ഓസ്ട്രേലിയയും യു.എസും ബ്രിട്ടനും ചേര്‍ന്ന് ചൈനക്കെതിരേ ത്രിരാഷ്ട്ര സഖ്യം; ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ തീരുമാനം

ഓസ്ട്രേലിയയും യു.എസും ബ്രിട്ടനും ചേര്‍ന്ന് ചൈനക്കെതിരേ ത്രിരാഷ്ട്ര സഖ്യം; ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: ചൈന ഉയര്‍ത്തുന്ന ഭീഷണിയും വര്‍ധിച്ചു വരുന്ന ഇസ്ലാമിക് ഭീകരതയും നേരിടുകയെന്ന ലക്ഷ്യത്തോടെ പ്രതിരോധ രംഗത്ത് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേരുന്ന പുതിയ ത്രിരാഷ്ട്ര പ്രതിരോധ സഖ്യം രൂപീകരിച്ചു. പസഫിക് മേഖലയിലെ നിര്‍ണായക ശക്തികളായ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന് പുറമേയാണ് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും സൈനിക സഹകരണം ഉള്‍പ്പെടെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

ചരിത്രപരമായ പുതിയ സൈനിക സഖ്യത്തിന് കീഴില്‍ റോയല്‍ ഓസ്ട്രേലിയന്‍ നാവികസേനയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്ട്രേലിയയെ ബ്രിട്ടണും അമേരിക്കയും പിന്തുണയ്ക്കും. കുറഞ്ഞത് എട്ട് ആണവ-അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ ഓസ്‌ട്രേലിയയ്ക്കു കഴിയും. അഡ്‌ലെയ്ഡിലെ ഓസ്‌ബോണ്‍ നാവിക കപ്പല്‍ശാലയിലായിരിക്കും നിര്‍മാണം.

ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സൈനികമായുള്ള കടന്നുകയറ്റം മൂന്ന് രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ക്വാണ്ടം ടെക്‌നോളജി, സൈബര്‍ സുരക്ഷ എന്നിവ ഉള്‍ക്കൊള്ളുന്ന കരാര്‍ ഓക്കസ് (AUKUS) എന്നാണ് അറിയപ്പെടുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ബുധനാഴ്ച പുതിയ കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

ക്വാഡ് സഖ്യത്തിന്റെ യോഗം യു.എസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസില്‍ 24-ന് ചേരാനിരിക്കെയാണ് പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം.

സഖ്യത്തിന്റെ കീഴില്‍ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകള്‍ പങ്കിടാനും ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനും, സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

പുതിയ കരാറിനെ തുടര്‍ന്ന് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സുമായി നേരത്തെ ഒപ്പിട്ട കരാറിന്റെ പ്രസക്തി നഷ്‌പ്പെടും. ഓസ്‌ട്രേലിയന്‍ നാവികസേനയ്ക്കായി 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള 90 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാറാണ് ഫ്രാന്‍സിനു നല്‍കിയത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ പ്രതിരോധ കരാറാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.