സ്വന്തം ജീവൻ നൽകി നൂറുകണക്കിന് പേരെ കാത്തു; ദൈവദാസൻ ആകാശ് ബഷീർ പാകിസ്ഥാന്റെ ആദ്യ വാഴ്ത്തപ്പെട്ടവനാകുന്നു

സ്വന്തം ജീവൻ നൽകി നൂറുകണക്കിന് പേരെ കാത്തു; ദൈവദാസൻ ആകാശ് ബഷീർ പാകിസ്ഥാന്റെ ആദ്യ വാഴ്ത്തപ്പെട്ടവനാകുന്നു

ലഹോർ: വിശ്വാസത്തിനും സഹജീവി സ്നേഹത്തിനും വേണ്ടി സ്വന്തം ജീവൻ ബലികഴിച്ച ആകാശ് ബഷീർ എന്ന ഇരുപതുകാരനായ യുവാവ് പാകിസ്ഥാൻ സഭയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു. ലഹോറിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയായ ആകാശ് പാകിസ്ഥാനിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവൻ എന്ന പദവിയിലേക്കുള്ള യാത്രയിലാണ്.

2015 മാർച്ച് 15 ന് ലഹോറിലെ യോഹനാബാദിലുള്ള സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിലായിരുന്നു സംഭവം. ഞായറാഴ്ച കുർബാന നടക്കുമ്പോൾ ഒരു ചാവേർ സ്ഫോടകവസ്തുക്കളുമായി പള്ളിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. അപകടം മണത്തറിഞ്ഞ ആകാശ് ബഷീർ തന്റെ ജീവൻ പണയപ്പെടുത്തിയും അയാളെ തടഞ്ഞു നിർത്തി.

"ഞാൻ മരിച്ചാലും നിന്നെ പള്ളിയിലേക്ക് കടക്കാൻ അനുവദിക്കില്ല" എന്ന് ഉറക്കെ പ്രഖ്യാപിച്ച ആകാശിന്റെ ധീരതയ്ക്ക് മുന്നിൽ ചാവേർ സ്ഫോടനം നടത്തി. നൂറുകണക്കിന് വിശ്വാസികളുടെ ജീവൻ രക്ഷിക്കാൻ ആകാശ് തന്റെ പ്രാണൻ ബലികഴിക്കുകയായിരുന്നു.

വിശ്വാസത്തിനും മാതൃകാപരമായ ജീവിതത്തിനും ധീരതയ്ക്കും ഉടമയായ ആകാശ് ബഷീറിന്റെ വിശുദ്ധ പദവിയിലേക്കുള്ള നടപടികൾക്ക് 2022 ജനുവരി 31 ന് കത്തോലിക്കാ സഭ ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് അദേഹത്തിന് ദൈവദാസൻ എന്ന പദവി നൽകി. 2024 മാർച്ച് 15 ന് നാമകരണ നടപടികളുടെ രൂപതാതലത്തിലുള്ള ഘട്ടം പൂർത്തിയായി. തുടർ നടപടിക്കായി ആവശ്യമായ എല്ലാ രേഖകളും വത്തിക്കാനിലേക്ക് അയച്ചിരിക്കുകയാണ്.

വിശുദ്ധ ജോൺ ബോസ്കോയുടെ മൂല്യങ്ങളായ ദൈവവിശ്വാസം, സ്നേഹം, ധീരത എന്നിവ മുറുകെപ്പിടിച്ച ആകാശ് ബഷീർ ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കും പ്രത്യേകിച്ച് സലേഷ്യൻ കുടുംബത്തിനും വലിയൊരു പ്രചോദനമാണ്.

വത്തിക്കാൻ ഔദ്യോഗികമായി ആകാശിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുകയാണെങ്കിൽ അത്ഭുത പ്രവൃത്തികൾ കൂടാതെ തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ സാധിക്കും. ആകാശ് ബഷീർ പാകിസ്ഥാനിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതിനായുള്ള പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം.‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.