പോരാട്ടവീര്യം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളെത്തുന്നു: രാഹുല്‍ ഇന്ന് കൊച്ചിയില്‍; മോഡി 30ന് തിരുവനന്തപുരത്ത്

പോരാട്ടവീര്യം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളെത്തുന്നു: രാഹുല്‍ ഇന്ന് കൊച്ചിയില്‍; മോഡി 30ന് തിരുവനന്തപുരത്ത്

കൊച്ചി: അങ്കത്തട്ടുകളില്‍ പോരാളികളുടെ ചിത്രം വ്യക്തമായതോടെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രമുഖ ദേശീയ നേതാക്കളെത്തുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.

രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

നാളെ കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. പ്രിയങ്കഗാന്ധി, സച്ചിന്‍ പൈലറ്റ്, കപില്‍ സിബല്‍, ഗുലാംനബി ആസാദ് തുടങ്ങിയവരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും വരുന്നുണ്ട്.

ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 30നും ഏപ്രില്‍ രണ്ടിനുമായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ട് റാലികളില്‍ പങ്കെടുക്കും. അമിത് ഷാ കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ 25നും ഏപ്രില്‍ മൂന്നിനും എത്തും.

സിനിമാതാരം വിജയശാന്തി 25നും യോഗി ആദിത്യനാഥ് 27നും രാജ്‌നാഥ് സിംഗ് 28നും ജെ.പി. നദ്ദ 31നും എത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി 28ന് വീണ്ടുമെത്തും. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനു വേണ്ടിയാണ് ഇറാനിയെത്തുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്ഥ് നാരായണനും കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയും കേരളത്തിലുണ്ട്.

ഇടതുമുന്നണിയില്‍ താര പ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. ഇന്ന് കോട്ടയത്തു നിന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം 30ന് തിരുവനന്തപുരത്ത് സമാപിക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, സുഭാഷിണി അലി എന്നിവരാണ് മറ്റ് പ്രചാരകര്‍. യെച്ചൂരി 23നും കാരാട്ട് 25നും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.