ഗിനിയയില്‍ തടഞ്ഞുവച്ച കപ്പലിലെ ചീഫ് ഓഫീസര്‍ സനു ജോസ് അറസ്റ്റില്‍; നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറാന്‍ നീക്കം; മോചിപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി എംബസി

ഗിനിയയില്‍ തടഞ്ഞുവച്ച കപ്പലിലെ ചീഫ് ഓഫീസര്‍ സനു ജോസ് അറസ്റ്റില്‍; നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറാന്‍ നീക്കം; മോചിപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി എംബസി

 ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടഞ്ഞുവച്ച കപ്പലിലെ ചീഫ് ഓഫീസറായ മലയാളി കൊച്ചി സ്വദേശി സനു ജോസ് അറസ്റ്റില്‍. കപ്പലിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന നിലയിലാണ് സനു ജോസിനെ അറസ്റ്റ് ചെയ്തത്. ഗിനിയ നാവികസേനാ കപ്പലിലേക്കു മാറ്റിയ സനുവിനെ നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. 

തടവിലായ മറ്റ് നാവികരെ തടവു കേന്ദ്രത്തില്‍ നിന്ന് കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. നാവികരുമായി ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും നാവികരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായും ഗിനിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പലിലെ 26 ജീവനക്കാരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഗിനിയയില്‍ തടവിലാക്കിയത്. ഇവരില്‍ 16 പേര്‍ ഇന്ത്യക്കാരും ഒരാള്‍ പോളണ്ടുകാരനും ഒരാള്‍ ഫിലിപ്പൈന്‍ സ്വദേശിയും എട്ടുപേര്‍ ശ്രീലങ്കക്കാരുമാണ്. തടവിലായവരില്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തും ഉള്‍പ്പെടുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്.

നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരന്‍ നിലമേല്‍ കൈതോട് സ്വദേശി വിജിത്ത്. കൊച്ചി സ്വദേശിയായ മില്‍ട്ടനും കപ്പലിലുണ്ട്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം. കപ്പല്‍ നൈജീരിയയില്‍ ചെന്നപ്പോള്‍ സാങ്കേതിക തടസംമൂലം താമസമുണ്ടെന്ന് അറിയിച്ചു. അതോടെ ഇവര്‍ നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുകയായിരുന്നു. 

ഇതിനിടെ കപ്പലിനടുത്തേക്ക് ഒരുബോട്ട് എത്തി. ഇതുകണ്ട വിജിത്ത് ക്യാപ്റ്റനെ വിവരമറിയിച്ചു. കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ച്ചാലിലേക്ക് മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് അറസ്റ്റ് എന്നും പറഞ്ഞു.

അറസ്റ്റ് നടന്നിട്ട് ഇപ്പോള്‍ മൂന്നുമാസമായി. തുടര്‍ന്ന് വിശദാന്വേഷണം നടന്നു. രണ്ടു മില്യണ്‍ യു.എസ്.ഡോളര്‍ പിഴയായി ആവശ്യപ്പെട്ടു. ഈ തുക ഒ.എസ്.എം. മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചില്ല. കമ്പനി നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്തശേഷം കപ്പല്‍ജീവനക്കാരെ ഒരു വില്ലയിലേക്ക് മാറ്റി. കമ്പനി പിഴയടച്ചതോടെ അവിടെനിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.