ബോസ്റ്റണ്‍: ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയുടെ നഷ്ടം രണ്ടാം പകുതിയിലെ തകര്‍പ്പന്‍ ഗോളിലൂടെ നികത്തിയ കിലിയന്‍ എംബാപ്പെയുടെ മികവില്‍ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കീഴടക്കിയത്. ആറ് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍. കിലിയന്‍ എംബാപ്പെ (60'), ഒസ്മാന്‍ ഡെംബെലെ (66') എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ ആദ്യപകുതി പൂര്‍ണമായും ഫ്രാന്‍സിന്റെ ആക്രമണങ്ങളും മൊറോക്കോയുടെ പ്രതിരോധവുമായിരുന്നു. പരിക്കേറ്റ സ്‌ട്രൈക്കര്‍ ഇസ്മായെല്‍ സൈബാരിയുടെ അഭാവത്തില്‍ അമിത പ്രതിരോധത്തിലേക്ക് മാറിയ മൊറോക്കോയെയാണ് ആദ്യപകുതിയില്‍ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് പട മൊറോക്കന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ അവിശ്വസനീയമായ സേവുകളാണ് മൊറോക്കോയ്ക്ക് തുണയായത്.
ഇരുപത്തഞ്ചാം മിനിറ്റില്‍ മൈക്കല്‍ ഒലീസെയുടെ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച എംബാപ്പെയെ നുസെയ്ര്‍ മസ്രാവി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. നീണ്ട വാര്‍ പരിശോധനകള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു.
താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ബോനു മനോഹരമായി തട്ടിയകറ്റി. ഈ ലോകകപ്പില്‍ പാഴാകുന്ന അഞ്ചാമത്തെ പെനാല്‍റ്റിയായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലൂക്കാസ് ഡിഗ്‌നെയുടെ ലോങ് റേഞ്ച് തണ്ടര്‍ബോള്‍ട്ട് ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചതും ഫ്രാന്‍സിന് നിര്‍ഭാഗ്യമായി.
രണ്ടാം പകുതിയില്‍ തന്ത്രങ്ങള്‍ മാറ്റിയ ഫ്രാന്‍സ് 60-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. മാനു കോനെ മധ്യനിരയില്‍ നിന്ന് നല്‍കിയ പാസ് സ്വീകരിച്ച് ഡിസൈര്‍ ഡൂയെയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് മൂന്ന് മൊറോക്കന്‍ പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കി എംബാപ്പെ തൊടുത്ത മനോഹരമായ ഷോട്ട് ബോനുവിനെ മറികടന്ന് വലയുടെ വലത് മൂലയില്‍ പതിച്ചു.
ടൂര്‍ണമെന്റിലെ എംബാപ്പെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ 30 വയസ് തികയുന്നതിന് മുന്‍പ് 20 ലോകകപ്പ് ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍ സ്വന്തമാക്കി.
ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് മൊറോക്കോ മുക്തമാകും മുന്‍പ് 66-ാം മിനിറ്റില്‍ ഫ്രാന്‍സ് അടുത്ത പ്രഹരമേല്‍പ്പിച്ചു. ഒലീസെ നല്‍കിയ പാസ് സ്വീകരിച്ച് എംബാപ്പെ ബോക്‌സിന് നടുവിലേക്ക് നല്‍കിയ പന്തുമായി കുതിച്ച ഒസ്മാന്‍ ഡെംബെലെ, മസ്രാവിയെ വെട്ടിച്ച് പന്ത് ബോനുവിനെ മറികടന്ന് വലയിലെത്തിച്ചു (2-0). ഈ ലോകകപ്പില്‍ ഡെംബെലെയുടെ അഞ്ചാം ഗോളാണിത്.
മത്സരത്തിന്റെ 77-ാം മിനിറ്റില്‍ നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച എംബാപ്പെയെയും ഡൂയെയെയും പിന്‍വലിച്ച് കോച്ച് ദിദിയര്‍ ദെഷോം മാറ്റെറ്റയെയും ബാര്‍ക്കോളയെയും കളത്തിലിറക്കി പ്രതിരോധം ശക്തമാക്കി. 83-ാം മിനിറ്റില്‍ അഷ്‌റഫ് ഹക്കിമിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മൊറോക്കോയുടെ ഔനാഹി തൊടുത്ത ശക്തമായ ഷോട്ട് ഫ്രഞ്ച് കീപ്പര്‍ മൈക്ക് മൈനാന്‍ തട്ടിയകറ്റി. 88-ാം മിനിറ്റില്‍ ബാര്‍ക്കോളയിലൂടെ ഫ്രാന്‍സിന് ലീഡ് ഉയര്‍ത്താന്‍ മൂന്നാമതൊരു അവസരം ലഭിച്ചെങ്കിലും ബോനു വീണ്ടും രക്ഷകനായി.
2022 ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 2-0 എന്ന സ്‌കോറിനായിരുന്നു ഫ്രാന്‍സിന്റെ വിജയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.