കാബൂള്‍/ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിനടുത്തു നിന്ന് ഭൂരിഭാഗം ഇന്ത്യാക്കാരുള്‍പ്പെടെ ഏകദേശം 150 പേരെ താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടു പോയതായി അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരെ കസ്റ്റഡിയിലെടുത്തതാണെന്ന് വ്യക്തമായി. തട്ടിയെടുത്തതായുള്ള വാര്‍ത്ത താലിബാന്‍ നിഷേധിച്ചു.പോലീസ് സ്റ്റഷനിലേക്ക് ഇവരെ കൊണ്ടുപോയി, കയ്യിലുള്ള രേഖകള്‍ താലിബാന്‍ പരിശോധിക്കുകയാണെന്നും തിരികെ വിട്ടാലുടനെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നതായി എന്‍ഡി ഡിവി അറിയിച്ചു.
താലിബാന്റെ കറുത്ത പട്ടികയിലുള്ളവര്‍ രക്ഷപ്പടുന്നില്ലെന്നുറപ്പു വരുത്താനാണ് കര്‍ശന പരിശോധനയെന്നാണ് സൂചന. ഇന്ത്യന്‍ വ്യോമസേനയുടെ സി -130 ജെ ട്രാന്‍സ്പോര്‍ട്ട് വിമാനം കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരെ ഒഴിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 പേരെ താലിബാന്‍ തട്ടിക്കൊണ്ടു പോയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നത്. വിമാനം താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ ഒഴിപ്പിക്കലിനായി രണ്ടാമത്തെ സി -17 വിമാനം കാബൂളിലുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ എല്ലാ എംബസി ജീവനക്കാരെയും ഒഴിപ്പിച്ചെങ്കിലും യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ പല നഗരങ്ങളിലുമായി ആയിരം പൗരന്മാര്‍ തുടരുന്നുണ്ടെന്നും അവരുടെ സ്ഥലവും അവസ്ഥയും കണ്ടെത്തുന്നത് നിലവില്‍ വെല്ലുവിളിയാണെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് പ്രധാന കാരണം.കാബൂളിലെ ഒരു ഗുരുദ്വാരയില്‍ അഭയം പ്രാപിച്ച 200 സിഖുകാരും ഹിന്ദുക്കളും അക്കൂട്ടത്തിലുണ്ട്.താലിബാന്റെ വക്താവ് തങ്ങള്‍ക്ക്് സുരക്ഷ ഉറപ്പുനല്‍കിയതായി ഗുരുദ്വാര തലവന്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.