ചൊവ്വയില്‍നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് ചൈനയുടെ ഷുറോങ് റോവര്‍

ചൊവ്വയില്‍നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച്  ചൈനയുടെ ഷുറോങ് റോവര്‍

ബീജിങ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ ഷുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സി.എന്‍.എസ്.എ) പുറത്തുവിട്ടു.

ചൊവ്വയുടെ ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നതിനു മുന്‍പായി റോവറിന്റെ പാരച്യൂട്ട് വിന്യസിക്കുന്നതും വിജയകരമായി ഇറങ്ങുന്നതും ഉപരിതലത്തിലൂടെ സഞ്ചിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ചൈന പുറത്തുവിട്ടത്. ആറു ചക്രങ്ങളുള്ള റോവറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ 236 മീറ്ററാണ് സഞ്ചരിച്ചത്.

ചൊവ്വയുടെ ഉട്ടോപ്പിയ, പ്ലാനിഷ്യ മേഖലയിലാണ് റോവര്‍ ഇറങ്ങിയത്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന്റെ സാധ്യതകള്‍ അറിയുകയാണ് റോവറിന്റെ ലക്ഷ്യം. പ്രത്യേകിച്ചും ചൊവ്വയില്‍ വെള്ളത്തിന്റെയും ഐസിന്റെയും സാന്നിധ്യം തിരയുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 42 ദിവസമായി റോവര്‍ ചൊവ്വയില്‍ സഞ്ചരിച്ച് ഗവേഷണം തുടരുകയാണ്.



കഴിഞ്ഞ ജൂലൈയിലാണ് ടിയാന്‍വെന്‍-1, ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്ന ദൗത്യം ഭൂമിയില്‍നിന്നു വിക്ഷേപിച്ചത്. ഫെബ്രുവരി 10-നാണ് ടിയാന്‍വെന്‍-1 ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. തുടര്‍ന്ന് മേയ് 15-ന് പുലര്‍ച്ചെയോടെ ഷുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങി. അന്ന് ലാന്‍ഡിങ് പ്ലാറ്റ്‌ഫോമിനടുത്ത് നിന്നുള്ള റോവറിന്റെ മനോഹരമായ സെല്‍ഫിയും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അന്ന് അയച്ചിരുന്നു. ചൊവ്വയിലെ ചുവന്ന മണ്ണിന്റെ ചിത്രവും പേടകത്തിന്റെ ലാന്‍ഡിങ് സൈറ്റിന്റെ വിശാലമായ കാഴ്ച്ചയും അതിമനോഹരമാണ്.


ചൈനയിലെ അഗ്‌നിദേവനായ ഷുറോങ്ങിന്റെ പേരിലുള്ള റോവര്‍ ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ തേടി 90 ദിവസം അവിടെ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിനു ശേഷം ചൊവ്വയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണു ചൈന. പനോരമിക്-മള്‍ട്ടിസ്പെക്ട്രല്‍ ക്യാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളും അടക്കമാണ് റോവര്‍ ചൊവ്വയിലെത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.