ലണ്ടന്‍: ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥ കണക്കിലെടുക്കാതെ ബഹിരാകാശ വിനോദസഞ്ചാരത്തിലേര്‍പ്പെടുന്ന കോടീശ്വരന്മാരെ ബ്രീട്ടീഷ് രാജകുമാരന്‍ വില്യം വിമര്‍ശിച്ചത് അദ്ദേഹത്തിന്റെ 'അബദ്ധ ധാരണകള്‍' മൂലമാണെന്ന് തൊണ്ണൂറാമത്തെ വയസില്‍ ബഹിരാകാശ യാത്ര നടത്തിയ കനേഡിയന്‍ ടെലിവിഷന്‍ താരം വില്യം ഷാട്‌നെര്‍. ഭൂമിയെ വിഷമിപ്പിക്കുന്ന പരിസ്ഥിതി മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിന് ബഹിരാകാശം തുണയാകുമെന്ന് വില്യം ഷാട്‌നെര്‍ പറയുന്നു.
ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ന്യൂ ഷെപ്പേഡ് സ്പേസ് ക്രാഫ്റ്റിലെ യാത്രയുടെ അനുഭവം ടി.വി ചാനലില്‍ പങ്കുവയ്ക്കുന്നതിനിടെയാണ് 'ബ്രിട്ടന്റെ ഭാവി രാജാവ് അപക്വ നിഗമനങ്ങളുടെ പിടിയിലാണെ'ന്ന് ടെലിവിഷന്‍ സീരീസായ സ്റ്റാര്‍ ട്രെക്കിലെ ജെയിംസ്.ടി.കിര്‍ക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഷാട്‌നെര്‍ അഭിപ്രായപ്പെട്ടത്. മലിനീകരണ വ്യവസായങ്ങളെ ബഹിരാകാശത്തേക്ക് മാറ്റുന്നതിനുള്ള ഒരു 'കുഞ്ഞു ചുവടുവയ്പ്പ്' ആയി തന്റെ ബഹിരാകാശ യാത്രയെ കാണണം. ഭൂമിയില്‍ നിന്ന് 250 മൈല്‍ ഉയരത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് താഴേക്കു നല്‍കാനാകുന്നതു പോലുള്ള വലിയ സാധ്യതകള്‍ രാജകുമാരന്‍ മനസിലാക്കുന്നില്ല. 'സുന്ദരനും സൗമ്യനും വിദ്യാസമ്പന്നനുമാണെങ്കിലും അബദ്ധ ധാരണകള്‍ അദ്ദേഹത്തെ വലയം ചെയ്യുന്നു'- ഷട്‌നര്‍ പറഞ്ഞു.
ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാര്‍ ഭൂമിയുടെ സംരക്ഷണത്തിനായാണ് പണവും സമയവും നിക്ഷേപിക്കേണ്ടതെന്നാണ് ബി.ബി.സി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവേ വില്യം രാജകുമാരന്‍ പറഞ്ഞത്.ഭൂമിയുടെ കേടുപാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്നും വില്യം വ്യക്തമാക്കി.
'എന്റെ മക്കളും ഭാവി തലമുറയും ഭൂമിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ഉറപ്പുവരുത്തണമെന്നാണ് എന്റെ ആഗ്രഹം. എന്റെ മകന്‍ ജോര്‍ജിനും അവന്റെ 30 ാം വയസില്‍ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നാല്‍ അത് സമ്പൂര്‍ണ ദുരന്തമായിരിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജെഫ് ബെസോസ്, റിച്ചാഡ് ബ്രാന്‍സന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്മാര്‍ ബഹിരാകാശ ടൂറിസം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുന്നതിനിടെയായിരുന്നു രാജകുമാരന്റെ വിമര്‍ശനം. ചൊവ്വയില്‍ കോളനി നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളാണ് മസ്‌കിന്റെ സ്പേസ് എക്സ് ആസൂത്രണം ചെയ്യുന്നത്. ബഹിരാകാശം വഴിയുള്ള ഭൂഖണ്ഡാന്തര യാത്രയും സ്പേസ് എക്സിന്റെ പദ്ധതികളിലൊന്നാണ്.
ഇവിടം നശിപ്പിച്ചിട്ട് അടുത്ത വാസസ്ഥലം തേടിയാണോ ബഹിരാകാശത്തേക്ക് പോകുന്നതെന്ന രൂക്ഷമായ ചോദ്യവും വില്യം ഉന്നയിച്ചു.ഈ ഭൂമിയുടെ പ്രശ്നങ്ങള്‍ അതിസങ്കീര്‍ണ്ണമാണെന്ന് നാമെല്ലാം തിരിച്ചറിയണം. ഭൂമിയുടെ ദുരിതങ്ങള്‍ മാറ്റാന്‍ അതീവ ബുദ്ധിശാലികളായ ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ടാകണം. അത്തരം മേഖലയ്ക്കായി പണം ഉപയോഗിക്കുകയാണ് വേണ്ടതെന്നും വില്യം വ്യക്തമാക്കി.
മികച്ച പൈലറ്റുകൂടിയായ ഡ്യൂക് ഓഫ് കേംബ്രിഡ്ജ് എന്ന സ്ഥാനം വഹിക്കുന്ന വില്യം ഡയാനാ രാജകുമാരിയുടെ രണ്ട് ആണ്‍ മക്കളിലെ മൂത്തയാളാണ്. ബഹിരാകാശത്തെക്കൂറിച്ച് മികച്ച അറിവുള്ള വില്യം ഇത്തരം വിനോദസഞ്ചാര പ്രവണതകള്‍ ബഹിരാകാശത്തുണ്ടാക്കാന്‍ പോകുന്ന ദുരന്തങ്ങളും അന്തരീക്ഷത്തിലെ വ്യതിയാനവും അതിഭീകരമായിരിക്കും എന്ന മുന്നറിയിപ്പാണു നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.