തിന്മയെ ഉന്മൂലനം ചെയ്യുന്ന ദൈവത്തിൻ്റെ നാടകീയമായ ഇടപെടലുകളെ പ്രതീക്ഷിക്കാനല്ല തിന്മയുടെ സാന്നിധ്യത്തിനിടയിലും വളരുന്ന ദൈവരാജ്യം തിരിച്ചറിയാനാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത്: മാർപാപ്പ
റോം: ദൈവരാജ്യം ശക്തിയിലൂടെല്ല, എളിമയിലൂടെയും ക്ഷമയിലൂടെയും സ്നേഹത്തിലൂടെയും നിശബ്ദമായാണ് വളരുന്നതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ദൈവിക ശക്തിയുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ തേടാതെ, മറഞ്ഞിരിക്കുന്ന അവിടത്തെ പ്രവൃത്തികളിൽ വിശ്വാസമർപ്പിക്കണമെന്നും സുവിശേഷത്തിന്റെ 'ചെറിയ വിത്തുകൾ' ആകണമെന്നും വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു.
ചെറിയ ഒരു വിത്തോ അല്പം പുളിമാവോ അദൃശ്യമായി പ്രവർത്തിക്കുന്നതുപോലെ, ശാന്തമായും ക്ഷമയോടെയുമാണ് ദൈവരാജ്യം വളരുന്നതെന്ന് ലിയോ പാപ്പാ വ്യക്തമാക്കി. റോമിലെ കാസൽ ഗാൻഡോൾഫോയിൽ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടിയ തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.
മത്തായിയുടെ സുവിശേഷത്തിലെ കളകളുടെ ഉപമയും കടുകുമണിയുടെയും പുളിമാവിന്റെയും ഉപമയുമാണ് (മത്തായി 13: 24-43) പാപ്പാ വിചിന്തനവിഷയമാക്കിയത്. ദൈവം എപ്രകാരമാണ് മാനവചരിത്രത്തിലും പുരുഷന്മാരും സ്ത്രീകളുമായ നാമോരോരുത്തരുടെയും ജീവിതങ്ങളിലും ഇടപെടുന്നതെന്ന് ഈ ഉപമകൾ വെളിപ്പെടുത്തുന്നു - മാർപാപ്പ പറഞ്ഞു.
ശക്തിപ്രകടനത്തിലൂടെ സ്വയം അടിച്ചേൽപ്പിക്കുകയോ വിജയാരവത്തോടെ എഴുന്നള്ളുകയോ അല്ല മറിച്ച്, സൗമ്യതയുടെ അടയാളമായ ദീർഘക്ഷമയുള്ള സ്നേഹത്തോടെ എളിമയുടെ മാർഗമാണ് ദൈവം തെരഞ്ഞെടുക്കുന്നത്. അവിടത്തെ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ആ സ്നേഹം. 'കളകൾക്കിടയിൽപോലും' സാന്നിധ്യമറിയിച്ചുകൊണ്ട്, ഏറ്റവും ചെറിയ വിത്തുപോലെ അദൃശ്യമായും മാവിനുള്ളിൽ പ്രവർത്തിക്കുന്ന പുളിപ്പുപോലെ ശബ്ദകോലാഹലങ്ങളില്ലാതെയുമാണ് ദൈവസ്നേഹത്തിൻ്റെ പ്രവർത്തനമെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു.
എന്നാൽ പലരും പ്രതീക്ഷിക്കുന്നത്, ലോകത്തിൽനിന്ന് തിന്മയെ ഉന്മൂലനം ചെയ്യുന്ന ദൈവത്തിൻ്റെ നാടകീയമായ ഇടപെടലുകളാണ്. ഇപ്രകാരമുള്ള പ്രതീക്ഷകൾ വച്ചുപുലർത്തുന്നത്, ക്രിസ്തീയ ജീവിതത്തെക്കുറിച്ചും സഭയെക്കുറിച്ചും വികലമായ കാഴ്ചപ്പാടുകൾ രൂപപ്പെടാൻ ഇടയാക്കുമെന്ന് മാർപാപ്പ മുന്നറിയിപ്പു നൽകി.
പകരം, തിന്മയുടെ സാന്നിധ്യത്തിനിടയിലും ദൈവരാജ്യത്തിന്റെ വളർച്ച തിരിച്ചറിയാനാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പാപ്പാ പറഞ്ഞു. ഇതിനായി, അന്ധകാരത്തിനിടയിലും ഉദിച്ചുയരുന്ന നന്മ തിരിച്ചറിയാൻ പഠിക്കുകയും തിടുക്കത്തിൽ വിധി പ്രസ്താവിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുകയും ദൈവകൃപയുടെ ക്രമേണയുള്ള പ്രവർത്തനത്തെ ക്ഷമയോടെ അനുഗമിക്കുകയും ചെയ്യണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ദൈനംദിന ജീവിതത്തിലെ സാധാരണ നിമിഷങ്ങളിൽപോലും ദൈവരാജ്യം പ്രവർത്തനനിരതമാണ്. ദൈവം ഇല്ലെന്ന് തോന്നുമ്പോഴും എപ്പോഴും സഹായിക്കാൻ സന്നദ്ധമാകുന്ന സ്നേഹത്തിലൂടെ അവിടന്ന് സന്നിഹിതനാണെന്ന് മാർപാപ്പ പറഞ്ഞു.
ദൈവത്തിൻ്റെ ഈ പ്രവർത്തന രീതിയാണ് ക്രിസ്ത്യാനികൾ വ്യക്തിപരമായും സഭാംഗങ്ങൾ എന്ന നിലയിലും അനുവർത്തിക്കേണ്ടത്. സുവിശേഷ കേന്ദ്രീകൃതമായ സമീപനങ്ങൾ അവലംബിക്കാൻ ലിയോ പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. ഔദ്ധത്യം വെടിയുകയും മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിൻ്റെ നിശബ്ദമായ പ്രവൃത്തിയിൽ വിശ്വാസമർപ്പിച്ച് ജീവിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിജയത്തിൻ്റെയും മഹത്വത്തിന്റെയുമല്ല, 'വിത്തിന്റെ യുക്തി' സ്വീകരിക്കാനും സ്വയം ചെറുതായി മറ്റുള്ളവർക്ക് സേവനം ചെയ്യാനുമാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞതിനെ ലിയോ പാപ്പാ അനുസ്മരിച്ചു. അങ്ങനെ, 'സുവിശേഷത്തിൻ്റെ ചെറിയ വിത്തുകൾ' ആകാനും 'സ്നേഹത്തിൻ്റെ പുളിമാവായി' ലോകത്തെ അതിൻ്റെ ഉള്ളിൽനിന്ന് പരിവർത്തനം ചെയ്യാനും ക്രിസ്ത്യാനികൾക്ക് സാധിക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
ദൈവവചനത്തിന്റെ വിത്ത് എളിമയോടെ സ്വീകരിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിന് സകല വിശ്വാസികളെയും ഭരമേൽപ്പിക്കുകയും വിശ്വാസജീവിത യാത്രയിൽ നിലനിൽപ്പിന്റെ വരം അപേക്ഷിക്കുകയും ചെയ്തുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.