യൂറോപ്പില്‍ മിന്നല്‍ പ്രളയം: നിരവധി മരണങ്ങള്‍; 1300 പേരെ കാണാതായി

യൂറോപ്പില്‍ മിന്നല്‍ പ്രളയം: നിരവധി മരണങ്ങള്‍;  1300 പേരെ കാണാതായി

ബെര്‍ലിന്‍: പടിഞ്ഞാറന്‍ യൂറോപ്പില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും വന്‍ ദുരന്തം. ജര്‍മനി, ബല്‍ജിയം, തുര്‍ക്കി എന്നിവിടങ്ങളിലായി എഴുപതിലധികം പേരാണു മരിച്ചത്. ജര്‍മനിയിലെ ഒരു ഗ്രാമത്തില്‍നിന്നു മാത്രം 1,300-ധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു കരുതുന്നത്.

പലയിടത്തും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നു. അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെതുടര്‍ന്ന് തുറന്നുവിട്ടു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കാറുകള്‍ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയില്‍ ഗതാഗതം തകരാറിലായി. പലയിടത്തും ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം നിലച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.


ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ നാശമുണ്ടായത്. ഒരു ജില്ലയില്‍നിന്നു മാത്രം ആയിരത്തിലേറെ പേരെ കാണാനില്ലെന്ന് ജര്‍മന്‍ ചാന്‍സ്‌ലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. പശ്ചിമ ജര്‍മനിയിലെ ആര്‍വീലറിലാണ് 1,300-ലധികം പേരെ കാണാതായത്. ജില്ലയുടെ തലസ്ഥാനമായ ബാദ് ന്യൂനര്‍ ആര്‍വീലര്‍ നഗരത്തെ സമ്പൂര്‍ണമായി പ്രളയമെടുക്കുകയായിരുന്നു.

അപ്രതീക്ഷിത പ്രളയപ്പാച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയതാണ് ദുരന്തം ഇരട്ടിയാക്കിയത്. അതീവ ദുഷ്കരമായ സാഹചര്യത്തിലും അടിയന്തര സേവന വിഭാഗത്തിലെ ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴയ്ക്കു പിന്നാലെയാണ് പ്രളയവും കുത്തൊഴുക്കും പട്ടണത്തെ തകര്‍ത്തുകളഞ്ഞത്.
നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് മുപ്പതും തൊട്ടടുത്ത സംസ്ഥാനമായ റൈന്‍ലാന്‍ഡ് പാലറ്റിനയില്‍ 28 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചു. സാധാരണ ഗതിയില്‍ രണ്ടു മാസം കൊണ്ട് പെയ്യുന്ന മഴ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍കൊണ്ട് പെയ്തതെന്നു ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


ബോണ്‍ നഗരത്തിന്റെ തെക്കുഭാഗത്തുള്ള അഹ്ര്‍ നദി കരകവിഞ്ഞ് ഒട്ടേറെ വീടുകള്‍ തകര്‍ന്നു. സെല്ലാറുകളില്‍ കുടുങ്ങിയവരാണ് മരിച്ചവരിലേറെയും. ഒട്ടേറെ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റൈന്‍ നദയിലൂടെ ഗതാഗതം നിര്‍ത്തി.
നെതര്‍ലന്‍ഡ്‌സില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. അസാധാരണമായ കനത്ത മഴ ഫ്രാന്‍സിന്റെ വടക്കുകിഴക്കന്‍ മേഖലയിലും ജനജീവിതം തകരാറിലാക്കി.


ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഒമ്പതു താമസക്കാര്‍ മരിച്ചവരില്‍ പെടും. ഭീതി തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 11 പേരാണു മരിച്ചത്. മേഖലയിലുടനീളം വെള്ളിയാഴ്ചയും ശക്തമായ മഴ പ്രവചനമുണ്ട്. ബ്രസല്‍സ്, ആന്റ്‌വെര്‍പ് നഗരങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീജില്‍ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക.

തുര്‍ക്കിയുടെ കരിങ്കടല്‍ തീരപ്രദേശങ്ങളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും നാശം വിതച്ചത്. റീസ് പ്രവിശ്യയില്‍ മണ്ണിടിച്ചിലില്‍ ആറു പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.