വാഷിങ്ടണ്‍: ചരിത്രത്തില്‍ അധികം അടയാളപ്പെടുത്തിയിട്ടില്ലാത്ത, നാസയുടെ ചാന്ദ്ര ദൗത്യങ്ങളിലൊന്നായ അപ്പോളോ 9-ന്റെ സാരഥി ജെയിംസ് എ മക്ഡവിറ്റ് അന്തരിച്ചു. 93-ാം വയസിൽ അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യമെന്ന് നാസ അറിയിച്ചു.
ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങുന്നതിനു മുന്നോടിയായുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു അപ്പോളോ 9 ദൗത്യം. ചന്ദ്രനില്‍ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെയും ചന്ദ്രന്റെയും ആകര്‍ഷണ മണ്ഡലത്തില്‍വച്ച് പരീക്ഷിച്ചുനോക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. 1969 മാര്‍ച്ച് മൂന്നിനാണ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. കമാന്‍ഡര്‍ ജെയിംസ് എ. മക്ഡവിറ്റ്, ഡേവിഡ് സ്‌കോട്ട്, റസല്‍ ഷൈക്കാര്‍ട്ട് എന്നിവരാണ് ഇതില്‍ യാത്രചെയ്തത്. ഭൂമിയുടെ ആകര്‍ഷണ പരിധിയില്‍വച്ച് ചാന്ദ്രപേടകം മാതൃപേടകത്തില്‍നിന്ന് വിജയകരമായി വേര്‍പെടുത്തി. പിന്നീട് ഇവ പുനഃസന്ധിച്ച ശേഷം മാര്‍ച്ച് 13ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങുകയായിരുന്നു.
1929 ജൂണ്‍ 10 ന് ചിക്കാഗോയിലാണ് ജെയിംസ് മക്ഡവിറ്റ് ജനിച്ചത്. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ മക്ഡവിറ്റ് 1951-ല്‍ എയര്‍ഫോഴ്‌സില്‍ ടെസ്റ്റ് പൈലറ്റായി ചേര്‍ന്നു. 1962 സെപ്റ്റംബറിലാണ് നാസ ബഹിരാകാശയാത്രികനായി മക്ഡവിറ്റിനെ തിരഞ്ഞെടുത്തത്.
തന്റെ കരിയറില്‍ മക്ഡിവിറ്റ് 14 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. 1965 ജൂണിലാണ് അദ്ദേഹം ജെമിനി 4 ദൗത്യത്തിന്റെ കമാന്‍ഡറായി ആദ്യമായി ബഹിരാകാശത്തേക്ക് പറന്നത്.
ബഹിരാകാശയാത്രികര്‍ക്ക് ബഹിരാകാശത്ത് ദീര്‍ഘനേരം താങ്ങാന്‍ കഴിയുമോ എന്ന് നിര്‍ണ്ണയിക്കുകയായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം, അതില്‍ അദ്ദേഹം വിജയിച്ചു. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ എഡ് വൈറ്റ് ബഹിരാകാശത്ത് നടന്ന ആദ്യത്തെ അമേരിക്കക്കാരനായി മാറി. അന്ന് ബഹിരാകാശ നടത്തത്തിനിടയില്‍ മക്ഡിവിറ്റ് പകര്‍ത്തിയ വൈറ്റിന്റെ ചിത്രങ്ങള്‍ ലോക പ്രശസ്തി നേടി.
തന്റെ ബഹിരാകാശ പേടകത്തിന് സമീപം ഭ്രമണം ചെയ്ത തിരിച്ചറിയപ്പെടാത്ത ആകാശ വസ്തു (യു.എഫ്.ഒ) കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തതിലൂടെ മക്ഡവിറ്റ് അന്ന് കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് ഒരു ബിയര്‍ കുപ്പിയുടെ ആകൃതിയായിരുന്നു. അന്യഗ്രഹ ജീവി സാന്നിധ്യമാണെന്ന മട്ടിൽ പല ഊഹാപോഹങ്ങൾക്കും അതു വഴിതെളിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് ജനലിലെ ബോൾട്ടുകളുടെ പ്രതിഫലനം മാത്രമാണെന്ന് തിരിച്ചറിഞ്ഞു.
ചന്ദ്രനില്‍ ഇറങ്ങാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും അഞ്ച് അപ്പോളോ ദൗത്യങ്ങളുടെ പ്രോഗ്രാം മാനേജരായിട്ടാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.