രണ്ട് ഹോട്ടലുകൾ കൂടി ചരിഞ്ഞു; ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 800 കടന്നു

രണ്ട് ഹോട്ടലുകൾ കൂടി ചരിഞ്ഞു; ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 800 കടന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കൂടുതല്‍ കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. ഇതോടെ വിള്ളല്‍ കണ്ടെത്തിയ കെട്ടിടങ്ങളുടെ എണ്ണം 826 കടന്നതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഇതില്‍ 165 എണ്ണം അതീവ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തി. 223 കുടുംബങ്ങളെ ഇതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകകയാണ്.

ഇതിന് പുറമെ മറ്റ് രണ്ട് കെട്ടിടങ്ങള്‍ കൂടി പരസ്പരം ചാഞ്ഞ് നില്‍ക്കുന്നതായി കണ്ടെത്തി. സ്‌നോ ക്രസ്റ്റ്, കോമറ്റ് എന്നീ ഹോട്ടലുകളാണ് അപകടാവസ്ഥയിലുള്ളത്. ജോഷിമഠിലെ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി.

മംഗേഷ് ഗില്‍ഡിയലിന്റെ നേത്യത്വത്തില്‍ എത്തിയ സംഘം പ്രശ്‌ന ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. മനോഹര്‍ ബാഗിലെ കെട്ടിടങ്ങളും റോപ് വേ അടക്കമുള്ളവയുടെയും സ്ഥിതി സംഘം പരിശോധിച്ചു.

ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലുള്‍പ്പടെ റോഡിലും കെട്ടിടങ്ങളിലും രൂപപ്പെട്ട വിള്ളലുകളില്‍ ഹിമാചല്‍ മുഖ്യമന്ത്രി ആശങ്ക അറിയിച്ചു. സംസ്ഥാനത്തിന് അനുവദിക്കുന്ന ദുരന്ത നിവാരണ ഫണ്ട് കൂട്ടണമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാനത്തും ജോഷിമഠിലെ സ്ഥിതി ആവര്‍ത്തിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.