എയര്‍ ഇന്ത്യ വിമാനം അര നൂറ്റാണ്ടു മുമ്പ് തകര്‍ന്നിടത്തു നിന്ന് പര്‍വതാരോഹകന്‍ കണ്ടെടുത്ത നിധിയില്‍ പകുതി അദ്ദേഹത്തിന്

എയര്‍ ഇന്ത്യ വിമാനം അര നൂറ്റാണ്ടു മുമ്പ് തകര്‍ന്നിടത്തു നിന്ന് പര്‍വതാരോഹകന്‍ കണ്ടെടുത്ത നിധിയില്‍ പകുതി അദ്ദേഹത്തിന്

മോണ്ട് ബ്ലാങ്ക്: 1950 ലും 1966 ലും എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ന്നു വീണ ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്കിന് സമീപുള്ള ഹിമാനിയില്‍ നിന്നു പര്‍വതാരോഹകനു കിട്ടിയ കോടിക്കണക്കിനു രൂപ വില മതിക്കുന്ന രത്‌നങ്ങളുടെ പകുതി അദ്ദേഹത്തിനു തന്നെ ലഭിക്കും; ബാക്കി പകുതി പ്രാദേശിക ഭരണകൂടത്തിനും.

ഇന്ത്യയുടെ ആണവ പദ്ധതിയുടെ തുടക്കക്കാരനായ ഹോമി ജഹാംഗീര്‍ ഭാഭ ഉള്‍പ്പെടെ 117 പേര്‍ കൊല്ലപ്പെട്ട 1966 ജനുവരി 24 ലെ അപകടത്തില്‍ തകര്‍ന്ന ബോയിംഗ് 707-ല്‍ നിന്നുള്ളതായിരുന്നു പര്‍വതാരോഹകന്‍ കണ്ടെടുത്ത നിധിപ്പെട്ടിയെന്നാണ് അനുമാനം. മുംബൈയില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന ഈ വിമാനം വീണത് മോണ്ട് ബ്ലാങ്കിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ്. അതിനു സമീപം നിന്നാണു നിധി പേടകം കിട്ടിയത് എന്നാണു വിവരം.ഈ പ്രദേശത്തു നിന്നു കിട്ടിയ നയതന്ത്ര മെയില്‍ ബാഗ് 2012 സെപ്റ്റംബറില്‍ ഇന്ത്യ കൈവശപ്പെടുത്തിയിരുന്നു.

2013 -ല്‍ ആണ് പര്‍വതാരോഹകന് വിലയേറിയ കല്ലുകള്‍ നിറഞ്ഞ ലോഹപ്പെട്ടി കിട്ടിയ വിവരം അദ്ദേഹം അധികൃതരെ അറിയിച്ചത്. മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പദ്മരാഗം, മരതകം, ഇന്ദ്രനീലം എന്നിങ്ങനെ നവരത്‌നങ്ങള്‍ ഉള്‍പ്പെട്ട നിധി സഞ്ചയമാണിത്.വിമാനത്തിന്റെ അവശിഷ്ടങ്ങളും ലഗേജുകളും മനുഷ്യ അവശിഷ്ടങ്ങളും പര്‍വതാരോഹകര്‍ ഈ പ്രദേശത്ത് പലപ്പോഴും കണ്ടെത്തിയിരുന്നു.

ഏകദേശം 150,000 യൂറോ (169,000 ഡോളര്‍ ) മൂല്യമുള്ള രണ്ട് തുല്യ ഭാഗങ്ങളായി നിധി വിഭജിക്കുകയാണെന്ന് ചമോനിക്‌സ് മേയര്‍ എറിക് ഫോര്‍ണിയര്‍ പറഞ്ഞു.തീരുമാനത്തില്‍ പര്‍വതാരോഹകന്‍ വളരെ സന്തോഷവാനാണ്. കണ്ടെത്തിയ നിധി നിയമം അനുശാസിക്കുന്ന പ്രകാരം പോലീസിന് കൈമാറിയ അദ്ദേഹത്തിന്റെ ആര്‍ജവത്തെ മേയര്‍ പ്രശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.