'പ്രസംഗത്തിലെ ചില ഭാഗം അടര്‍ത്തി മാറ്റി പ്രചാരണം നടത്തി; ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്നു': സജി ചെറിയാന്‍

'പ്രസംഗത്തിലെ ചില ഭാഗം അടര്‍ത്തി മാറ്റി പ്രചാരണം നടത്തി; ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്നു': സജി ചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പാര്‍ട്ടി പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗം അടര്‍ത്തി മാറ്റിയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയിലാണ് വാര്‍ത്ത പുറത്തു വന്നതെന്നും മന്ത്രി സജി ചെറിയാന്‍. താന്‍ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ബഹുമാനിക്കുന്നയാളാണ്.

ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയില്‍ ലക്ഷ്യമിട്ട സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു.

അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്‌നങ്ങളില്‍ തന്റെ പ്രസ്ഥാനം മുന്നില്‍ നിന്നു. കോണ്‍ഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വിഷയങ്ങളാണ് പ്രസംഗത്തില്‍ ഉന്നയിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായി വ്യാഖ്യാനിക്കുമെന്ന് കരുതിയതേയില്ല. താന്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ രാജ്യത്തോടും നീതി വ്യവസ്ഥയോടും ഭരണഘടനയോടും അങ്ങേയറ്റത്തെ കൂറ് പുലര്‍ത്തിയിട്ടുണ്ട്.

പ്രസംഗത്തിലെ ചില ഭാഗം അടര്‍ത്തിമാറ്റിയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. അത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമമാണ്. ഇത് എനിക്ക് അതിയായ ദുഖമുണ്ടാക്കി. ഈ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് താന്‍ തീരുമാനിച്ചു. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.