റോം: നിശബ്ദത, പ്രാർഥന, തിരുവചനധ്യാനം എന്നിവയാൽ വേനൽക്കാലം ഫലദായകമാക്കാൻ വിശ്വാസികൾക്ക് പ്രോത്സാഹനം നൽകി ലിയോ പതിനാലാമൻ മാർപാപ്പ. തൻ്റെ വേനൽകാല വസതിയായ കാസൽ ഗന്ധോൾഫോയിൽ വിശ്വാസികളുടെ സാന്നിധ്യത്തിൽ ത്രികാലജപ പ്രാർഥന നയിച്ച് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. വിതക്കാരന്റെ ഉപമയെക്കുറിച്ചുള്ള വിചിന്തനങ്ങൾ പങ്കുവച്ച പാപ്പാ, ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനുള്ള ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തു പറഞ്ഞു.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള വിതക്കാരന്റെ ഉപമയെ വ്യാഖ്യാനിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞു: 'എത്ര ഉദാരമനസ്കതയോടെയാണ് ദൈവം നമ്മിൽ വിശ്വാസമർപ്പിക്കുന്നത് എന്ന് ഈ ഉപമ വെളിപ്പെടുത്തുന്നു. അവിടന്ന് തന്റെ വചനത്തിൻ്റെ വിത്ത് നമ്മിൽ വിതയ്ക്കുകയും തൻ്റെ ശക്തിയാൽ നമ്മെ നിറയ്ക്കുകയും ചെയ്യുന്നു.'
ഈ ദിവ്യരഹസ്യത്തിന്റെ കേന്ദ്രബിന്ദു ക്രിസ്തു തന്നെയാണ്. വചനം മാംസം ധരിക്കുകയും നമ്മുടെ രക്ഷയ്ക്കുവേണ്ടി തൻ്റെ ജീവൻ നൽകുകയും ചെയ്ത യേശു തന്നെയാണ് പിതാവായ ദൈവം നിരന്തരം വിതച്ചുകൊണ്ടിരിക്കുന്ന വിത്ത്. തൻ്റെ മരണം വഴിയായി അവിടുന്ന് ഇന്നും ധാരാളം ഫലം പുറപ്പെടുവിക്കുന്നു - മാർപാപ്പാ വിശദീകരിച്ചു.
എന്നാൽ, ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും സ്വാഗതം ചെയ്യപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം പാപ്പാ അംഗീകരിച്ചു. ചിലപ്പോൾ ആ വിത്ത് നമ്മുടെ ഹൃദയങ്ങളിലെ കാഠിന്യമുള്ളതും പ്രതികരിക്കാത്തതുമായ മണ്ണിൽ വീഴുന്നു. മറ്റു ചിലപ്പോഴാകട്ടെ, പരുക്കനായ പാതകളിലും പാറമേലും മുള്ളുകൾക്കിടയിലും വീഴുന്നു. എന്നിരുന്നാലും, അത് സ്വീകാര്യതയുള്ളതും ഫലഭൂയിഷ്ടവുമായ മണ്ണിൽ വീഴുമ്പോൾ ജീവിതത്തെയാകെ മാറ്റിമറിക്കാൻ ശക്തിയുള്ള സ്നേഹത്തിൻ്റെ അത്ഭുതങ്ങൾ അവിടെ സംഭവിക്കുന്നു. അതുകൊണ്ടാണ് പിതാവായ ദൈവം വിതയ്ക്കുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കാത്തത്. കാരണം, നമ്മുടെ ദൗർബല്യത്തെക്കാൾ ശക്തമാണ് അവിടത്തെ സ്നേഹം.
ദൈവം നമ്മുടെ ഉള്ളിലെ നന്മ കാണുന്നു
വിശുദ്ധ ജോൺ ക്രിസോസ്തമിനെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു: 'വിത്ത് വളരാൻ സാധ്യതല്ലാത്തിടത്ത് വിതക്കുന്നത് എങ്ങനെയാണ് യുക്തിസഹമാകുന്നത്? കൃഷിയിൽ അത്തരമൊരു പ്രവൃത്തിക്ക് അർത്ഥമില്ലെങ്കിലും, ദൈവത്തിൻ്റെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. പാറകൾ നിറഞ്ഞ ഇടം ഫലഭൂയിഷ്ടമായ മണ്ണായി മാറാനുള്ള സാധ്യതയെപ്രതിയാണ് അവിടന്ന് ഇങ്ങനെ ചെയ്യുന്നത് എന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.
ഓരോ വ്യക്തിയെയും ദൈവം ആഴമായി അറിയുന്നതിനാലാണ് അവിടന്ന് മനുഷ്യരിൽ വിശ്വാസമർപ്പിക്കുന്നത്. അത് അവിടത്തെ നിഷ്കളങ്കമായ ഉദാരമനസ്‌കതയല്ല. പിന്നെയോ, നാം പോലും തിരിച്ചറിയാത്തതും നമ്മുടെ ഉള്ളിൽ ഉള്ളതുമായ നന്മയുടെ സാധ്യതയെ അവിടന്ന് കാണുന്നതുകൊണ്ടാണ്.
നമ്മുടെ ഹൃദയങ്ങളുടെ മണ്ണിനെ നമ്മെക്കാൾ നന്നായി അറിയുന്ന കർത്താവ് നമ്മിൽ നിരന്തരമായി വിശ്വാസമർപ്പിക്കുന്നു. അതിനാൽ അവിടത്തെ കരങ്ങളിൽ നമ്മെത്തന്നെ വിശ്വാസത്തോടെ ഭരമേൽപ്പിച്ചാൽ നമുക്ക് എന്തായി മാറാൻ കഴിയുമെന്ന് അവിടന്ന് അറിയുന്നു.
ദൈവവചനം പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നു
എളിമയോടും തുറവിയോടുംകൂടെ സ്വീകരിക്കുന്ന വചനം നമ്മിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന് പാപ്പാ പറഞ്ഞു. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ പരിശുദ്ധാത്മാവിന്റെ ഫലങ്ങളെപ്പറ്റി പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിൽ അക്കമിട്ടു പറയുന്നതിനെ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ലോകത്തിന് ഈ ഫലങ്ങൾ എത്രയോ ആവശ്യമായിരിക്കുന്നു! ഈ ഫലങ്ങളാൽ ലോകം നിറയെപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യട്ടെ!
ഒരു വേനൽക്കാല ക്ഷണം
വേനൽക്കാലത്തെ ഈ അവധി ദിവസങ്ങളിൽ ദൈവവചനം കേൾക്കുന്നതിനും വായിക്കുന്നതിനും ധ്യാനിക്കുന്നതിനും സമയം കണ്ടെത്തുമെന്ന് നമുക്ക് ഉറപ്പാക്കാം. വിനോദത്തിനും വിശ്രമത്തിനുമൊപ്പം നിശബ്ദതക്കും പ്രാർഥനക്കും പ്രാധാന്യം നൽകാം. അങ്ങനെ ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെട്ട് അനുദിന ജീവിതചര്യകളിലേക്ക് മടങ്ങാൻ നമുക്ക് സാധിക്കും.
അതോടൊപ്പം സുവിശേഷം പ്രഘോഷിക്കാനും ദൈവരാജ്യത്തിന്റെ വളർച്ചയിൽ സഹകരിക്കാനും അത് നമ്മെ സജ്ജരാക്കും. ഇതിനായി അപ്പസ്തോലന്മാരുടെ രാജ്ഞിയും സുവിശേഷവൽക്കരണത്തിന്റെ താരകവുമായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സഹായം നമുക്ക് അപേക്ഷിക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.