ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടില്‍ അവ്യക്തത. സുപ്രീം കോടതിയില്‍ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ബഫര്‍ സോണ്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശത്തിന് പകരം കൂടുതല്‍ വ്യക്തതയാണ് തേടുന്നത്.
സംരക്ഷിത വന മേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം ബഫര്‍ സോണായി നിലനിര്‍ത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശം ഹര്‍ജിയില്‍ ഇല്ല. വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച 44 എ ഖണ്ഡികയില്‍ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്റെ ആദ്യ അപേക്ഷ. ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യം കേന്ദ്രം ഉന്നയിക്കുന്നു. ഇപ്പോള്‍ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനകമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടണം എന്ന് നിര്‍ദേശിക്കുന്ന 44 ഇ ഖണ്ഡികയെക്കുറിച്ചും കേന്ദ്രം കൂടുതല്‍ വ്യക്തത തേടുന്നുണ്ട്. കേരളം നേരത്തെ പുനപരിശോധന ഹര്‍ജിയാണ് നല്‍കിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതില്‍ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത.
എന്നാല്‍ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.