കോഴിക്കോട്: വിനോദയാത്രയുടെ പേരില്‍ അധ്യാപകരില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വന്‍തുക കൈക്കലാക്കി തട്ടിപ്പു നടത്തുന്നയാള്‍ പിടിയില്‍. പരപ്പന്‍പൊയില്‍ ഓടക്കുന്ന് ശാന്തിഭവനില്‍ വി.കെ. പ്രേംദാസി(57)നെയാണ് താമരശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
വിനോദയാത്രയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വ്യാജ വിമാന ടിക്കറ്റുകള്‍ അയച്ച് 2.52 ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ചെന്നു കാണിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ആര്‍. രഘുചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമാന രീതിയില്‍ പലരില്‍ നിന്നായി ഇയാള്‍ തുകകള്‍ കൈക്കലാക്കിയെന്നാണ് വിവരമെന്ന് താമരശേരി പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ നാലിനായിരുന്നു പരാതിക്കാരന്റേത് ഉള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ ലഡാക്കിലേക്കും കശ്മീരിലേക്കും മറ്റുമായി യാത്ര നിശ്ചയിച്ചിരുന്നത്. വ്യാജമായി തയ്യാറാക്കിയ വിമാന ടിക്കറ്റ് അയച്ചുകൊടുത്ത പ്രേംദാസ് ഗൂഗിള്‍പേ വഴിയും നേരിട്ടും പണം കൈപ്പറ്റുകയാണ് പതിവ്. പിന്നീട് യാത്രയുടെ വിശദാംശം അറിയാന്‍ പ്രേംദാസിനെ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ടൂര്‍ ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോഴാണ് യാത്രാ സംഘത്തിന്റെ ലിസ്റ്റില്‍ ഇല്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും പരാതിക്കാരന് വ്യക്തമായത്.
വര്‍ഷങ്ങളായി ടൂര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രേംദാസ് അധ്യാപകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് വിനോദയാത്രാ വാഗ്ദാനവുമായി കൂടുതലായി സമീപിച്ചിരുന്നത്. കോഴിക്കോട് നഗരത്തിലെ പല സ്‌കൂളുകളിലേയും ഒട്ടേറെ അധ്യാപകര്‍ വിനോദയാത്രാ വാഗ്ദാനം വിശ്വസിച്ച് പണം കൈമാറിയിട്ടുണ്ട്.
സ്ഥിര ജീവനക്കാര്‍ക്കുള്ള ലീവ് ട്രാവല്‍ അലവന്‍സ് ഉള്‍പ്പെടെ വിനിയോഗിച്ച് കശ്മീര്‍, ലഡാക്ക്, ന്യൂഡല്‍ഹി തുടങ്ങി പല കേന്ദ്രങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ പ്രത്യേക ടൂര്‍ പാക്കേജ് ഒരുക്കാമെന്നു പറഞ്ഞായിരുന്നു പലരെയും സമീപിച്ചിരുന്നത്. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉള്‍പ്പെടെ മുന്‍കൂറായി തുക വേണമെന്ന് പറഞ്ഞ് പണം കൈപ്പറ്റുന്നതായിരുന്നു രീതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.