ തനിക്ക് സാധിച്ചു. 2016 യൂറോ കപ്പ് നേടിയത് തനിക്ക് ലോകകപ്പിന് തുല്യമായ നേട്ടമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. 2019, 2025 യുവേഫ നേഷന്‍സ് ലീഗ് കിരീട വിജയങ്ങളും തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ ലോകകപ്പ് പുറത്താകലിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിനോടുള്ള ആദരവ് റൊണാള്‍ഡോ മറച്ചു വെച്ചില്ല. അദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമാണ് അദേഹം. പോര്‍ച്ചുഗലിനായി അദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും റൊണാള്‍ഡോ കൂട്ടിചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.