ഉന്നത വിദ്യാഭ്യാസം അടിമുടി മാറുന്നു; പരീക്ഷകള്‍ ക്രെഡിറ്റുകള്‍ക്ക് അനുസരിച്ച്

ഉന്നത വിദ്യാഭ്യാസം അടിമുടി മാറുന്നു; പരീക്ഷകള്‍ ക്രെഡിറ്റുകള്‍ക്ക് അനുസരിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനി അടിമുടി മാറുന്നു. ഇതിനായുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ സമര്‍പ്പിച്ച കരടു നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

പരീക്ഷാ രീതികളിലും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടെ മാറ്റം വരും. നടപടികള്‍ ഘട്ടങ്ങളായി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കാനും തീരുമാനമായി. പരീക്ഷാ പരിഷ്കരണ കമ്മീഷന്‍ ഈ മാസം അവസാനവും ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ അടുത്തമാസം ആദ്യവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ സര്‍വകലാശാലാ പരീക്ഷകള്‍, ഭരണനിര്‍വഹണം, വിദ്യാര്‍ഥി പോര്‍ട്ടല്‍ തുടങ്ങിയവയൊക്കെ ഏകീകരിച്ചുള്ള പ്രവര്‍ത്തന സംവിധാനം ഒരുക്കും. ഇതോടെ പരീക്ഷകള്‍, ഫലം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ വേഗത്തിലാകും.

ഓരോ കോഴ്സിന്റെയും ആദ്യ രണ്ട് സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കോളേജുകളുടെ ചുമതലയാക്കും.എല്ലാ പരീക്ഷകളും ക്രെഡിറ്റുകള്‍ക്ക് അനുസരിച്ചാക്കും. പരീക്ഷയ്ക്ക് കൂളിങ് സമയം അനുവദിക്കും. പുനര്‍മൂല്യനിര്‍ണയ നടപടികള്‍ ഓണ്‍ലൈനാക്കുവാനും നിര്‍ദേശമുണ്ട്. എന്നാല്‍, കാര്യങ്ങളില്‍ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്കുശേഷം മാത്രമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനാവകാശ നിയമം നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്.

ഓരോ കാര്യത്തിനും സമയം നിശ്ചയിച്ചാകും പ്രവര്‍ത്തനം. ഭരണ സംവിധാനം ലളിതമാക്കാന്‍ നടപടിയുണ്ടാകും.
പരീക്ഷകള്‍ കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നിലവില്‍ സെനറ്റ് ചേരേണ്ടതുണ്ട്. ഈ അധികാരം സിന്‍ഡിക്കേറ്റിന് കൈമാറുന്ന നടപടിയുണ്ടാകും. എന്നാല്‍, വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച കമ്മീഷന്റെ കരട് റിപ്പോര്‍ട്ടുകൂടി ലഭ്യമായ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.