'ഡെല്‍റ്റ'യ്‌ക്കെതിരെ വാക്‌സിനുകള്‍ ഉദ്ദേശിച്ചത്ര ഫലിക്കുന്നില്ലെന്ന് ഓക്‌സ്ഫോര്‍ഡ് റിപ്പോര്‍ട്ട്

'ഡെല്‍റ്റ'യ്‌ക്കെതിരെ വാക്‌സിനുകള്‍ ഉദ്ദേശിച്ചത്ര ഫലിക്കുന്നില്ലെന്ന് ഓക്‌സ്ഫോര്‍ഡ് റിപ്പോര്‍ട്ട്

ലണ്ടന്‍/ചെന്നൈ: കോവിഡ് രോഗം പ്രതിരോധിക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെങ്കിലും ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ കാര്യത്തില്‍ വാക്‌സിനേഷന്‍ പ്രതീക്ഷിച്ച ഫലമുളവാക്കുന്നില്ലെന്ന്് ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഗവേഷണ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണ് ഇക്കൂട്ടത്തില്‍ കനത്ത വെല്ലുവിളിയാകുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും ഡെല്‍റ്റ രോഗമെത്തുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. വാക്‌സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊറോണയ്‌ക്കെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിലും ഗവേഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് പലരിലും നഷ്ടപ്പെടുന്നതായാണ് നിഗമനം.

മുഴുവന്‍ വാക്സിനേഷനും കഴിഞ്ഞ് 90 ദിവസത്തിനു ശേഷം 'ഡെല്‍റ്റ'ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഫൈസര്‍, ബയോ എന്‍ ടെക് വാക്സിനുകള്‍ ക്ക് അടക്കമുള്ളവയ്ക്ക് സാധിക്കാത്ത അവസ്ഥയാണുണ്ടാകുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാകിസ്ന്‍ സ്വീകരിക്കാത്തവരുടെ സമാനമായ ആരോഗ്യാവസ്ഥയാണ് അപ്പോള്‍ ഇവരിലും കാണപ്പെടുന്നത്.ഈ സാഹചര്യത്തില്‍ 'ബൂസ്റ്റര്‍' ഷോട്ട് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതിലേക്ക്് പഠന റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.

രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്‍കുമെന്ന് യുഎസ് അറിയിച്ചിരുന്നു. യുകെയും കഴിയുന്നത്രയും പേരിലേക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇസ്രയേലാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിച്ച മറ്റൊരു രാജ്യം. ഇവിടെ 60 ന് മുകളില്‍ പ്രായം വരുന്നവരില്‍ 86 ശതമാനം പേരിലും ബൂസ്റ്റര്‍ ഷോട്ട് 'പൊസിറ്റീവ്' ആയി പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ തീവ്രവ്യാപനത്തില്‍ നിര്‍ണായകമായ കോവിഡ് ഡെല്‍റ്റ വകഭേദം വാക്‌സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) ചെന്നൈയില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയിരുന്നു. വാക്‌സിനെടുത്തവരില്‍ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കി.

വാക്‌സിനെടുത്തവരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെയാണ് ബി.1.617.2 എന്ന ഡെല്‍റ്റ വകഭേദം പടരുന്നത്. നിലവില്‍ ലോകം മുഴുവനും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നതും ഇന്ത്യയില്‍ രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനത്തിനിടയാക്കിയതും ഇതു തന്നെ. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകള്‍ സ്വീകരിച്ചവരില്‍ മരണസാധ്യത കുറവാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണെന്ന് പഠനത്തില്‍ പങ്കാളിയായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജി ശാസ്ത്രജ്ഞന്‍ ജെറോമി തങ്കരാജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.