നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; തീവ്രവാദികളുടെ ക്രൂരതയില്‍ പൊലിഞ്ഞത് എഴുപതോളം പേര്‍

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; തീവ്രവാദികളുടെ ക്രൂരതയില്‍ പൊലിഞ്ഞത് എഴുപതോളം പേര്‍

അബൂജ: നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ ഫുലാനി തീവ്രവാദികള്‍ എഴുപതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. കഴിഞ്ഞയാഴ്ച ബെന്യു സംസ്ഥാനത്തെ ഉക്കും പ്രവിശ്യയിലാണ് ക്രൂരമായ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, ഗ്‌ബെജി ഗ്രാമത്തിലെ 70-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ഉക്കും ലോക്കല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ടെറമ്പൂര്‍ കാര്‍ത്യോ പറഞ്ഞു. ഉദേയ്, യെലെവാട്ട എന്നീ ഗ്രാമങ്ങളില്‍ ഫുലാനി തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ നൂറിലധികം ക്രൈസ്തവര്‍ക്കു പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ഗ്‌ബെജി പട്ടണത്തില്‍ 56 ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ഉക്കും പ്രദേശവാസിയായ ബെഡെ ബര്‍ത്തലോമിയോയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരയായവരില്‍ മുപ്പത്തിയാറോളം പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു മോര്‍ച്ചറിയിലേക്കു കൊണ്ടുപോയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഫുലാനി ഇടയന്മാര്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസിയായ ടെറന്‍സ് ക്വാനം പറഞ്ഞു.

ഫെഡറല്‍ ഗവണ്‍ന്മെന്റിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ തുടരാന്‍ കാരണമെന്നും അതുകൊണ്ട് ജനങ്ങള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും പ്രാദേശിക സര്‍ക്കാര്‍ പറഞ്ഞു.

ഗുമ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയിലെ ദൗഡുവില്‍ ചൊവ്വാഴ്ച കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന ഫിലിപ്പ് തവെര്‍ഷിമ ത്യോഹെന്ന എന്നയാളെ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി. അതിനും ഒരാഴ്ചമുമ്പ് യെലെവാട്ടയില്‍ അഞ്ച് ക്രിസ്ത്യാനികളെ കൊലപ്പെടുത്തി. അതേ ആക്രമണത്തില്‍ ആറു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തതായി ഗുമ ലോക്കല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ അംഗമായ വാക്കു ക്രിസ്റ്റഫര്‍ പറഞ്ഞു.

ആക്രമണത്തെതുടര്‍ന്ന് ബെന്യൂ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു. ആക്രമണം തടയാന്‍ ഫെഡറല്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍, പൗരന്മാരുടെ പ്രതിരോധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

'സ്വയം പ്രതിരോധിക്കാനായി തങ്ങളുടെ വോളണ്ടിയര്‍ ഗാര്‍ഡുകള്‍ക്ക് എകെ 47 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ബെന്യൂ ഗവര്‍ണര്‍ സാമുവല്‍ ഓര്‍ത്തോമിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഗവണ്‍മെന്റ് സെക്രട്ടറി ആന്റണി ഇജോഹോര്‍ പറഞ്ഞു.

വടക്കന്‍ നൈജീരിയയില്‍ കൂടുതലായി കാണപ്പെടുന്ന നാടോടികളായ ഫുലാനി ഇടയ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ഫുലാനി തീവ്രവാദികള്‍ ക്രിസ്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് ഭീഷണിയാണ്. തീവ്രവാദികള്‍ പലപ്പോഴും ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ കൃഷിയിടങ്ങള്‍ കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നു.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍, 2021 ജൂണില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 11 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അഞ്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.

2021 ജൂണ്‍ 17-ന് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സിലെ അംഗങ്ങളായ തീവ്രവാദികള്‍ കെബി സ്റ്റേറ്റിലെ ഫെഡറല്‍ ഗവണ്‍മെന്റ് ഗേള്‍സ് കോളജില്‍ നിന്ന് 70 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന്, 59 വിദ്യാര്‍ത്ഥികളെ മോചിതരാക്കുകയും മറ്റ് 11 പേരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹൗവ മുസ്തഫ ബാബുറ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കെബി സംസ്ഥാന വക്താവ് യഹയ സര്‍ക്കി പറഞ്ഞു.

ഓപ്പണ്‍ ഡോര്‍സ് എന്ന എന്‍.ജി.ഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ നൈജീരിയയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 4,650 ആണ്. മുന്‍ വര്‍ഷം ഇത് 3,530 ആയിരുന്നു. 2,500-ലധികം പേരെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 990 ആയിരുന്നു.

ആക്രമണത്തിനിരയായ പള്ളികളുടെ എണ്ണത്തില്‍ നൈജീരിയ ചൈനയെ പിന്നിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 470 കേസുകളാണ് പള്ളി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായത്.

ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് റിപ്പോര്‍ട്ട് പ്രകാരം, ക്രിസ്ത്യാനിയായിട്ട് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയ കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.