വത്തിക്കാന്‍ സിറ്റി: ഭാരതത്തില്‍ നിന്നുള്ള പ്രഥമ അല്‍മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വരുന്ന ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും.
ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍:
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള: പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രില്‍ 23 ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം.
വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. ഡച്ച് സൈന്യാധിപന്‍ ഡിലനോയില്‍ നിന്നു ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞ പിള്ള തെക്കന്‍ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മേയ് 17 ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു.
രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിച്ചു. പിള്ളയ്‌ക്കെതിരായി ഉപജാപം നടത്തിയ അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു.
വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയവയായിരുന്നു മര്‍ദ്ദന മുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസമനുഭവിച്ചു.
1752 ജനുവരി 14 ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു.
പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസ ചരിത്രത്തിനു വിളക്കായി മാറി. നമ്മുടെ മണ്ണില്‍ ജീവിച്ചു മരിച്ച ദേവസഹായം പിള്ളയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമ്പോള്‍ അത് ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷം കൂടിയാണ്.
വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മ: യഹൂദരെ സഹായിക്കുകയും പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തതിന്റെ പേരില്‍ നാസികളുടെ കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ഡച്ച് സ്വദേശിയായ കാര്‍മ്മലൈറ്റ് ഫ്രിയാര്‍ ആണ് വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മ.
ജര്‍മ്മനിയുടെ ഡച്ച് അധിനിവേശത്തേത്തുടര്‍ന്ന് മൂന്നാം റെയിക്ക് നിയമം ലംഘിക്കുവാനും നാസികളുടെ പ്രചാരണങ്ങള്‍ അച്ചടിക്കാതിരിക്കുവാനും ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ 'പുരോഹിത സെമിത്തേരി' എന്നറിയപ്പെടുന്ന ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട 2,400 കത്തോലിക്കാ പുരോഹിതര്‍ ഉള്‍പ്പെടെയുള്ള 2,700 പുരോഹിതരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
1942-ല്‍ 61-ാമത്തെ വയസില്‍ നാസികള്‍ ബ്രാന്‍ഡ്‌സ്മയെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ടൈറ്റസ് ബ്രാന്‍ഡ്‌സ്മയെ 1985 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വാഴ്ത്തപ്പെട്ട മേരി റിവിയര്‍: നിരവധി കത്തോലിക്കാ കോണ്‍വെന്റുകള്‍ അടയ്ക്കപ്പെടുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത ഫ്രഞ്ച് വിപ്ലവ കാലഘട്ടമായ 1796 ല്‍ 'സിസ്റ്റേഴ്‌സ് ഓഫ് ദി പ്രസന്റേഷന്‍ ഓഫ് മേരി' സന്യാസിനി സഭയ്ക്ക് രൂപം നല്‍കിയ ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി റിവിയര്‍ 1768 ലാണ് ജനിച്ചത്. 1838 ല്‍ മരണമടഞ്ഞ മേരി റിവിയറെ 1982 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ: വാഴ്ത്തപ്പെട്ട മേരി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയായ കരോലിന സാന്റോകനാലെ 1852 ലാണ് ജനിച്ചത്. 'കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഓഫ് ലൂര്‍ദ്ദ്‌സ്' സന്യാസിനി സഭയ്ക്ക് തുടക്കം കുറിച്ച സിസ്റ്റര്‍ കരോലിന സാന്റോകനാലെ 1923 ല്‍ പാലെര്‍മോയില്‍ വെച്ചാണ് മരണപ്പെടുന്നത്.
വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്: 1858 ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ജനിച്ച ചാള്‍സ് ഡെ ഫുക്കോള്‍ഡ് തന്റെ കൗമാരകാലത്ത് വിശ്വാസത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. മൊറോക്കോയിലേക്കുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടത്തെ മുസ്ലീങ്ങളുടെ മതപരമായ തീഷ്ണതയില്‍ പ്രചോദിതനായ അദ്ദേഹം തനിക്കും സ്വന്തം വിശ്വാസത്തില്‍ ആഴപ്പെട്ടു ജീവിക്കണം എന്ന ആഗ്രഹത്തോടെ സഭയിലേക്ക് മടങ്ങി വന്നു.
ട്രാപ്പിസ്റ്റ് സഭയില്‍ ചേര്‍ന്ന ഫുക്കോള്‍ഡ് ഫ്രാന്‍സിലും സിറിയയിലുമായി ആശ്രമ ജീവിതം നയിച്ചു. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1901 ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫുക്കോള്‍ഡ് പാവപ്പെട്ടവര്‍ക്കിടയിലാണ് തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അള്‍ജീരിയയിലെ ടാമന്റാസെറ്റില്‍ സ്ഥിര താമസമാക്കിയ അദ്ദേഹം 1916ല്‍ കവര്‍ച്ചക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ലിറ്റില്‍ ബ്രദേഴ്‌സ് ഓഫ് ജീസസ്, ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് എന്നീ സഭകളുടെ സ്ഥാപനത്തിന് പ്രചോദനമായത് ഫുക്കോള്‍ഡിന്റെ രചനകളാണ്.
വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്: വിദ്യഭ്യാസം, അജപാലനം, മതബോധനം തുടങ്ങിയ പ്രേഷിത മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന 'ഫാദേഴ്‌സ് ഓഫ് ക്രിസ്റ്റ്യന്‍ ഡോക്ടറിന്‍' സഭയുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ് 1544 ല്‍ ഫ്രാന്‍സിലാണ് ജനിച്ചത്. 'കുടുംബമതബോധനം' എന്ന ആശയം ഇദ്ദേഹമാണ് വികസിപ്പിച്ചെടുത്തത്. 1607 ല്‍ മരണപ്പെട്ട സെസാര്‍ ഡെ ബുസ് 1975 ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ: ഇറ്റാലിയന്‍ പുരോഹിതനായ ഫാദര്‍ ലൂയിജി മരിയ പാലാസോളോയാണ് 'സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍' സന്യാസിനി സഭയുടെ സ്ഥാപകന്‍. 1963 ല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1995 ല്‍ കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍ സഭാംഗങ്ങളായ ആറ് പേരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ: സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്റേയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്‌സിന്റേയും സ്ഥാപകനായ ഫാദര്‍ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ 1891 ല്‍ ഇറ്റലിയിലാണ് ജനിച്ചത്. 1955 ലായിരുന്നു മരണം. യുവാക്കളെ ദൈവവിളി തിരിച്ചറിയുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചിലവഴിച്ചത്. 2011 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ: കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സ് ഓഫ് മദര്‍ റുബാറ്റോ എന്നറിയപ്പെടുന്ന സന്യാസിനി സഭയുടെ സ്ഥാപകയായ അന്നാ മരിയ റുബാറ്റോ 1844 ല്‍ ഇറ്റലിയിലെ കാര്‍മാഗ്‌നോളയിലാണ് ജനിച്ചത്. 1904 ല്‍ ഉറുഗ്വേയിലെ മോണ്ടെവിഡിയോയില്‍ വെച്ചായിരുന്നു അന്ത്യം. 1993 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അന്നാ മരിയ റുബാറ്റോയേ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി: ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി സഭയുടെ സഹ സ്ഥാപകയും, ആദ്യ സുപ്പീരിയര്‍ ജനറലുമായ മരിയ ഡൊമേനിക്കാ മാന്റോവനി 1862 ല്‍ ഇറ്റലിയിലെ കാസ്റ്റെല്ലെറ്റോ ഡി ബ്രെന്‍സോണിലാണ് ജനിച്ചത്. രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാന്റോവനിയുടേത്. 1934 ല്‍ മരണപ്പെട്ട സിസ്റ്റര്‍ മാന്റോവനി 2003 ലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.