ബജറ്റ് നാളെ: തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ജനപ്രിയമായേക്കും; നികുതി വര്‍ധന ഉണ്ടായേക്കില്ല

ബജറ്റ് നാളെ: തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ജനപ്രിയമായേക്കും; നികുതി വര്‍ധന ഉണ്ടായേക്കില്ല

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ദ്രൗപദി മുര്‍മുവിന്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമായിരിക്കും ഇന്നത്തേത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നാളെയാണ് ബജറ്റ് അവതരണം. രാവിലെ 11ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാൽ ഏറെക്കുറെ ജനപ്രിയമായേക്കുമെന്നാണ് പ്രതീക്ഷ. നികുതി വര്‍ധനവിനുള്ള നിർദ്ദേശങ്ങൾ ഉണ്ടായേക്കില്ല.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച വ്യാഴാഴ്ച ഇരുസഭകളിലും ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. നന്ദിപ്രമേയം പരിഗണിച്ച ശേഷമായിരിക്കും ബജറ്റ് ചര്‍ച്ച. ആദ്യത്തെ രണ്ട് ദിവസങ്ങളിലും ചോദ്യോത്തര വേളയും ശൂന്യ വേളയും ഉണ്ടായിരിക്കില്ലെന്ന് പാര്‍ലമെന്റ് ബുള്ളറ്റിനില്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. 

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 66 ദിവസങ്ങളിലായി 27 സിറ്റിങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്തമാസം 13 വരെയാണ് ചേരുന്നത്. തുടര്‍ന്ന് 14 മുതല്‍ മാര്‍ച്ച് 13 വരെ ഇടവേളയാണ്. ഇക്കാലയളവില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. തുടര്‍ന്ന് മാര്‍ച്ച് 13ന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ ആറുവരെ നീണ്ട് നില്‍ക്കും.

ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങൾ സമ്മേളനം പ്രക്ഷുബ്ധമാക്കും. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് ആദ്യ ദിവസം തന്നെ ഇത് ഉന്നയിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. 

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സി.പി.എം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോൺഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി തിങ്കളാഴ്ചയായിരുന്നു സര്‍വകക്ഷിയോഗം ചേര്‍ന്നത്. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭാ ഉപനേതാവ് രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഭാ കക്ഷി നേതാവ് പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ അര്‍ജുന, രാം മെഗ്‌വാള്‍, വി. മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ടി.എം.സി. നേതാക്കളായ സുദീപ് ബന്ദോപാധ്യായ, സുകേന്ദു ശേഖര്‍ റേ, ടി.ആര്‍.എസ്. നേതാക്കളായ കെ. കേശവ റാവു, നമ നഗേശ്വര റാവു തുടങ്ങിയവരും പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.