മോസ്‌കോ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും അപകടകരവും പ്രവചനാതീതവുമായ ദശാബ്ദത്തെയാണ് ലോകം അഭിമുഖീകരിക്കാനൊരുങ്ങുന്നതെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആഗോള മേധാവിത്വത്തിനായി പാശ്ചാത്യ ലോകം 'വൃത്തികെട്ട ഗെയിം' കളിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. മോസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര നയ വിദഗ്ധരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
ഫെബ്രുവരി 24-ന് ആരംഭിച്ച ഉക്രെയ്ന്‍ അധിനിവേശം ഒന്‍പതാം മാസത്തിലേക്കു കടന്നിരിക്കെ, അടുത്തിടെ നടന്നതില്‍ പുടിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പൊതുപരിപാടികളില്‍ ഒന്നായിരുന്നു ഈ സമ്മേളനം.
പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ വാക്കുകളാല്‍ രൂക്ഷമായ ആക്രമണമാണ് പുടിന്‍ കോണ്‍ഫറന്‍സില്‍ നടത്തിയത്. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം അടുത്ത കാലത്തൊന്നും അയയില്ലെന്നും അത് വീണ്ടും വര്‍ധിക്കുമെന്നും സൂചന നല്‍കുന്നതാണ് പുടിന്റെ പ്രകോപനപരമായ വാക്കുകള്‍. ഉക്രെയ്‌നില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുമ്പോഴും സംഘര്‍ഷം എന്ന് അവസാനിക്കുമെന്ന്് സൂചനയൊന്നും നല്‍കുന്നില്ല. യുദ്ധത്തെയും റഷ്യയെയും എതിര്‍ക്കുന്ന രാജ്യങ്ങളുടെ മേല്‍ പഴി ചാരുക മാത്രമാണ് പുടിന്റെ ലക്ഷ്യം.
അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അവരുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. യുദ്ധത്തിനു പ്രേരിപ്പിക്കും വിധമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഈ ആധിപത്യ മത്സരം അപകടകരവും വൃത്തികെട്ടതും രക്തരൂഷിതവുമെന്നാണ് പുടിന്‍ അഭിപ്രായപ്പെട്ടത്.
'ലോകമെമ്പാടും അരാജകത്വം വിതച്ച വൃത്തികെട്ട ഗെയിമാണിത്. ലോക കാര്യങ്ങളില്‍ പാശ്ചാത്യരുടെ ആധിപത്യത്തിന്റെ ചരിത്ര കാലഘട്ടം അവസാനിക്കുകയാണ്. തങ്ങള്‍ ഒരു നിര്‍ണായകമായ ഘട്ടത്തിലാണ് നില്‍ക്കുന്നത്: രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും അപകടകരവും പ്രവചനാതീതവും അതേ സമയം പ്രധാനപ്പെട്ടതുമായ ദശകമാണ് മുന്നിലുള്ളതെന്ന് പുടിന്‍ മുന്നറിയിപ്പു നല്‍കി.
ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചതില്‍ തനിക്ക് ഖേദമില്ലെന്നും പുടിന്‍ നിലപാട് വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ ആഗോള ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതു സംഘര്‍ഷമായി വളര്‍ത്താന്‍ ശ്രമിച്ചു. ഉക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, രാഷ്ട്രീയപരമായും സൈനിക പരമായും അത്തരമൊരു ഉദ്ദേശം ഇല്ലെന്നും കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മനുഷ്യരാശിയോട് അവരുടെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിട്ടും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങളെ സഹിക്കാനോ അംഗീകരിക്കാനോ ഭൂരിപക്ഷം രാഷ്ട്രങ്ങളും തയ്യാറല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യരുടെ നയങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത്. കാറ്റ് വിതയ്ക്കുന്നവന്‍ ചുഴലിക്കാറ്റ് കൊയ്യുമെന്ന ഭീഷണിയും പുടിന്‍ ഉയര്‍ത്തുന്നുണ്ട്.
മോസ്‌കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് പുടിന്‍ സംസാരിച്ചത്. റഷ്യന്‍ അനുകൂല നയവിശകലന സംഘടനയാണ് വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.