മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴി അമേരിക്കയിലേക്കാണെന്ന് ഷാജ് കിരണ്‍ തന്നോട് പറഞ്ഞതായി സ്വപ്ന.
പാലക്കാട്: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തു വിട്ടു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തു വിട്ടത്.
പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തു വിട്ടത്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ശബ്ദ സന്ദേശം പൂര്‍ണമായും സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ടെലിഗ്രാമിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും സ്വപ്‌ന ആവര്‍ത്തിച്ചു.
കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ...അദ്ദേഹത്തിന്റെ മകളെ പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് തന്നോട് പറഞ്ഞതായും സ്വപ്‌ന വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴി അമേരിക്കയിലേക്കാണെന്ന് ഷാജ് കിരണ്‍ തന്നോട് പറഞ്ഞതായി സ്വപ്ന പറഞ്ഞു. അത് കാരണമാണ് അവരുടെ എഫ്സിആര്‍എ ക്യാന്‍സല്‍ ആയത്.
ഷാജ് കിരണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും മറ്റ് നിരവധി കമ്പനികളുടേയും ഡയറക്ടറാണ്. ബ്രോക്കറായിരുന്ന ഷാജ് കിരണ്‍ എങ്ങനെ ഇത്രയും കമ്പനികളുടെ ഡയറക്ടറായി എന്ന് ഇതിലൂടെ വ്യക്തമാണെന്നും സ്വപ്‌ന പറഞ്ഞു.
ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങള്‍:
ഷാജ്:'സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിനെ ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?
'അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങി കീഴടങ്ങണം.'
സ്വപ്ന: ആരില്‍ നിന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?
ഷാജ്: 'നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്. അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവര്‍.
സ്വപ്ന: നമ്മുടെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.
ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെ ഇവിടെ വന്നപ്പഴാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഞാന്‍ ഇപ്പോള്‍ എഡിജിപിയെ വിളിച്ചില്ലേ. നിങ്ങള്‍ നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇത്രയും കാലം ജയിലില്‍ കിടന്നതിന് ഫെയ്സ് ചെയ്ത പ്രശ്നങ്ങള്‍ക്ക് ഒരു കോംപന്‍സേഷന്‍ ചോദിക്കണം. ട്രാവല്‍ ബാന്‍ മാറ്റാനും.
സ്വപ്ന: നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ ഷാജി ആദ്യം മുതലേ വര്‍ക്ക് ചെയ്യുന്നുണ്ട്. വര്‍ക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്.
ഷാജ്: ഓള്‍റെഡി ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.
സ്വപ്ന: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു.
മറ്റൊരാള്‍: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതില്‍ ബന്ധപ്പെട്ട എല്ലാവരും പോയി.
ഷാജ്: എന്നിട്ടും നിങ്ങള്‍ക്ക് കിട്ടിയില്ലല്ലോ?
മൂന്നാമന്‍: നമ്മള് പോയില്ല ഇതുവരേം.
ഷാജ്: പോയാല്‍ കിട്ടുമെന്ന് തോന്നുന്നുണ്ടോ?
മൂന്നാമന്‍: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്
ഷാജ്: എന്നാല്‍ പിന്നെ അത് വിട്.. നമുക്ക് പ്രശ്നത്തിലേക്ക് വരാം....
ഷാജ്: 'നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല'.
തന്റെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തു വിടുന്നത്. മൊഴിയില്‍ ഉറച്ചു നിന്നാല്‍ ജയിലിലടയ്ക്കുമെന്ന് പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.
തന്റെ സുഹൃത്തു കൂടിയായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവര്‍ത്തിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തു വിടുന്നതെന്ന് സ്വപ്ന പറഞ്ഞു.
തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് ഷാജ് കിരണ്‍ പറഞ്ഞുവെന്നും അതിനാലാണ് താന്‍ എല്ലാവരെയും തള്ളിപ്പറഞ്ഞതെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.