ന്യൂഡല്‍ഹി: പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയ കേസെടുക്കാന്‍ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് എ. എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വമേധയ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ക്വാറി ഉടമകളുടെയും വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച പരാതിയുടെ പകര്‍പ്പില്‍ സ്വമേധയ എടുത്ത കേസിലാണ് ദേശിയ ഹരിത ട്രിബ്യൂണല്‍ കേരളത്തിലെ ക്വാറി ദൂര പരിധി 200 മീറ്ററായി വര്‍ധിപ്പിച്ചത്. എന്നാല്‍ സ്വമേധയ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്വമേധയാ കേസെടുക്കാന്‍ അധികാരമുണ്ടെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുതിയ ക്വാറികള്‍ക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂവെന്ന് ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി വിധിച്ചിരുന്നു. പഴയ ക്വാറികള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് എതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അധികാരം ട്രിബ്യുണലിന് ഉണ്ടെങ്കിലും സ്വമേധയ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ സ്വീകരിച്ച നിലപാട്. സ്വമേധയ കേസെടുത്ത് ഉത്തരവിറക്കാന്‍ ഉള്ള അധികാരം ട്രിബ്യൂണലിന് ഇല്ലെന്ന് അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
ഹരിത ട്രിബ്യൂണല്‍ നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന പരിസ്ഥിതി ട്രിബ്യൂണല്‍ നിയമത്തില്‍ സ്വമേധയ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നു. എന്നാല്‍, എന്‍ജിടി നിയമത്തില്‍ ഈ അധികാരം ഒഴിവാക്കുകയായിരുന്നെന്നും ആനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ദേശിയ ഹരിത ട്രിബ്യൂണലിന് സ്വമേധയ കേസെടുക്കാനുള്ള അധികാരം സംബന്ധിച്ച വിഷയത്തില്‍ മാത്രമാണ് സുപ്രീംകോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.