വിശുദ്ധ അഗസ്റ്റിന്റെ നഷ്ടപ്പെട്ടുയെന്ന് കരുതിയ രണ്ട് വചന വ്യാഖ്യാനങ്ങൾ കണ്ടെത്തി; ചരിത്രപരമായ കണ്ടെത്തലുമായി പോളണ്ടിലെ പെൽപ്ലിൻ രൂപത

വിശുദ്ധ അഗസ്റ്റിന്റെ നഷ്ടപ്പെട്ടുയെന്ന് കരുതിയ രണ്ട് വചന വ്യാഖ്യാനങ്ങൾ കണ്ടെത്തി; ചരിത്രപരമായ കണ്ടെത്തലുമായി പോളണ്ടിലെ പെൽപ്ലിൻ രൂപത

വാർസോ: ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ അഗസ്റ്റിന്റെ, ഇതുവരെ ലോകം അറിയാത്ത രണ്ട് വചന വ്യാഖ്യാനങ്ങൾ കണ്ടെത്തി. വടക്കൻ പോളണ്ടിലെ പെൽപ്ലിൻ രൂപതാ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പഴയൊരു കൈയെഴുത്തുപ്രതിയിൽ നിന്നാണ് ഈ നിർണായക കണ്ടെത്തൽ. ജർമ്മനിയിലും ഓസ്ട്രിയയിലുമുള്ള പണ്ഡിതന്മാർ ചേർന്ന് നടത്തിയ ഏകദേശം രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് ഈ അമൂല്യ രേഖകൾ വെളിച്ചം കാണുന്നത്.

ഏകദേശം 1,600 വർഷങ്ങൾക്ക് മുമ്പ് നടത്തപ്പെട്ട ഈ പ്രസംഗങ്ങൾ, വിശുദ്ധ അഗസ്റ്റിന്റെ ചിന്തകളിലേക്കും വചനവ്യാഖ്യാനങ്ങളിലേക്കും പുതിയൊരു വെളിച്ചം വീശുന്നതാണെന്ന് ചരിത്ര ഗവേഷകർ വിലയിരുത്തുന്നു. ജർമ്മനിയിലെ ബാഡ് ഡോബെറാൻ, വൂർസ്ബർഗ്, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ലൈബ്രറിയിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

വർഷങ്ങളായി പെൽപ്ലിനിലെ രൂപത ലൈബ്രറി ശേഖരത്തിന്റെ ഭാഗമായിരുന്നെങ്കിലും, ഈ കൈയെഴുത്തുപ്രതിയെക്കുറിച്ച് ഒരിക്കലും ആഴത്തിലുള്ള പഠനങ്ങൾ നടന്നിരുന്നില്ലെന്ന് ലൈബ്രറി ഡയറക്ടറായ ഫാ. ജാൻ വാൽക്കുസ് പറഞ്ഞു. ഹിപ്പോയിലെ ബിഷപ്പും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിന്റെ ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്ന് അദേഹം സ്ഥിരീകരിച്ചു.

ബാഡ് ഡോബെറാൻ മൊണാസ്ട്രി അസോസിയേഷനിലെ പോൾ നെബൗവർ ഒരു കൈയെഴുത്തുപ്രതി കണ്ടെത്തിയതോടെയാണ് ഗവേഷണങ്ങൾക്ക് തുടക്കമായത്. തുടർന്ന് അതിലെ ഉള്ളടക്കം തിരിച്ചറിയാനും വിവർത്തനം ചെയ്യാനുമായി വുർസ്ബർഗിലെ ജൂലിയസ്-മാക്സിമിലിയൻസ് സർവകലാശാലയിലെ ലാറ്റിൻ പണ്ഡിതനായ പ്രൊഫസർ ക്രിസ്റ്റ്യൻ ടോർനൗവിന്റെ സഹായം തേടുകയായിരുന്നു.

ഒന്നാം സാമുവൽ പുസ്തകം 28-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സാവൂൾ രാജാവും എൻഡോറിലെ മന്ത്രവാദിനിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വ്യാഖ്യാനമാണ് ഈ രേഖകളിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

ആരാധനാക്രമം, ഭാഷ, സവിശേഷമായ ദൈവശാസ്ത്ര ശൈലി എന്നിവയുമായി ബന്ധപ്പെട്ട ആധികാരിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഭാഷണങ്ങൾ വിശുദ്ധ അഗസ്റ്റിന്റേതു തന്നെയാണെന്ന് പണ്ഡിതന്മാർ പൂർണമായും സ്ഥിരീകരിച്ചത്. ക്രൈസ്തവ ലോകത്തിനും തിരുസഭയ്ക്കും ഒരുപോലെ വലിയ ആവേശമായി മാറിയിരിക്കുകയാണ് ഈ അപൂർവ്വ കണ്ടെത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.