മാപുടോ: മൊസാംബിക്കിലെ രണ്ടാമത്തെ തദ്ദേശീയ കർദ്ദിനാളും ഷായ്-ഷായ് കത്തോലിക്കാ അതിരൂപതയുടെ മുന്‍ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജൂലിയോ ഡുവാർട്ടെ ലംഗ നിര്യാതനായി. 99-ാം വയസ്സിലാണ് അദേഹത്തിന്റെ വിയോഗം. തന്റെ ഭൗമിക തീർത്ഥാടനം പൂർത്തിയാക്കി നിത്യസമ്മാനത്തിനായി യാത്രയായ കർദിനാൾ ലംഗ മൊസാംബിക്കിലെ കത്തോലിക്കാ സഭയുടെയും പ്രത്യേകിച്ച് ഷായ്-ഷായ് രൂപതയുടെയും വളർച്ചയ്ക്കായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച വ്യക്തിയാണെന്ന് മൊസാംബിക്കിലെ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ അനുസ്മരിച്ചു.
1927 ഒക്ടോബറിൽ മൊസാംബിക്കിലെ ഗാസ പ്രവിശ്യയിലെ മംഗുൻസെയിൽ ജനിച്ച കർദിനാൾ ലംഗ 1957 ജൂണിലാണ് വൈദികനായി അഭിഷിക്തനായത്. തുടർന്ന് 1976 ൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ പോൾ ആറാമൻ പാപ്പ പുതുതായി സ്ഥാപിതമായ ഷായ്-ഷായ് രൂപതയുടെ പ്രഥമ മെത്രാനായി അദേഹത്തെ നിയമിച്ചു. കടുത്ത ആഭ്യന്തര യുദ്ധവും അരക്ഷിതാവസ്ഥയും നിറഞ്ഞ ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും രണ്ട് പതിറ്റാണ്ടിലേറെക്കാലം വിശ്വാസി സമൂഹത്തെ സധൈര്യം നയിച്ചു.
സായുധ സംഘർഷങ്ങൾക്കും പകർച്ചവ്യാധികൾക്കും പ്രകൃതിദുരന്തങ്ങൾക്കും ഇരയായ ജനങ്ങൾക്ക് ആശ്വാസമേകാനും രൂപതയെ ആത്മീയമായും ഭൗതികമായും മുന്നോട്ട് നയിക്കാനും അദ്ദേഹം മുൻകൈയെടുത്തു. തദേശീയ ഭാഷകളിലുണ്ടായിരുന്ന അദേഹത്തിന്റെ അറിവ് സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകൾ മൊസാംബിക്കിലെ പ്രധാന പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
സഭയ്ക്കും സമൂഹത്തിനും നൽകിയ അത്യുന്നതമായ സേവനങ്ങളെ മാനിച്ചുകൊണ്ട്, 2015 ഫെബ്രുവരി 14 ന് നടന്ന കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. തന്റെ 87-ാം വയസിലാണ് അദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
കർദിനാൾ ജൂലിയോ ഡുവാർട്ടെ ലംഗയുടെ വിയോഗത്തോടെ തിരുസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 240 ആയി കുറഞ്ഞു. ഇതിൽ 116 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളവരും 124 പേർ വോട്ടവകാശമില്ലാത്തവരുമാണ്.
സഭയ്ക്കുവേണ്ടി ജീവിച്ച ആ ദീർഘദർശിയായ ഇടയന്റെ വേർപാടിൽ മൊസാംബിക്കിലെ ക്രൈസ്തവ സമൂഹം ഒട്ടനവധി പ്രാർത്ഥനകളോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.