ന്യൂഡൽഹി: കോവിഡ് വാക്സിൻ ട്രയൽ പൂർത്തിയാകാത്ത സാഹചര്യത്തിൽ കുട്ടികൾക്കുള്ള വാക്സിൻ വിതരണം വൈകും. വാക്സിൻ ട്രയൽ പൂർത്തിയായി ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ വാക്സിൻ കുത്തിവയ്പിനുള്ള പ്രായപരിധിയിൽ കൂടുതൽ ഇളവു നൽകിയ ‘ഇസ്രയേൽ മോഡൽ’ പിന്തുടരാൻ തൽക്കാലം ഇന്ത്യ തയാറാകില്ല.
ഇന്ത്യ കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് അനുമതി നൽകിയത് 18 വയസിനു മുകളിലുള്ളവരിൽ നടന്ന ട്രയലുകളുടെ ഇടക്കാല ഫലം പരിഗണിച്ചാണ്. ഇതിൽ കോവാക്സിനാണു കുട്ടികളുടെ ട്രയലുമായി മുന്നോട്ടുപോകുന്നത്. അതേസമയം, 12–15 പ്രായക്കാർക്കിടയിൽ നടത്തിയ ട്രയലും ഫലപ്രദമാണെന്ന അവകാശവാദമാണ് ഫൈസറിന്റേത്.
കുട്ടികളിലെയും മുതിർന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല. കുട്ടികൾക്ക് കൂടുതൽ പ്രതിരോധശേഷിയുണ്ട്. വാക്സിനെതിരെ ഇതു കൂടുതൽ ശക്തമായി പ്രവർത്തിക്കും. അതുകൊണ്ടു തന്നെ ഡോസിന്റെ കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ പഠനങ്ങൾ വേണ്ടിവരും. അല്ലെങ്കിൽ വിപരീത ഫലം പ്രശ്നമാകും.
16 വയസിനു മുകളിലുള്ളവരിൽ ഉപയോഗിക്കാൻ വിദേശത്ത് അനുമതിയുള്ള ഫൈസർ വാക്സിൻ ഇന്ത്യയിലെത്തിയാലും തുടക്കത്തിൽ മുതിർന്നവർക്കാകും ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ കോവിഡിന്റെ കാര്യത്തിൽ കുട്ടികൾ പൊതുവേ സുരക്ഷിതരാണെന്ന വാദമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടാറുള്ളത്. എന്നാൽ, രണ്ടാംതരംഗത്തിൽ കുട്ടികൾക്ക് കൂടുതലായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹരിയാനയിലെ കർണാലിൽ 54 സ്കൂൾ കുട്ടികൾക്ക് ഒരുമിച്ചു വന്നതും ഇന്നലെ മൊഹാലിയിൽ 42 വിദ്യാർഥികൾക്ക് സ്ഥിരീകരിച്ചതും പോലുള്ള സംഭവങ്ങൾ ഇത്തരം വ്യാഖ്യാനങ്ങൾക്കു ബലം നൽകുന്നു.
നേരിയ വർധനയുണ്ടെങ്കിലും ഇക്കുറി കുട്ടികൾക്ക് കൂടുതലായി വരുന്നുവെന്ന വാദം ശരിയല്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. 0–19 പ്രായക്കാർക്കിടയിൽ ആകെ കേസുകൾ 4.2% ആയിരുന്നു ആദ്യ തരംഗത്തിലെങ്കിൽ ഇപ്പോഴത് 5.8% ആണ്
കുട്ടികൾക്കായി ട്രയൽ
∙ കോവാക്സിൻ
രണ്ട് മുതൽ 18 വയസുവരെ പ്രായക്കാരിൽ വാക്സിൻ ട്രയൽ നടത്താനുള്ള അനുമതി ഭാരത് ബയോടെക്കിന് ലഭിച്ചു. ഇതു പൂർത്തിയാകാൻ സമയമെടുക്കും.
∙ കോവിഷീൽഡ്
ഇന്ത്യയിലെ കോവിഷീൽഡിന്റെ യഥാർഥ നിർമാതാക്കളായ അസ്ട്രസെനക ആറ് മുതൽ 17 പ്രായക്കാർക്കിടയിൽ ട്രയൽ തുടങ്ങിയെങ്കിലും തൽക്കാലം നിർത്തിവച്ചു. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണിത്. ഒരേ വാക്സീനായതിനാൽ ഇന്ത്യയിൽ അനുമതിക്ക് പ്രത്യേക ട്രയൽ തുടക്കത്തിൽ വേണ്ടിവരില്ല.
∙ ഫൈസർ വാക്സീൻ
16 വയസിനു മുകളിലുള്ളവരിൽ ഉപയോഗത്തിന് അനുമതിയുണ്ട്. 12 മുതൽ 15 പ്രായക്കാർക്കിടയിൽ വാക്സിൻ ഫലപ്രദമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കാക്കുന്നു. 12നു താഴെയുള്ളവരിലെ പഠനത്തിനും നടപടി തുടങ്ങി.
∙ മൊഡേണ
12 മുതൽ 18 പ്രായത്തിലുള്ളവരുടെ ട്രയൽ നടപടികൾ പുരോഗമിക്കുന്നു.
∙ സിനോവാക്
മൂന്ന് മുതൽ 17 പ്രായത്തിലുള്ളവർക്ക് ട്രയൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.