ന്യൂഡല്‍ഹി: സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് രാജ്യം തദ്ദേശീയമായി നിര്‍മ്മിക്കും. ഗുജറാത്തിലെ വഡോദരയില്‍ ടാറ്റ-എയര്‍ബസാണ് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുകയെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ അറിയിച്ചു. 40 എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനു പുറമേ ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കും കയറ്റുമതി ചെയ്യുന്നതിനും വേണ്ടി അധിക വിമാനങ്ങളും നിര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്പാനിഷ് എയ്‌റോസ്‌പേസ് കമ്പനിയായ സിഎഎസ്എ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വിമാനമാണ് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്. അടിസ്ഥാനപരമായി ഒരു മീഡിയം ടാക്ടിക്കല്‍ എയര്‍ക്രാഫ്റ്റാണിത്. ഭൂരിഭാഗം സി-295 എയര്‍ക്രാഫ്റ്റുകളും സ്പെയ്നിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പുമായുള്ള പ്രത്യേക ഉടമ്പടി പ്രകാരം ഓവര്‍സീസ് ഉല്‍പാദനവും ആരംഭിച്ചിരുന്നു.
വൈവിധ്യമാര്‍ന്ന പല ദൗത്യങ്ങളും ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്ന ഒരു എയര്‍ക്രാഫ്റ്റ് കൂടിയാണിത്. മാരിടൈം പട്രോളിങ്, മെഡിക്കല്‍ ഇവാക്വേഷന്‍, ഇലക്ട്രോണിക് സിഗ്നല്‍ ഇന്റലിജന്‍സ്, കാര്‍ഗോ ഡ്രോപ്പിംഗ്, പാരച്യൂട്ട് എന്നീ ദൗത്യങ്ങള്‍ നിറവേറ്റാന്‍ സി-295 എയര്‍ക്രാഫ്റ്റിന് സാധിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടി വരുന്ന ചില സജ്ജീകരണങ്ങള്‍ വിവിധ പല്ലെറ്റുകളിലായാണ് വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വിമാനത്തില്‍ നിന്ന് നീക്കം ചെയ്യാനും കഴിയും.
ഇന്ത്യയും സിഎഎസ്എയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം രാജ്യത്തിന് ലഭിക്കേണ്ട 56 വിമാനങ്ങളില്‍ 16 സി-295 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കാണ് നല്‍കുന്നത്.
ശേഷിക്കുന്ന 40 എണ്ണമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് മുഖേന തദ്ദേശീയമായി നിര്‍മ്മിക്കുക. 2021 സെപ്റ്റംബറിലായിരുന്നു ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ ഇന്ത്യയുടെ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി അംഗീകാരം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.