അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി ചൈനയിൽ സഹായ മെത്രാന്റെ സ്ഥാനാരോഹണം: എതിർപ്പ് അറിയിച്ച് വത്തിക്കാൻ

അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി ചൈനയിൽ സഹായ മെത്രാന്റെ സ്ഥാനാരോഹണം: എതിർപ്പ് അറിയിച്ച് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: ചൈനയിലെ ജിയാങ്സി എന്ന അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി ജോൺ പെങ് വെയ്‌ഷാവോ എന്ന സഹായമെത്രാനെ സ്ഥാനാരോഹണം ചെയ്ത ചൈനീസ് സർക്കാരിന്റെ നടപടിയെ നിശിതമായി വിമർശിച്ച് വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ നേരത്തെ യുജിയാങിലെ മെത്രാനായി നിയമിച്ച അദ്ദേഹത്തെ നിലവിൽ വത്തിക്കാന്റെ അനുമതിയില്ലാതെ ജിയാങ്സി രൂപതയ്ക്ക് വേണ്ടി നിയമിച്ചതാണ് വിവാദമായത്.

ആശ്ചര്യത്തോടും, വേദനയോടും കൂടിയാണ് ഈ നടപടിയെ നോക്കിക്കാണുന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. വത്തിക്കാനും ചൈനയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ സംവാദത്തിന്റെ ആത്മാവിനും 2018 സെപ്തംബർ 22 ലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള താൽക്കാലിക കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിനും അനുസൃതമായ നടപടിയല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

സ്ഥാനാരോഹണത്തിന് മുമ്പായി ചടങ്ങ് നടത്താൻ പ്രാദേശിക അധികാരികളിൽ നിന്നും നീണ്ടതും ശക്തവുമായ സമ്മർദ്ദം ഉണ്ടായതായും വത്തിക്കാൻ പ്രസ്താവനയിൽ റിപ്പോർട്ട് ചെയ്തു. അധികാരികളിൽ നിന്നുള്ള ഉചിതമായ മറുപടിക്കായി കാത്തിരിക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള സംഭവം ഭാവിയിൽ ആവർത്തിക്കാതിരിക്കട്ടെയെന്ന പ്രതീക്ഷയും വത്തിക്കാൻ പ്രകടിപ്പിച്ചു.

പൊതുവായ താല്പര്യങ്ങൾക്ക് വേണ്ടി ബഹുമാനപൂർവ്വമുള്ള സംവാദം തുടരുന്നതിനു വേണ്ടിയുള്ള പൂർണ്ണമായ സന്നദ്ധത വത്തിക്കാൻ അറിയിച്ചു. ജിയാങ്സി രൂപതയുടെ അതിര് വത്തിക്കാന്റെ അനുമതിയില്ലാതെ ചൈനീസ് സർക്കാരാണ് നിർണയിച്ചത്. യുജിയാങ് രൂപതക്കുവേണ്ടി 2014 ഫ്രാൻസിസ് മാർപാപ്പ നിയമാനുസൃതമായി നിയമിക്കുകയും ജോൺ പെങ്ങ് ആറുമാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ജിയാങ്‌സി പ്രൊവിൻഷ്യൽ കാത്തലിക് എജ്യുക്കേഷണൽ അഫയേഴ്‌സ് കമ്മിറ്റിയുടെ സമ്മതത്തോടെയും ചൈനീസ് കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ അംഗീകാരത്തോടെയും നവംബർ 24 ന് പെങ്ങിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നുവെന്ന് ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.

സോഷ്യലിസ്റ്റ് സമൂഹവുമായി പൊരുത്തപ്പെടാൻ കത്തോലിക്കാ മതത്തെ നയിക്കാനും ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവനത്തെക്കുറിച്ചുള്ള സ്വപ്നത്തിന് സംഭാവന നൽകാനും പെംഗ് പ്രതിജ്ഞയെടുത്തുവെന്നായിരുന്നു സർക്കാർ അംഗീകൃത കാത്തലിക് അസോസിയേഷന്റെ പ്രസ്താവന.

പ്രാദേശിക മെത്രാനായ ജോൺ ബാപ്റ്റിസ്റ്റ് ലീയുടെ നേതൃത്വത്തിൽ നഞ്ചാങിൽ നടന്ന അദ്ദേഹത്തിന്റെ പുതിയ മെത്രാഭിഷേക ചടങ്ങിൽ ഏകദേശം ഇരുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വത്തിക്കാന്റെ പൊതു അംഗീകാരം ലഭിക്കാത്ത ചൈനീസ് ബിഷപ്പുമാരുടെ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മെത്രാനാണ് ലീ.

വത്തിക്കാന്റെയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെയും പ്രതിനിധികൾ 2018 സെപ്തംബർ 22 നാണ് മെത്രാന്മാരെ സ്ഥാനാരോഹണ ചെയ്യുന്നത് സംബന്ധിച്ചുള്ള താൽകാലിക ഉടമ്പടി ആദ്യം ഒപ്പുവെച്ചത്. രണ്ട് വർഷത്തെക്കുള്ള ഈ കരാറിന്റെ നിബന്ധനകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

പിന്നീട് 2020 ഒക്ടോബറിൽ കരാറിന്റെ സാധുത രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയും 2022 ഒക്ടോബർ 22 ന് വീണ്ടും രണ്ട് വർഷത്തേക്ക് കൂടി പുതുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വത്തിക്കാൻ - ചൈന കരാറിന്റെ കടുത്ത വിമർശകനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ ചൈനയിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരൻ ആണെന്ന് ഹോങ്കോങ്ങിലെ കോടതി വിധിച്ചിരുന്നു.

4000 ഹോങ്കോങ് ഡോളർ കർദ്ദിനാൾ സെൻ പിഴത്തുകയായി നൽകണമെന്നായിരുന്നു വിധി. ഇതിന് പിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായീകരിക്കാൻ സാധിക്കാത്ത നടപടി ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.