ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച കോടിക്കണക്കിന് ഡോളര്‍ യു.എസ് ബാങ്കുകള്‍ വഴി വെളുപ്പിച്ചെന്ന വെളിപ്പെടുത്തലില്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്റീന ടീം നാട്ടിലേക്ക് മടങ്ങാന്‍ ചാര്‍ട്ടര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
മത്സരത്തിന് ശേഷം ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങാനെത്തിയ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(എ.എഫ്.എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയ, ട്രഷറര്‍ പാബ്ലോ ടോവിഗിനോ എന്നിവരെ എയര്‍പോര്‍ട്ട് ബസ് തടഞ്ഞു നിര്‍ത്തി എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കളിക്കാര്‍ വിമാനത്തിലേക്ക് കയറാന്‍ ഒരുങ്ങവെ, ഉദ്യോഗസ്ഥര്‍ ടാപിയയെയും ടോവിഗിനോയെയും ബസില്‍ വെച്ച് അരമണിക്കൂറോളം ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാപിയയുടെ ഫോണ്‍ എഫ്.ബി.ഐ പിടിച്ചെടുത്തതായും അദേഹത്തെ കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമമായ 'ഇന്‍ഫോബെ' റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
എ.എഫ്.എയുമായി ബന്ധപ്പെട്ട 300 മില്യണ്‍ ഡോളറിലധികം(ഏകദേശം 2,895 കോടി രൂപ) വരുന്ന വാണിജ്യ കരാറുകളും സ്‌പോണ്‍സര്‍ഷിപ്പ് തുകകളുമാണ് പ്രധാനമായും എഫ്ബിഐയുടെ അന്വേഷണ പരിധിയിലുള്ളത്. അമേരിക്കയിലെ ചില ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് ഡോളര്‍ എത്തിയതായും ഇവ ഏതാനും ദിവസങ്ങള്‍ക്കം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ മാറ്റിയതായും ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ അര്‍ജന്റീനയില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് യു.എസ് ഏജന്‍സികളും അന്വേഷണം ശക്തമാക്കിയത്. അതേസമയം പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി.
എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ, ട്രഷറര്‍ പാബ്ലോ ടോവിഗിനോ എന്നിവരെ ഏതെങ്കിലും അമേരിക്കന്‍ കോടതിക്ക് മുന്‍പാകെ ഹാജരാകാന്‍ സമന്‍സ് അയക്കുകയോ ഇവരുടെ ഫോണുകളോ മറ്റ് ഉപകരണങ്ങളോ അന്വേഷണ സംഘം പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് എ.എഫ്.എ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍ സംഘടനയിലെ മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ ഒരു മൂന്നാം കക്ഷിക്ക് യു.എസ് ഗ്രാന്റ് ജൂറി സമന്‍സ് അയച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ സമ്മതിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.