മുബൈ: ആഗോള തലത്തില്‍ പുതിയ ഭീതി വിതച്ചു പടരുന്ന കൊറോണയുടെ വകഭേദമായ ഒമിക്രോണിനെതിരെ പ്രത്യേക ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സാധ്യമെന്ന അവകാശ വാദവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പുനവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചുവരുന്ന കൊവിഷീല്‍ഡ് വാക്സിന്റെ ഒരു പുതിയ പതിപ്പ് തന്നെ ബൂസ്റ്റര്‍ ആയി ഒമിക്രോണിനെതിരെ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.ഒമിക്രോണ്‍ വകഭേദത്തിന് പ്രത്യേക വാക്സിന്‍ അത്യാവശ്യമല്ലെന്നാണ് നിഗമനം.
ഈ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതായി പുനവാല പറഞ്ഞു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായി മനസിലാക്കിയ ശേഷം തീരുമാനമെടുക്കും. ഓക്സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണങ്ങള്‍ തുടരുന്നുണ്ട്. അവരുടെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി ആറു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ വാക്സിന്‍ അവതരിപ്പിച്ചേക്കുമെന്ന് പുനവാല വ്യക്തമാക്കി. കോവീഷീല്‍ഡിന് മികച്ച ഗുണമേന്മയാണുള്ളത്. ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വന്നാല്‍, ആവശ്യമുള്ളത്രയും ഉത്പാദിപ്പിക്കുമെന്നും നിലവിലുള്ള അതേ വിലയില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കമ്പനിയുടെ കൈവശം ലക്ഷക്കണക്കിന് ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നീക്കിവച്ച വാക്സിനും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ അതിനുള്ള സ്റ്റോക്ക് കൈവശമുണ്ട്. ഒരു ഡോസ് പോലും എടുക്കാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കി വരുന്നു. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കുക എന്നതു തന്നെയാണ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ സുപ്രധാന ഘട്ടമെന്നും അദാര്‍ പുനവാല കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.