മിഷൻ ഞായറിൽ പ്രാർത്ഥന ഉയരട്ടെ, ഒപ്പം സഹായവും : വത്തിക്കാൻ

മിഷൻ ഞായറിൽ പ്രാർത്ഥന ഉയരട്ടെ, ഒപ്പം സഹായവും : വത്തിക്കാൻ

വത്തിക്കാൻ : ഇന്ന് മിഷൻ ഞായർ. ലോകമെമ്പാടും പ്രാദേശിക സഭകൾ കോവിഡ് പകർച്ചവ്യാധിമൂലമുള്ള പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മിഷൻ ഞായർ കൂടുതൽ പ്രാർത്ഥനകളും അകമഴിഞ്ഞ സഹായവും കൊണ്ട് ധന്യമാക്കണമെന്നു വത്തിക്കാനിൽ നിന്നും ആഹ്വാനം. ഈ സമയം നമ്മൾ ലോകത്തിൽ എവിടെയാണെങ്കിലും സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കണം. അതുവഴി സുവിശേഷം ലോകമെങ്ങും എത്താൻ ഇടവരട്ടെയെന്നു പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ ആയ ഫാ. തദേവൂസ് ജെ നൊവാക് വത്തിക്കാനിൽ നടത്തിയ പത്ര സമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. അതോടൊപ്പം തന്നെ കഴിയുന്നവരെല്ലാം തങ്ങൾക്കുള്ളതിൽനിന്നും സമ്പത്തു പങ്കുവയ്ക്കണമെന്നും അതുവഴി ശൈശവ ദശയിലായിരിക്കുന്ന സഭാ പ്രവർത്തനങ്ങളെ സഹായിക്കാൻ നമുക്കാകുമെന്നും ഫാ. നൊവാക് പറഞ്ഞു.

സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായ ബിഷപ്പ് പ്രോത്താസ് റുഗാമ്ബ്വാ, ഫ്രാൻസിസ് പാപ്പാ ഈവർഷത്തെ മിഷൻ ഞായറിനായി നൽകിയ സന്ദേശം ഓർമപ്പെടുത്തി. 'ഇതാ ഞാൻ, അയച്ചാലും', എന്ന സന്ദേശത്തിന്റെ ഉള്ളടക്കംതന്നെ നമ്മുടെ ജീവിത നിയോഗത്തിലും സഭയോടൊള്ള ബന്ധത്തിലും പ്രേഷിത ദൗത്യം നിർവഹിക്കാൻ നേരിടുന്ന വെല്ലുവിളികളിലേക്കു വിരൽ ചൂണ്ടുന്നതായി ബിഷപ്പ് വ്യക്തമാക്കി. "ആഗോള സഭക്ക് ഒന്നടങ്കം ആനന്ദം പ്രദാനം ചെയ്യുന്ന ദിവസമാണ് മിഷൻ ഞായർ. പ്രാദേശിക സഭകൾ പ്രതിസന്ധികളുടെ മധ്യത്തിലും ഈ ദിനം വ്യത്യസ്തമായ രീതിയിൽ ആചരിക്കുമെന്നാണ് തന്റെ പ്രത്യാശ", ബിഷപ്പ് റുഗാമ്ബ്വാ പറഞ്ഞു ബിഷപ്പ് റുഗാമ്ബ്വായോടൊപ്പം പ്രവർത്തിക്കുന്ന ബിഷപ്പ് ജ്യംപിയത്രോ ദൽ റ്റോസോ മഹാമാരിയുടെ നാളുകളിൽ ആരംഭിച്ച പ്രത്യേക ധനസഹായത്തെക്കുറിച്ചു അറിയിച്ചു. ഇതുവരെ 250 പ്രൊജെക്ടുകളിലായി 1,299,700 ഡോളറും 473,410 യൂറോയും ചിലവഴിച്ചു കഴിഞ്ഞതായി ബിഷപ്പ് ദൽ റ്റോസോ പറഞ്ഞു.

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ധനസഹായത്തിൽ നല്ലൊരുപങ്ക്‌ പ്രതിസന്ധികൾ നേരിടുന്ന രൂപതകളിൽ അനുദിന ചിലവുകൾക്കായും വൈദീകരുടെ അതിജീവനത്തിനായും നൽകിയെന്നും അതോടൊപ്പം തന്നെ അത്യാവശ്യത്തിലായിരിക്കുന്ന സന്യാസ സമൂഹങ്ങൾക്കും കത്തോലിക്കാ സ്‌കൂളുകൾക്കും സഹായമെത്തിക്കാനും പരിതാപകരമായ അവസ്ഥയിലായിരുന്ന ചില കുടുംബങ്ങൾക്ക് ആവശ്യമായത് നൽകാനും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. നമ്മൾ നൽകിയ സമാശ്വാസം സമുദ്രത്തിൽ ഒരു തുള്ളി ജലം പോലെ മാത്രമേ ഉള്ളൂ എന്ന് അറിയാമെങ്കിലും സന്തോഷത്തിലും സന്താപത്തിലും നാം സഹവിശ്വാസികളോട് ഒപ്പമുണ്ടെന്നു അവരെ അറിയിക്കാൻ ഇത് ഉപകരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

(ജോസഫ് ദാസൻ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.