നാം അറിയുകയും സ്നേഹിക്കുകയും ചെയ്യേണ്ട നമ്മുടെ ആരാധനാഭാഷയായ സുറിയാനി

നാം അറിയുകയും സ്നേഹിക്കുകയും ചെയ്യേണ്ട നമ്മുടെ  ആരാധനാഭാഷയായ സുറിയാനി

രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അതുവരെയുണ്ടായിരുന്ന സഭയുടെ പാരമ്പര്യം അവസാനിച്ചു എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇക്കൂട്ടരെ സംബന്ധിച്ചടത്തോളം കൗൺസിലിനു ശേഷം ഒരു പുതിയ സഭയാണ് പ്രത്യക്ഷപ്പെട്ടത്. ആ സഭയിൽ പാരമ്പര്യങ്ങൾക്കോ പൈതൃകങ്ങൾക്കോ ഇക്കൂട്ടരുടെ അഭിപ്രായത്തിൽ ഒരു പ്രസക്തിയുമില്ല. അതേസമയം തങ്ങളുടെ അനുഭവത്തിലുള്ളതോ തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൽ പരിചയപ്പെട്ടതോ ആയ രീതികളെയും അനുഷ്ഠാനങ്ങളെയും ഇവർ മുറുകെ പിടിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ മാറ്റുക എന്നത് ഇവരെ സംബന്ധിച്ച് അചിന്ത്യമാണ്.

രണ്ടുതരം വ്യാഖ്യാന ശാസ്ത്രങ്ങൾ
ഈ കാലഘട്ടത്തിലെ രണ്ടു തരം വ്യാഖ്യാന ശാസ്ത്രങ്ങളെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സൂചിപ്പിക്കുന്നുണ്ട് . ഒന്നാമത്തേത് നവീകരണത്തിന്റെ വ്യാഖ്യാന ശാസ്ത്രവും രണ്ടാമത്തേത് വിച്ഛേദനത്തിന്റെ വ്യാഖ്യാന ശാസ്ത്രവുമാണ്.[Ref. "The Dictatorship of Relativism Pope Benedict XVI's Response" (New York, 2011)244].നവീകരണത്തിന്റെ വ്യാഖ്യാനശാസ്ത്രം സഭയുടെ തുടർച്ചയായ നവീകരണത്തെ അർത്ഥമാക്കുന്നു. ഇതനുസരിച്ച് സഭ കാലാനുസൃതമായി പുരോഗമിക്കുന്നു. അതേസമയം, സഭ എപ്പോഴും അതേപോലെ നിലകൊള്ളുന്നു. വിച്ഛേദനത്തിന്റെ വ്യാഖ്യാന ശാസ്ത്രമാ കട്ടെ, സഭയെ 'രണ്ടാംവത്തിക്കാൻ കൗൺസിലിന് മുമ്പുള്ള സഭ' എന്നും 'രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള സഭ' എന്നും രണ്ടായി വിഭജിക്കുകയാണ് ചെയ്യുന്നത്.
ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ വിച്ഛേദനത്തിന്റെ വ്യാഖ്യാന ശാസ്ത്രം എന്നത് ആധുനിക ദൈവശാസ്ത്രത്തിലെ ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വ്യാഖ്യാന ശാസ്ത്രത്തെ മുറുകെ പിടിക്കുന്നവർ പുതുമയ്ക്കു വേണ്ടി നിലകൊള്ളുന്നത്.അവരുടെ അഭിപ്രായത്തിൽ രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ ടെക്സ്റ്റുകൾ അല്ല പ്രധാനപ്പെട്ടത്, മറിച്ച് അവയുടെ ചൈതന്യം ആണ് പ്രധാനപ്പെട്ടത്.

മുകളിൽ പറഞ്ഞ രീതിയിലുള്ള വിച്ഛേദനത്തിന്റെ വ്യാഖ്യാന ശാസ്ത്രത്തെ (രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പും അതിനു ശേഷവും ഉള്ള സഭ എന്ന രീതിയിലുള്ള വിച്ഛേദനത്തെ) തള്ളിക്കളയുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആരാധനക്രമത്തിന്റെ ചരിത്രത്തിൽ വളർച്ചയും പുരോഗതിയും ഉണ്ടെന്നും അതേസമയം വിച്ഛേദനം ഇല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. വിച്ഛേദനമല്ല, മറിച്ച് വളർച്ചയുടെ ഒരു യുക്തിയാണ് ഇവിടെ പ്രധാനപ്പെട്ടത് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

സമകാലിക സീറോമലബാർ സഭയിലെ പല സംഭവങ്ങളും മുകളിൽ പറഞ്ഞ കാര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നവയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സഭ എന്ന കാഴ്ചപ്പാടു തന്നെ മാറി എന്ന് കരുതുന്നവരെ സംബന്ധിച്ച് തങ്ങൾ നിർദ്ദേശിക്കുന്ന പുതുമകളാണ് സഭയിൽ നടപ്പിലാക്കേണ്ടത്!പാരമ്പര്യത്തിനോ പൈതൃകത്തിനോ പുനരുദ്ധാരണത്തിനോ ഇവിടെ യാതൊരു പ്രസക്തിയുമില്ല.

ആരാധനാ ഭാഷയുടെ പ്രാധാന്യം
തങ്ങളുടെ സ്വന്തം പൈതൃകമായ ആരാധനാ ഭാഷയ്ക്കെതിരെ ചുരിക ചുഴറ്റുന്ന ചിലരെ ഇന്ന് സഭയിൽ കാണാൻ സാധിക്കും. ഇത്തരക്കാർ രണ്ടാംവത്തിക്കാൻ കൗൺസിൽ ആരാധനാ ഭാഷയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമ ത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനായ 'Sacrosanctum Concilium' ഇപ്രകാരം പറയുന്നു : "പ്രാദേശിക നിയമങ്ങൾക്ക് വിഘാതമാകാതെ ലത്തീൻഭാഷയുടെ ഉപയോഗം ലത്തീൻറീത്തുകളിൽ നിലനിർത്തേണ്ടതാണ്. പരിശുദ്ധ കുർബാനയിലോ മറ്റ് കൂദാശകളുടെ പരികർമ്മത്തിലോ മറ്റ് ആരാധനക്രമ ഭാഗങ്ങളിലോ പലപ്പോഴും മാതൃഭാഷയുടെ ഉപയോഗം ജനങ്ങൾക്ക് വളരെയേറെ പ്രയോജനപ്രദമാകാമെന്നതുകൊണ്ട് അതിന് കൂടുതൽ അവസരം നൽകാവുന്നതാണ്. അതേസമയംതന്നെ ലത്തീനിൽ നിന്നുള്ള മാതൃഭാഷാ വിവർത്തനങ്ങൾക്ക് പ്രാദേശിക സഭാധികാരത്തിന്റെ അംഗീകാരം ആവശ്യമാണ്"(SC, 36,1-4). കൗൺസിൽ തുടരുന്നു :
"ജനങ്ങൾ സംബന്ധിക്കുന്ന കുർബാനയിൽ മാതൃഭാഷയ്ക്ക് സമുചിതമായ സ്ഥാനം നൽകാവുന്നതാണ്.എങ്കിലും കുർബാനക്രമത്തിൽ വിശ്വാസികളുടേതായ പൊതു ഭാഗങ്ങൾ ലത്തീനിൽ ഒരുമിച്ച് ചൊല്ലുന്നതിനോ പാടുന്നതിനോ സാധിക്കുന്ന ക്രമീകരണവും ഉണ്ടായിരിക്കണം"
(SC, 54). ലത്തീൻ റീത്തിൽ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന പാരമ്പര്യമനുസരിച്ച് വൈദിക ഗണത്തിൽപ്പെട്ടവർ യാമപ്രാർത്ഥന ലത്തീൻ ഭാഷയിൽത്തന്നെ ചൊല്ലണമെന്ന് SC,101 നിഷ്കർഷിക്കുന്നു. എന്നാൽSC,36ന്റെ അടിസ്ഥാനത്തിൽ മാതൃഭാഷാവിവർത്തനം ഉപയോഗിക്കാൻ രൂപതാധ്യക്ഷന് അനുവദിക്കാം എന്നും കൗൺസിൽ കൂട്ടിച്ചേർക്കുന്നു. ആരാധനാ ഭാഷയായ ലത്തീന് ലത്തീൻ സഭയിൽ കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ഇവിടെ വ്യക്തമാണ്.

ലത്തീൻ സഭയുടെ ആരാധനാ ഭാഷ
നാലാം നൂറ്റാണ്ടുവരെ ലത്തീൻ സഭയുടെ ആരാധനാഭാഷ ഗ്രീക്ക് ആയിരുന്നു എന്ന് Ronald Serrao എന്ന ഗ്രന്ഥകാരൻ തന്റെ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.[R. SERRAO, "The Liturgical Language of the Roman Church"(Bangalore, 2008)p.4]. ഹെലനിസ്റ്റിക് (ഗ്രീക്ക്) സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ട റോമാസഭ ആ സംസ്കാരത്തിലെ വളരെയേറെ ഘടകങ്ങളെ ഉൾച്ചേർത്തുകൊണ്ട് ലത്തീൻ ആരാധനക്രമത്തെ പുനഃക്രമീകരിച്ചു. രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ലത്തീനിലും ഗ്രീക്കിലും ദൈവാരാധന നടത്തിയിരുന്ന ലത്തീൻ സഭയിൽ ഡമാസ്കസ് ഒന്നാമൻ മാർപാപ്പയാണ് (366-384)ലത്തീൻ ആരാധനക്രമത്തിന്റെ ഭാഷയായി ലത്തീൻ അവതരിപ്പിക്കുന്നത്. ഇപ്രകാരം ലത്തീൻസഭയുടെ ഔദ്യോഗിക ആരാധനക്രമഭാഷയായി രണ്ടാംവത്തിക്കാൻ കൗൺസിൽ വരെ ലത്തീൻ ഭാഷ തുടർന്നു (p.25). സഭയുടെ പ്രാർത്ഥനയിൽ ഉള്ള വിശ്വാസത്തിന്റെ നിക്ഷേപം നിലനിർത്തുന്നതിനുവേണ്ടി ട്രെന്റ് കൗൺസിൽ ലത്തീൻ ഭാഷയുടെ ഉപയോഗം നിലനിർത്തുകയാണ് ചെയ്തത്.
"വിശുദ്ധ കുർബാനയുടെ പാപ്പ" എന്നറിയപ്പെടുന്ന പിയൂസ് പത്താമൻ മാർപ്പാപ്പ(1903-1914) ആരാധനക്രമ സംഗീതത്തിൽ പ്രാദേശിക ഭാഷയിലുള്ള ആലാപനം ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ലത്തീൻ ഭാഷയുടെ ഉപയോഗം മാത്രമാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ "Mediator Dei"എന്ന തന്റെ ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു:
"ലത്തീൻ ഭാഷയുടെ ഉപയോഗം സഭയിലെ നല്ലൊരു ശതമാനം ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്.ഇത് ഐക്യത്തിന്റെ ഒരു അടയാളവും ശരിയായ വിശ്വാസത്തിൽ മായം ചേർക്കുന്നതിനെതിരെയുള്ള ഫലപ്രദമായ കവചവും ആണ്. പ്രാദേശികഭാഷയുടെ സ്വീകരണം വിശ്വാസികൾക്ക് പലവിധത്തിലും വളരെ ഉപകാരപ്രദമാണ്. എന്നാൽ ഇത്തരത്തിലുള്ള ഇളവുകൾ നൽകേണ്ടത് പരിശുദ്ധ സിംഹാസനം മാത്രമാണ്. കാരണം വിശുദ്ധ ആരാധനക്രമം ക്രമീകരിക്കേണ്ടത് പൂർണമായും സഭയുടെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു".

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ പൂർത്തിയാക്കിയ പോൾ ആറാമൻ മാർപാപ്പ 15.8.1966 ന് പുറപ്പെടുവിച്ച ഒരു നിർദ്ദേശക രേഖയിൽ സഭയിലെ സുപ്പീരിയർ ജനറൽമാരോട് ആരാധനക്രമത്തിൽ ലത്തീൻ ഭാഷ നിലനിർത്താൻ ആഹ്വാനം ചെയ്യുന്നുണ്ട്. ചില സന്യാസ വൈദികർ ആരാധനക്രമത്തിലെ ലത്തീൻഭാഷയെ അകറ്റിക്കളയാൻ ശ്രമിച്ചപ്പോഴാണ് മാർപാപ്പ ലത്തീൻ ഭാഷയ്ക്കെതിരെയുള്ള അവരുടെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടത്. അദ്ദേഹം തുടരുന്നു:"ലത്തീൻഭാഷ സംസ്കാരത്തിന്റെ വിലയേറിയ ഉറവിടം എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭക്തിയുടെ ഒരു വലിയ നിധിയാണിത്.ഈ പ്രാർത്ഥനകളിലെയും ആരാധനകളിലെയും കൃപയും സൗന്ദര്യവും ആന്തരിക ശക്തിയും കലർപ്പ് കൂടാതെ കാത്തുസൂക്ഷിക്കണം. നിങ്ങളുടെ പൂർവ്വ പിതാക്കന്മാരുടെ പാരമ്പര്യങ്ങളെ വിലകുറച്ചു കാണരുത്. ആ പാരമ്പര്യങ്ങളാണ് നൂറ്റാണ്ടുകളായി നിങ്ങളുടെ മഹത്വം.ഇന്നുവരെ നാം ധാരാളമായി കുടിച്ചിട്ടുള്ള നമ്മുടെ നീരുറവയെ വരണ്ടതാക്കാൻ നാം അനുവദിക്കരുത്. സഭ ആരാധനക്രമത്തിൽ പ്രാദേശിക ഭാഷ അവതരിപ്പിച്ചിരിക്കുന്നത് അജപാലന നേട്ടം മുൻനിർത്തിയാണ്.അതേ സഭ തന്നെയാണ് പരമ്പരാഗതമായ മഹത്വവും സൗന്ദര്യവും ആരാധനാ സംഗീതത്തിന്റെ ഗാംഭീര്യവും ആരാധനാ ഭാഷയിലും പ്രാദേശിക ഭാഷയിലും കാത്തുസൂക്ഷിക്കണമെന്ന് കൽപ്പന നൽകുന്നത് "( p.60). ഈ തിരുവെഴുത്തിലൂടെ പോൾ ആറാമൻ മാർപാപ്പ വ്യക്തമാക്കുന്നത് ആരാധനക്രമം പ്രാദേശിക ഭാഷയിലാക്കിയത് ലത്തീൻ ഭാഷ മനസ്സിലാകാത്തവർക്ക് വേണ്ടിയാണെന്നും ഇത് ലത്തീൻ ഭാഷയെ അവഗണിക്കാൻ വേണ്ടിയല്ലെന്നുമാണ്. ലത്തീൻ ഭാഷ പഠിക്കുക എന്നത് നമ്മുടെ കാലഘട്ടത്തിൽ വളർത്തിയെടുക്കേണ്ട ഒന്നാണെന്നും ഈ ഭാഷ മറന്നു കളയുന്നത് ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. യുവജനങ്ങളെ ആരാധനക്രമത്തിലെ പുരാതനമായ നിധിയിലേക്ക് പൂർണ്ണമായും ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലത്തീൻ ഭാഷയെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ ആരാധനാ ഭാഷയായ സുറിയാനി
ക്രിസ്തീയ ലോകത്തിലെ ആരാധനാ ഭാഷകൾ ആണല്ലോ ലത്തീൻ, ഗ്രീക്ക്,സുറിയാനി എന്നിവ. കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ആരാധനാ ഭാഷയാണ് സുറിയാനി. എന്നാൽ ഈ ഭാഷയെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന പലരും ഇന്ന് സഭയിലുണ്ട് . ചിലരെ സംബന്ധിച്ച് അറമായയും സുറിയാനിയും വെവ്വേറെ ഭാഷയാണ്. ഇത്തരക്കാർ സുറിയാനിയെ ആരാധനാ ഭാഷയായി അംഗീകരിക്കാൻ തയ്യാറല്ല. അതേസമയം ഈ മേഖലയുമായി ബന്ധപ്പെട്ട ഭാഷാ പണ്ഡിതന്മാരുടെയും ഭാഷാശാസ്ത്രജ്ഞ ന്മാരുടെയും അഭിപ്രായങ്ങൾ ഉൾക്കൊള്ളാനോ അവരെ ശ്രവിക്കാനോ ഇത്തരക്കാർ തയ്യാറാകുന്നുമില്ല.
കരിയാറ്റിൽ ജോസഫ് മൽപ്പാന്റെ "വേദതർക്കം" എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട് "വേദതർക്കത്തിന്റെ ഭാഷാശാസ്ത്ര ഭൂമിക" (കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ്, തിരുവനന്തപുരം, 2010 )എന്ന ഗ്രന്ഥം രചിച്ച ഭാഷാ ശാസ്ത്രജ്ഞനായ ഡോ.ഇമ്മാനുവേൽ ആട്ടേൽ സുറിയാനി ഭാഷയെക്കുറിച്ച് ഇപ്രകാരം പറയുന്നു:
"പശ്ചിമേഷ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട സെമിറ്റിക് വിഭാഗത്തിലെ പ്രബല ഭാഷയായ അറമായയിൽ നിന്നും രൂപപ്പെട്ടതാണ് സുറിയാനി. അതായത് അറമായയുടെ രൂപാന്തരീകൃത ഭാഷയും പിൻഗാമിയുമായി സുറിയാനി ഭാഷയെ പരിഗണിക്കാം".( "വേദതർക്കത്തിന്റെ ഭാഷാശാസ്ത്ര ഭൂമിക",p.29). തക്ഷശിലയിൽ നിന്നും ലഭിച്ച ഒരു അറമായ ലിഖിതം കിഴക്ക് ഇന്ത്യയുടെ അതിർത്തി വരെ സുറിയാനി ഭാഷയെ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിനു തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈശോയും ശിഷ്യന്മാരും സംസാരിച്ചിരുന്ന അറമായ ഭാഷയിലാണ് ബൈബിളിലെ പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്.

എ.ഡി രണ്ടാം നൂറ്റാണ്ടോടുകൂടി അറമായ ഭാഷ സുറിയാനി എന്നറിയപ്പെടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ സിറിയ, പാലസ്തീൻ മെസപ്പൊട്ടേമിയ തുടങ്ങിയ സ്ഥലങ്ങളിൽ സുറിയാനി ഭാഷ തഴച്ചു വളരുകയും ക്രിസ്തു മതാനുയായികൾ വിശ്വാസ സാഹിത്യരചനകളിലൂടെ സുറിയാനി ഭാഷയെ പുഷ്ടിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ ഭാഷ 'ക്രിസ്ത്യൻ അറമായിക്' എന്നും അറിയപ്പെടുന്നു. അക്കാലത്ത് എദേസ്സയിലും നിസിബിസ്സിലും ഉണ്ടായിരുന്ന ക്രൈസ്തവ വിദ്യാപീഠങ്ങൾ സുറിയാനി ഭാഷയുടെ അതിവേഗ ഗമനത്തിന് നിമിത്തങ്ങളായി മാറി.( "വേദ തർക്കത്തിന്റെ ഭാഷാശാസ്ത്ര ഭൂമിക",p.30)

സുറിയാനി ക്രിസ്ത്യാനികൾ,സീറോ മലബാർ സഭ എന്നീ പ്രയോഗങ്ങളുടെ പിന്നിലുള്ള യുക്തി 'സുറിയാനി' ആണ്. Syro എന്ന വാക്കുതന്നെ സുറിയാനി ഭാഷയെ ആണല്ലോ ദ്യോതിപ്പിക്കുന്നത്. മാർത്തോമാ ക്രിസ്ത്യാനികൾ ആദിമ നൂറ്റാണ്ടുകളിൽത്തന്നെ കർത്താവിന്റെ ഭാഷയായിരുന്ന 'അറമായ' അഥവാ 'സുറിയാനി' സ്വീകരിച്ചവരായിരുന്നു. തോമാശ്ലീഹായുമായി പൊതു പൈതൃകം പങ്കിടുന്ന മറ്റു സഭകളുമായുള്ള ബന്ധത്തിലൂടെയാണ് നാമും സുറിയാനി ആരാധനക്രമവും സുറിയാനി എന്ന ആരാധനാഭാഷയും സ്വീകരിച്ചത്. അതേസമയം ഇപ്പോൾ നാം മാതൃഭാഷയിലാണ് തിരുക്കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. ഇവിടെ വളരെ ശ്രദ്ധേയമായ ഒരു കാര്യം രണ്ടാംവത്തിക്കാൻ കൗൺസിൽ തുടങ്ങുന്നതിനു മുമ്പുതന്നെ കേരളത്തിലെ സീറോ മലബാർ സഭ മാതൃഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുവെ ന്നാണ് (1962 ൽ). അതായത്, കൗൺസിലിന്റെ ഫലമായല്ല നാം നമ്മുടെ കുർബാന ടെക്സ്റ്റുകൾ മലയാളത്തിലാക്കിയത്.രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പുതന്നെ പൗരസ്ത്യസഭകൾ മാതൃഭാഷകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം ആരാധനാ ഭാഷയ്ക്ക് അവർ ഉന്നതമായ സ്ഥാനം നൽകുകയും വിശുദ്ധ കുർബാനയിലെ ചില വാക്കുകളും പ്രയോഗങ്ങളും ആരാധനാഭാഷയിൽത്തന്നെ നിലനിർത്തുകയും ചെയ്തിരുന്നു.

മലയാളം കർസോൺ എന്ന ലിപി സമ്പ്രദായം
'മലയാളം കർസോൺ' എന്ന ലിപി സമ്പ്രദായത്തെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ മാർത്തോമാ നസ്രാണികൾ സുറിയാനി ലിപികൾ ഉപയോഗിച്ച് നാട്ടുഭാഷ എഴുതി ചിട്ടപ്പെടുത്തിയതിനെ വിളിക്കുന്ന പേരാണ് 'കർസോൺ' എന്നത്. പൗരസ്ത്യ സുറിയാനി ലിപികളാണ് ഇതിന് ഉപയോഗിച്ചിരുന്നത് ("വേദതർക്കത്തിന്റെ ഭാഷാശാസ്ത്ര ഭൂമിക", p.31&32). സുറിയാനി ഭാഷയുമായുള്ള സംസർഗ്ഗം കൊണ്ട് ഉരുത്തിരിഞ്ഞ ലേഖന രീതിയാണ് 'മലയാളം കർസോൺ'. മാർത്തോമാ ക്രിസ്ത്യാനികളുടെ സ്വത്വത്തിന്റെ ഭാഗം കൂടിയാണ് ഈ ലിപിസമ്പ്രദായം.( p.35).

സെക്കുലറൈസേഷൻ മനോഭാവം ഭാഷയിലും!
ദൈവവും വിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു പദമാണ് 'സെക്കുലറൈസേഷൻ' (Secularization) എന്നത്.ഇത് പാശ്ചാത്യ ദേശങ്ങളിലെ ഒരു കാഴ്ചപ്പാടാണ്. ഇതിൽ നിന്നും വ്യത്യസ്തമാണ് 'ഇന്ത്യൻ സെക്കുലറിസം'(Secularism). എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തുല്യ രീതിയിൽ ബഹുമാനിക്കുന്ന ഒരു കാഴ്ചപ്പാടാണ് ഇന്ത്യൻ സെക്കുലറിസത്തിനുള്ളത്. എന്നാൽ പശ്ചാത്യ സെക്കുലറൈസേഷൻ കാഴ്ചപ്പാട് പൊതുസമൂഹത്തിൽ നിന്നും ദൈവം,വിശ്വാസം മുതലായവയെ മാറ്റിക്കളയാൻ ആണ് ആഗ്രഹിക്കുന്നത്.നമ്മുടെ രാജ്യത്തിലെ പല നിയമനിർമാണങ്ങളിലും ഇത്തരം പാശ്ചാത്യ സെക്കുലറൈസേഷൻ കാഴ്ചപ്പാടുകളുടെ സ്വാധീനം പലപ്പോഴും പ്രതിഫലിക്കാറുണ്ട്. ഭാഷാപരമായ സെക്കുലറൈസേഷൻ കാഴ്ചപ്പാടിന് ഒരുദാഹരണമാണ് ആരാധനാഭാഷയോടുള്ള അവജ്ഞ. ആധുനിക ലോകത്തിൽ ആരാധനാ ഭാഷയ്ക്ക് ഒരു പ്രസക്തിയും ഇല്ലെന്നും ഭാഷ എന്നത് എന്റെ സൗകര്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ് എന്നുമുള്ള പ്രായോഗിക ചിന്താഗതിയാണ് ഇതിന് പിന്നിലുള്ളത് (Pragmaticism). ഇത്തരക്കാർ ചില പ്രത്യേക ഭാഷകളെ പഴഞ്ചനെന്നും മൃതമായതെന്നും മുദ്രകുത്തുന്നവരാണ്! ആരാധനാഭാഷയെ ഒരു ഭാരമായാണ് ഇത്തരക്കാർ കരുതുന്നത്. അതുകൊണ്ടാണ് ആരാധനാ ഭാഷയെ നിന്ദിക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകളും പ്രതികരണങ്ങളും ഇക്കൂട്ടരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഭാഷയെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകൾ സ്വാർത്ഥ പ്രേരിതമാണ്. പുരാതന ഭാഷകളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇത്തരം സ്വാർത്ഥപൂരിത കാഴ്ചപ്പാടുകൾ പുലർത്തുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ജന്മം നൽകുകയും പോറ്റി വളർത്തുകയും ചെയ്ത അമ്മയെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കുന്നതു പോലെയാണ് പലരും തങ്ങളുടെ പൈതൃകമായ ആരാധനാ ഭാഷയെ ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്! സുറിയാനി എന്ന തങ്ങളുടെ ആരാധനാഭാഷയെ അവഹേളിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നവർ ഓർക്കേണ്ട ഒരു കാര്യമാണ് ഇന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പഠനശാഖയാണ് സുറിയാനി ഭാഷയെന്ന വസ്തുത. വിദേശരാജ്യങ്ങളിലേക്ക് പോകാനോ ജോലി കിട്ടാനോ വേണ്ടി പതിനായിരങ്ങൾ മുടക്കി ഏതു വിദേശ ഭാഷയും പഠിക്കാൻ മടിയില്ലാത്തവരും മക്കളെ അതിനു പ്രോത്സാഹിപ്പിക്കുന്നവരുമായ ചിലരെങ്കിലും തങ്ങളുടെ പൈതൃകമായ ആരാധനാഭാഷയെ അവഹേളിക്കുന്നതും അതിനെ നിന്ദ്യമായി ചിത്രീകരിക്കുന്നതും അവരുടെ അജ്ഞതയെയാണ് വെളിവാക്കുന്നത്. ഒരു രാജ്യത്തിന്റെ ഗവൺമെന്റ് ആരാധനാഭാഷയെ അംഗീകരിക്കുകയും അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യുമ്പോൾ അത് ആ ഭാഷയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് എന്ന വസ്തുത ഇത്തരക്കാർ മനസ്സിലാക്കേണ്ടതാണ്.

ഉപസംഹാരം
ഭാഷ എന്നത് എപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഭാഷയെ അന്ധമായി വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.
സുറിയാനി ഭാഷയെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ ഇന്നലെകളുടെ മഹത്വം തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ഇന്നലെകളെ ഒഴിവാക്കാനും ദൈവവും വിശ്വാസവും ഇല്ലാത്ത ഒരു നവ ലോകത്തെ സൃഷ്ടിക്കാനും ഭ്രാന്തമായ ആവേശത്തോടെ സെക്കുലറൈസേഷൻ കാഴ്ചപ്പാടുകൾ പുലർത്തുന്നവർ തീവ്രമായി ഓടി നടക്കുന്ന ഈ കാലഘട്ടത്തിൽ ഇന്നലെകളെ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നിൽ ജീവിക്കാനും പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കാനും നമുക്ക് സാധിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.