സ്വന്തം വീട് പണയപ്പെടുത്തി പാര്‍ട്ടി ഓഫീസ് പണിത നേതാവ്; അധികാര സ്ഥാനത്ത് എവിടെയും എത്താതെ പാച്ചേനി മടങ്ങി

 സ്വന്തം വീട് പണയപ്പെടുത്തി പാര്‍ട്ടി ഓഫീസ് പണിത നേതാവ്; അധികാര സ്ഥാനത്ത് എവിടെയും എത്താതെ പാച്ചേനി മടങ്ങി

കണ്ണൂര്‍: സ്വന്തം വീട് പണയപ്പെടുത്തി പാര്‍ട്ടി ഓഫീസ് പണിത നേതാവെന്ന നിലയിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന്‍ പാച്ചേനിയെ അടയാളപ്പെടുത്തുന്നത്.

അദ്ദേഹം ഡിസിസി പ്രസിഡന്റായിരുന്ന കാലത്താണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചത്. അവസാനം പണം തികയാതെ വന്നപ്പോള്‍ സ്വന്തം വീട് ബാങ്കില്‍ ഈടുവച്ച് വായ്പയെടുത്താണ് പാച്ചേനി കോണ്‍ഗ്രസ് ഓഫീസിന്റെ പണി പൂര്‍ത്തീകരിച്ചത്.

കടുത്ത കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനമെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സതീശന്റെ മനസ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. പാര്‍ലമെന്ററി പദവികളില്‍ എവിടെയും ഇല്ലാതെ മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് നിറഞ്ഞു നിന്നു.

കെ.എസ്.യു മുതല്‍ കെപിസിസിയില്‍ വരെ ഉന്നത സംഘടനാ പദവികളില്‍ എത്തിയിട്ടും തെരഞ്ഞെടുപ്പിന്റെ കടമ്പകള്‍ കടക്കാന്‍ സതീശന്‍ പാച്ചേനിക്ക് കഴിഞ്ഞില്ല. തീവ്രനിലപാടുള്ളവര്‍ നിറഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു സതീശന്റേത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന യുവ നേതാക്കളില്‍ പ്രധാനിയായിരുന്നു സതീശന്‍ പാച്ചേനിയെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. കെ.എസ്.യുവിലൂടെയാണ് സതീശന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.യു കെട്ടിപ്പെടുക്കാന്‍ അതിസാഹസികമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആന്റണി പറഞ്ഞു

ഊര്‍ജസ്വലനായ പൊതു പ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലര്‍ത്തിയിരുന്നു. സതീശന്റെ ബന്ധുമിത്രാദികളുടെയും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

താങ്ങാന്‍ കഴിയാത്ത വേദനയാണ് ഈ വേര്‍പാട് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം കെ.എസ്.യു കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. തനിക്ക് സ്നേഹനിധിയായ ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടമായത്. എല്ലാവരിലും നിന്ന് വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു സതീശന്റെത്.

ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു. പ്രതീകൂലമായ സാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനം നടത്തി വളര്‍ന്നു വന്ന നേതാവാണ്. പാര്‍ലമെന്റില്‍ മത്സരിച്ചപ്പോള്‍ നേരിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. ദൗര്‍ഭാഗ്യം ഒരു കൂടപ്പിറപ്പായി ഉണ്ടായിരുന്ന ഒരാളായിരുന്നു.

എന്നാല്‍ കൃത്യമായ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഒരു ഓഫീസ് വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടും സ്വന്തം വീട് പണയം വച്ചാണ് ഓഫീസ് പൂര്‍ത്തികരിച്ചതെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.