തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തില്‍ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവികള്‍ക്ക് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശാ തോമസിനായിരുന്നു അന്വേഷണ ചുമതല.
വൃക്കയെത്താന്‍ വൈകിയതല്ല മരണ കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നെഫ്രോളജി വകുപ്പ് മേധാവി ചുമതല കൃത്യമായി നിര്‍വഹിച്ചില്ല, ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം നല്‍കിയതില്‍ വീഴ്ചയുണ്ടായി, അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.
തിരുവനന്തപുരം കാരക്കോണം കുമാര്‍ ഭവനില്‍ റിട്ട. ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ ജി. സുരേഷ് കുമാര്‍ (62) ആണ് വൃക്ക മാറ്റിവച്ചതിന് പിന്നാലെ മരണപ്പെട്ടത്. എറണാകുളം ആലുവയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ കൊണ്ട് വൃക്ക എത്തിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയായിരുന്നു ശസ്ത്രക്രിയ നടന്നത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രിയില്‍ എത്തിച്ചയുടന്‍ ജീവനക്കാര്‍ അല്ലാത്തവര്‍ എടുത്തുകൊണ്ട് പോയത് ഉള്‍പ്പടെ വന്‍ വിവാദമായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയ ആയിരുന്നിട്ടു കൂടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. സര്‍ജന്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.
ഇതേച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എത്തി സര്‍ജന്‍മാരെ വിളിച്ചു വരുത്തിയതിന് ശേഷം ഡയാലിസിസും കഴിഞ്ഞാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.