'മാര്‍ച്ച് ഫോര്‍ ലൈഫ്': ലോകത്തിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിക്കൊരുങ്ങി അമേരിക്ക

'മാര്‍ച്ച് ഫോര്‍ ലൈഫ്': ലോകത്തിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിക്കൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ പ്രോ ലൈഫ് മാര്‍ച്ചിന് ഒരുങ്ങി അമേരിക്ക. തലസ്ഥാന നഗരിയായ വാഷിംഗ്ടണില്‍ സംഘടിപ്പിക്കുന്ന 50-ാമത് നാഷണല്‍ 'മാര്‍ച്ച് ഫോര്‍ ലൈഫി'ന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്ത് ഗര്‍ഭച്ഛിദ്ര സംസ്‌ക്കാരം ഇല്ലാതാക്കി പ്രോ ലൈഫ് അമേരിക്ക സാധ്യമാക്കാകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം. 'മാര്‍ച്ച് ഫോര്‍ ലൈഫ്' ജനുവരി 20നാണെങ്കിലും അതിനോട് അനുബന്ധിച്ചുള്ള ആത്മീയ ശുശ്രൂഷകള്‍ക്ക് ജനുവരി 19 ന് വൈകിട്ട് തുടക്കമാകും.

ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കിക്കൊണ്ട് 'റോ വേഴ്സസ് വേഡ്' കേസില്‍ 1973ല്‍ യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി തിരുത്തിക്കുറിച്ചശേഷമുള്ള ആദ്യത്തെ 'മാര്‍ച്ച് ഫോര്‍ ലൈഫി'നാണ് യു.എസ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്നും ഗര്‍ഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരം ഫെഡറല്‍ സര്‍ക്കാരിനില്ലെന്നും മറിച്ച് സംസ്ഥാനങ്ങള്‍ക്കാണെന്നുമുള്ള വിധി 2022 ജൂണിലാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.


ജനുവരി 19 വൈകിട്ട് 5 ന് അര്‍പ്പിക്കുന്ന പ്രാരംഭ ദിവ്യബലിയില്‍ പ്രോ ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബിഷപ്സ് കൗണ്‍സില്‍ ചെയര്‍മാനും അര്‍ലിംഗ്ടണ്‍ ബിഷപ്പുമായ മൈക്കിള്‍ ബുര്‍ബിഡ്ജ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 7 മുതല്‍ 8 വരെ 'ജീവനുവേണ്ടിയുള്ള തിരുമണിക്കൂര്‍' ആരാധനയും രാത്രി 8 മുതല്‍ 20 രാവിലെ 8 വരെയുള്ള ദിവ്യകാരുണ്യ ആരാധനയും രാജ്യമെമ്പാടുമുള്ള വിവിധ രൂപതകളിലായാണ് നടക്കുക.

20 ന് രാവിലെ 8 ന് അര്‍പ്പിക്കുന്ന സമാപന ദിവ്യബലിക്ക് മിലിട്ടറി സര്‍വീസിനുവേണ്ടിയുള്ള അതിരൂപതയുടെ സഹായമെത്രാന്‍ ജോസഫ് കോഫെ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് റാലിക്ക് തുടക്കമാകും. തുടര്‍ന്ന് ഒരുമണിയ്ക്ക് ആരംഭിക്കുന്ന മാര്‍ച്ച് പതിവുപോലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവഴി കാപ്പിറ്റോള്‍ കെട്ടിടത്തിനും യു.എസ് സുപ്രീം കോടതി കെട്ടിടത്തിനും മധ്യേയാണ് സമാപിക്കുക.

മുന്‍ വര്‍ഷങ്ങളില്‍ സുപ്രീം കോടതിക്ക് മുന്നിലായിരുന്നു മാര്‍ച്ച് സമാപിച്ചിരുന്നത്. 'റോ വേഴ്സസ് വേഡ്' വിധി തിരുത്തിക്കുറിച്ച സാഹചര്യത്തിലാണ് ഇത്തവണ ഇതില്‍ മാറ്റമുണ്ടായത്. മാര്‍ച്ചില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാര്‍ഡ് പ്രദര്‍ശനങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്തോത്രങ്ങള്‍ അര്‍പ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു.

മാര്‍ച്ചിനുശേഷം 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രവര്‍ത്തകര്‍ തങ്ങളുടെ സെനറ്റര്‍മാരുമായും ജനപ്രതിനിധി സഭാംഗങ്ങളുമായും ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കും. വിഖ്യാത ബൈബിള്‍ പരമ്പരയായ 'ദ ചോസണി'ല്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ജോനാഥന്‍ റൂമി, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ സി.ഇ.ഒ ഫ്രാങ്ക്ളിന്‍ ഗ്രഹാം, അമേരിക്കന്‍ ഫുട്ബോള്‍ കോച്ച് ടോണി ഡങ്കി- വിദ്യാഭ്യാസ വിദഗ്ദ്ധ ലോറെന്‍ ഡങ്കി ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇത്തവണ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

പ്രോ ലൈഫ് മാര്‍ച്ചിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്ക്

ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

റോ vs വേഡ് VS മാർച്ച് ഫോർ ലൈഫ്

പിറക്കാതെ പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾക്ക് റോസാപ്പൂക്കൾ അർപ്പിച്ച് പ്രൊ ലൈഫ് റാലി




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.